ദേശീയപാത നിർമാണത്തിൽ രൂക്ഷ വിമർശനവുമായി പിഎസി: സമഗ്ര ഓഡിറ്റ് വേണമെന്ന് ശുപാര്‍ശ

ന്യൂഡൽഹി: കേരളത്തിലെ ദേശീയപാത നിർമാണത്തിൽ രൂക്ഷ വിമർശനവുമായി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി. ദേശീയപാത അതോറിറ്റിയുടെ പ്രവർത്തനത്തിൽ സമഗ്ര ഓഡിറ്റ് വേണമെന്ന് പിഎസി ശുപാര്‍ശ ചെയ്തു. ഈ വിഷയം സംബന്ധിച്ചുള്ള റിപ്പോർട്ട് പാർലമെന്‍റിൽ സമര്‍പ്പിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തും ഡിസൈൻ തീരുമാനിക്കുമ്പോൾ എംപിമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളും സംസ്ഥാന വിദഗ്ധരുമായും വിശാല കൂടിയാലോചന വേണം.

കൂരിയാട് ദേശീയപാത ഡിസൈനിൽ തകരാറ് ഉണ്ടായിട്ടുണ്ട് എന്ന് ദേശീയപാത അതോറിറ്റി സമ്മതിച്ചതായി റിപ്പോർട്ടില്‍ പറയുന്നുണ്ട്. വീഴ്ച്ചകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വീഴ്ച വരുത്തിയ കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തി ഭാവിയിൽ കരാറുകള്‍ നല്‍കരുതെന്നും ശുപാർശ ചെയ്തു.

തീരെ കുറഞ്ഞ തുകയ്ക്ക് ഉപകരാറുകൾ നല്‍കുന്നതിൽ പിഎസി ആശങ്ക രേഖപ്പെടുത്തി. കടമ്പാട്ടുകോണം- കഴക്കൂട്ടം പാതയ്ക്ക് കരാറെടുത്തത് 3684 കോടി രൂപയ്ക്കാണ്. അതേസമയം ഉപകരാർ നല്‍കിയത് 795 കോടിക്കും. കേരളത്തിൽ ഉപകരാറുകളുടെ ശരാശരി എടുത്താൽ ടെൻഡർ തുകയുടെ 54 ശതമാനം മാത്രമാണെന്നും സമിതി കണ്ടെത്തി.

ഗതാഗത മന്ത്രാലയം ഉപകരാറുകളുടെ വിശദമായ വിലയിരുത്തൽ നടത്തണമെന്നും ഡിസൈൻ തയ്യാറാക്കാനും അംഗീകരിക്കാനുമുള്ള സംവിധാനം ദേശീയപാത അതോറിറ്റിക്ക് വേണമെന്നും പിഎസി ശുപാര്‍ശ ചെയ്തു. അതോടൊപ്പം ടോൾ നിശ്ചയിക്കാൻ പ്രത്യേക നിയന്ത്രണ അതോറിറ്റി രൂപീകരിക്കണമെന്നും പിഎസി റിപ്പോർട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *