അനൂപ് മേനോന്‍ സിനിമ ഉറപ്പ്, ജിത്തു മാധവന്‍ ചിത്രം അനിശ്ചിതത്വത്തില്‍; മോഹന്‍ലാലിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകള്‍

കൈ നിറയെ കിടിലന്‍ പ്രൊജക്ടുകളാണ് സൂപ്പര്‍താരം മോഹന്‍ലാലിനു 2025 ലും 2026 ലും ഉള്ളത്. മമ്മൂട്ടി ചിത്രം ‘പാട്രിയോട്ട്’ മുതല്‍ രജനികാന്ത് ചിത്രം ‘ജയിലര്‍ 2’ വരെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയാകുന്ന സിനിമകളും മോഹന്‍ലാലിനുണ്ട്.

മഹേഷ് നാരായണന്‍ ചിത്രം ‘പാട്രിയോട്ടി’ല്‍ കാമിയോ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ചില രംഗങ്ങളും മോഹന്‍ലാലിനുണ്ട്. ഈ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. 2026 ലായിരിക്കും റിലീസ്. പാട്രിയോട്ടിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘ഹൃദയപൂര്‍വ്വം’ ആണ് മോഹന്‍ലാലിന്റേതായി തിയറ്ററുകളിലെത്താന്‍ പോകുന്ന അടുത്ത ചിത്രം. സോനു ടി.പിയുടേതാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. റിലീസ് ഓഗസ്റ്റ് 28 ന്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യന്‍ (കഥ), അനൂപ് സത്യന്‍ (അസോസിയേറ്റ് ഡയറക്ടര്‍) എന്നിവരും ഹൃദയപൂര്‍വ്വത്തിന്റെ ഭാഗമാണ്.

അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും മോഹന്‍ലാല്‍ നായകനാകും. കൊല്‍ക്കത്തയിലെ ദുര്‍ഗാപൂജ ആസ്പദമാക്കിയുള്ള രംഗങ്ങളടക്കം ഈ ചിത്രത്തില്‍ ഉണ്ട്. അതിനാല്‍ 2026 ലായിരിക്കും ചിത്രീകരണം ആരംഭിക്കുക. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ റൊമാന്‍സിനായിരിക്കും പ്രാധാന്യം.

കൃഷാന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ലാല്‍ നായകനാകും. മണിയന്‍പിള്ള രാജുവാണ് നിര്‍മാണം. ഈ വർഷം അവസാനത്തോടെ കൃഷാന്ദ് – മോഹന്‍ലാല്‍ ചിത്രം ആരംഭിക്കുമെന്നാണ് വിവരം. ആവാസവ്യൂഹം, പുരുഷപ്രേതം, സംഘര്‍ഷ ഘടന എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് കൃഷാന്ദ്.

ജയിലര്‍ ആദ്യ ഭാഗത്തില്‍ ലാല്‍ അവതരിപ്പിച്ച മാത്യു എന്ന കഥാപാത്രത്തെ ജയിലര്‍ 2 വിലും കാണാം. ആദ്യ ഭാഗത്തേക്കാള്‍ ദൈര്‍ഘ്യം രണ്ടാം ഭാഗത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ജയിലര്‍ 2 ചിത്രീകരണത്തിനായി മോഹന്‍ലാല്‍ ചെന്നൈയില്‍ പോയിരുന്നു.

അതേസമയം ‘ആവേശം’ സംവിധായകന്‍ ജിത്തു മാധവന്റെ പ്രൊജക്ടില്‍ ലാല്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ജിത്തു മാധവന്‍ ചിത്രം താല്‍ക്കാലികമായി ഉപേക്ഷിച്ചെന്ന് ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *