യു എസ് അധിക തീരുവ: ഇന്ത്യക്കില്ലാത്ത ഇളവ് ചൈനയ്ക്ക്; ഉടൻ വ്യാപാരക്കരാറെന്നും ട്രംപ്

ചൈനക്ക് അധിക തീരുവയിൽ ആനുകൂല്യം നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ചൈനീസ് ഉൽപ്പന്നങ്ങൾക്കുള്ള അധിക ഇറക്കുമതി തീരുവ 90 ദിവസത്തേക്ക് പ്രസിഡന്റ് ട്രംപ് മരവിപ്പിച്ചു. ചൈനക്കെതിരെ ഇന്ന് മുതൽ 145 ശതമാനം തീരുവ പ്രാബല്യത്തിൽ വരേണ്ട തീരുമാനമാണ് നവംബർ വരെ നീട്ടിയത്. ചൈനക്ക് മേൽ ഇനി 30 ശതമാനം തീരുവയാണ് ചുമത്തിയിട്ടുള്ളത്. അമേരിക്കൻ ഉല്പന്നങ്ങൾക്ക് ചൈന 10 ശതമാനം തീരുവ ചുമത്താനുമാണ് തീരുമാനം.

അധിക തീരുവയുടെ പേരിൽ ഇന്ത്യയുമായുള്ള ബന്ധത്തിൽ സാരമായ ഉലച്ചിലുണ്ടായതിന് പിന്നാലെയാണ് ചൈനയുമായി അമേരിക്ക കൂടുതൽ അടുക്കുന്നത്. നിലവിൽ ചൈനയുമായുള്ള ചർച്ചകൾ നല്ല നിലയിലാണെന്നുംഒരു വ്യാപാര കരാർ വളരെ അടുത്തുണ്ടാവുമെന്നും ട്രംപ് പറഞ്ഞിരുന്നു. റഷ്യ- യുക്രൈൻ യുദ്ധത്തിന്റെ പേരിലാണ് ഇന്ത്യയുമായുള്ള ബന്ധത്തിൽ പോലും വിള്ളലുണ്ടായത്. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുമ്പോൾ അത് റഷ്യ യുദ്ധത്തിനായി ഉപയോഗിക്കുന്ന എന്ന വാദമാണ് ട്രംപ് ഉന്നയിച്ചത്.

എന്നാൽ ഇതേ സമയം റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനും ഡോണാൾഡ് ട്രംപും തമ്മിൽ ചർച്ചകൾ നടക്കുന്നു. യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ കാര്യമാത്ര പ്രസക്തമായ നീക്കങ്ങളും നടക്കുന്നുണ്ട്. യുക്രൈനിൽ നിന്ന് പിടിച്ചെടുത്ത പ്രവിശ്യ വിട്ടുനൽകണം എന്നുവരെ ട്രംപ് റഷ്യയോട് പറഞ്ഞു. ഇതിലെല്ലാം വരുന്ന ദിവസം അലാസ്കയിൽ നടക്കുന്ന ട്രംപ് – പുടിൻ കൂടിക്കാഴ്ചയ്ക്ക് ശേഷം അന്തിമ തീരുമാനം ഉണ്ടാകും.

ഇന്ത്യയോടുളള സമീപനമാണ് കൂടുതൽ സങ്കീർണമാവുന്നത്. അതിൽ തത്കാലം വിട്ടുവീഴ്ചയില്ലെന്നാണ് ഇന്ത്യയും അമേരിക്കയും നിലപാട് എടുക്കുന്നത്. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് തീരുവ ചുമത്തുന്ന കാര്യം ഇന്ത്യ പരിഗണിക്കുകയാണ്. പകരത്തിന് പകരം എന്ന തലത്തിലേക്കാണ് രാജ്യത്തിന്റെ നീക്കം. മാത്രമല്ല ബ്രിക്സ് രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും കൂടുതൽ ഉത്പന്നങ്ങൾ കയറ്റി അയക്കുന്ന കാര്യങ്ങൾ എന്നിവയും പരിഗണനയിലുണ്ട്.

നിലവിൽ 20 രാജ്യങ്ങളിലേക്കുള്ള കയറ്റുമതി അൻപത് രാജ്യങ്ങളിലേക്കാക്കുന്ന കാര്യമാണ് പ്രധാനമായും പരിഗണനയിലുള്ളത്. അത് വിജയിച്ചാൽ അമേരിക്കയുമാളള തുടർ ബന്ധങ്ങളിലും അത് പ്രതിഫലിക്കും. രാജ്യത്തെ വാണിജ്യ മന്ത്രാലയം ഇക്കാര്യം ഗൌരവമായി പരിശോധിക്കുകയാണ്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 90 ശതമാനവും മിഡിൽ ഈസ്റ്റ്, ആഫ്രിക്ക രാജ്യങ്ങളിലേക്കാണ്. ഇതുവഴി യു എസ് ഉൾപ്പെടെയുള്ള ചില പ്രധാന കയറ്റുമതി രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും പെട്ടന്നുണ്ടാകുന്ന വ്യാപാരത്തകർച്ച പിടിച്ചു നിർത്താനുമാണ് ഈ നീക്കം.

ഇന്ത്യയ്ക്ക് പഖ്യാപിച്ച അധിക തീരുവയിൽ നിന്ന് ഒരടിപോലും പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അമേരിക്ക. റഷ്യയിൽ നിന്ന എണ്ണ വാങ്ങുന്ന മറ്റ് രാജ്യങ്ങളോടില്ലാത്ത നിലപാടാണ് ഇന്ത്യയോട്. അതിനിടെയാണ് ഇത്തരത്തിലുള്ള നീക്കം വരുന്നത് എന്നത് ശ്രദ്ധേയാണ്. യഥാർഥത്തിൽ റഷ്യയല്ല പ്രശ്നം എന്ന് വ്യക്തമാകുന്നതാണ് സമീപകാലത്തുണ്ടായ ചില നീക്കങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. എന്നിട്ടും ഇന്ത്യ അമേരിക്കയുമായോ തിരിച്ചോ ഒരു സന്ധി സംഭാഷവും ഇതിനിടെ നടന്നിട്ടില്ല. അതിനുള്ള സാധ്യതകളും ഏറെക്കുറെ അടഞ്ഞമട്ടാണ്.

ഇതിനിടെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യുക്രൈൻ പ്രസിഡന്റ് വ്ലോദിമർ സെലൻസ്കി ഫോണിൽ സംസാരിച്ചു.യുക്രൈനിൽ റഷ്യ നടത്തിയ ആക്രമണങ്ങളെ കുറിച്ച് സെലൻസ്കി മോദിയോട് വിശദീകരിച്ചു. ഇതിനൊപ്പം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന കാര്യം പരിമിതപ്പെടുത്തണം എന്ന ആവശ്യവും ഉന്നയിച്ചു. നീണ്ട ചർച്ചയാണ് മോദിയുമായി നടന്നതെന്ന് വിശദീകരിച്ച സെലൻസ്കി റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തിലുള്ള ആശങ്കയും അറിയിച്ചു. യുക്രൈനിലെ ജനങ്ങൾക്ക് പിന്തുണ നൽകുന്ന ഊഷ്മളമായ വാക്കുകൾക്ക് പ്രധാനമന്ത്രി മോദിയുടെ നന്ദി പറഞ്ഞാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ എക്സ് കുറിപ്പ് അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *