ദുബായ്: യുഎഇയിൽ നാളെ ഷൂട്ടിങ് സ്റ്റാർ എന്നറിയപ്പെടുന്ന പെഴ്സീഡ് ഉൽക്കാവർഷം തിരിച്ചെത്തുകയാണ്. എല്ലാ വർഷവും ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കുന്ന ഉൽക്കകളെ കാണാൻ ഇത് മികച്ച അവസരമാണ്. ഈ വർഷം ഓഗസ്റ്റ് 12 ചൊവ്വാഴ്ചയ്ക്കും ഓഗസ്റ്റ് 13 ബുധനാഴ്ചയ്ക്കും ഇടയിലാണ് ഉൽക്കാവർഷം ഏറ്റവും മികച്ച രീതിയിൽ കാണാൻ സാധിക്കുക. ഈ പ്രതിഭാസം ഏറ്റവും വ്യക്തമായി കാണാൻ സാധിക്കുന്ന സമയത്ത് ചന്ദ്രന് നല്ല വെളിച്ചമുണ്ടാകുമെന്നതിനാൽ ചെറിയ ഉൽക്കകൾ ചിലപ്പോൾ കാണാൻ സാധിച്ചെന്ന് വരില്ല.
ദുബൈ അസ്ട്രോണമി ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ റാസൽഖൈമയിലെ ജബൽ ജൈസിൽ പെഴ്സീഡ് ഉൽക്കാവർഷം കാണുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ടിക്കറ്റെടുത്താൽ മാത്രമാണ് പ്രവേശനം. ജ്യോതിശാസ്ത്രത്തെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഇതൊരു സുവർണാവസരം ആയിരിക്കും. മിക്ക ഉൾക്കകളും മണൽത്തരികളുടെ വലിപ്പമുള്ള പൊടിപടലങ്ങളാണ്. പെർസീഡ് മഴയുടെ സമയത്തു മണിക്കൂറിൽ നൂറിലധികം ഉൽക്കകൾ പ്രത്യക്ഷപ്പെടാം. അതിൽ തിളക്കമുള്ള വരകളും അഗ്നിഗോളങ്ങളും ഉണ്ടാകും.
ഉൽക്കാവർഷങ്ങളിൽ ഏറ്റവും തിളക്കമുള്ള ഒന്നാണ് പെഴ്സീഡ്. സ്വിഫ്റ്റ്-ടട്ടിൽ എന്ന വാൽനക്ഷത്രം അവശേഷിപ്പിച്ച അവശിഷ്ടങ്ങൾക്കിടയിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. യുഎഇയിലുള്ളവർക്ക് നഗരത്തിലെ വെളിച്ചമേറിയ സ്ഥലങ്ങളിൽ നിന്ന് അകലെ മാറി ഈ കാഴ്ച ആസ്വദിക്കാം.