വയനാട്: വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കാണാനില്ല, കണ്ടെത്തി തരണമെന്ന് പൊലീസിൽ പരാതി നൽകി ബിജെപി. ബിജെപി പട്ടികവർഗ്ഗ മോർച്ച സംസ്ഥാന പ്രസിഡൻ്റ് മുകുന്ദൻ പള്ളിയറയാണ് വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ചൂരൽ മലയിലെ ഉരുൾപൊട്ടൽ ദുരന്തം നടന്നപ്പോൾ പ്രിയങ്കയെ കണ്ടില്ല, ആദിവാസി വിഷയങ്ങളിലും എംപിയെ കാണാനില്ല എന്നും ചൂണ്ടികാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. പരാതി സ്വീകരിച്ച് പ്രിയങ്കയെ കണ്ടെത്തി തരണമെന്നാണ് മുകുന്ദൻ പള്ളിയറ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിന് ശേഷം കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്യു നേതാവ് രംഗത്തെത്തിയിരുന്നു. കെഎസ്യു തൃശൂർ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരാണ് തൃശൂർ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്. സുരേഷ് ഗോപിയെ കാണാനില്ലെന്നും തിരോധാനത്തിന് മുന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നുമായിരുന്നു പരാതി. സുരേഷ് ഗോപി എവിടെ എന്ന് ആവർത്തിച്ച് ചോദിച്ച് വിദ്യാഭ്യാസമന്ത്രിയും പരിഹസിച്ചിരുന്നു. അതേസമയം ബിജെപിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന് കൂട്ടുകെട്ട് ഉണ്ടെന്ന ആരോപിച്ച് നടത്തിയ പ്രതിഷേധത്തിൽ പ്രിയങ്ക ഗാന്ധിയെ ഇന്ന് അറസ്റ്റ് ചെയ്തു.
എന്നാൽ വിമർശനങ്ങൾക്കും പരാതികൾക്കും മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് പ്രതികരിച്ചു. ഡൽഹിയിലെ ഓഫീസിൽ ചർച്ച നടത്തുന്നതിന്റെ ഫോട്ടോകൾ ഫേസ്ബുക്കിൽ പങ്ക് വെച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. പെട്രോളിയം മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടികാഴ്ച്ചയുടെ വിശദാംശങ്ങളായിരുന്നു പങ്കുവച്ചത്.