നാഗ്പൂർ: അമിതവേഗത്തിലെത്തിയ ട്രക്ക് ഇടിച്ചു വീഴ്ത്തിയ ഭാര്യയുടെ മൃതദേഹവും ബൈക്കിലേറ്റി പ്രാണരക്ഷാർത്ഥം ഭർത്താവ് സഞ്ചരിച്ചത് കാതങ്ങൾ. നാഗ്പൂരിൽ നിന്നുമുള്ള ദൃശ്യങ്ങളാണ് മനുഷ്യമനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നത്. നാഗ്പൂർ-ജബൽപൂർ ദേശീയപാതയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. അമിത് യാദവ് എന്ന യുവാവും ഇയാളുടെ ഭാര്യയും ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടത്തിൽപ്പെടുന്നത്.
അപകടത്തിൽ തെറിച്ചുവീണ അമിത് പിന്നീട് കാണുന്നത് ചോരവാർന്ന ഭാര്യയെയാണ്. ഇടൻ തന്നെ ബൈക്കിൽ ഭാര്യയെ കെട്ടിവെച്ച് ഇയാൾ സമീപത്തെ ആശുപത്രി തേടി സഞ്ചരിക്കുകയായിരുന്നു. ദേശീയപാതയിലൂടെയുള്ള ഈ ദയനീയ യാത്രയുടെ ദൃശ്യങ്ങൾ സമീപത്ത് കാറിലെത്തിയ ആരോ പകർത്തുകയും ചെയ്തു. ഈ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറുന്നത്.
നിരവധി പേരോട് കൈകാണിച്ചും, അപേക്ഷിച്ചും സഹായം അഭ്യർത്ഥിച്ചിട്ടും ആരും സഹായത്തിന് കൂട്ടാക്കിയില്ല. വാഹനങ്ങളോ ആംബുലൻസ് സൗകര്യമോ ലഭിക്കാഞ്ഞതോടെയാണ് ഇയാൾ ഭാര്യയുടെ മൃതദേഹം കെട്ടിവെച്ച് കൊണ്ടുപോയത്. യാത്രക്കിടയിൽ പിന്നീട് ഇരുചക്രവാഹനം തടഞ്ഞ പോലീസ് തന്നെ ഈ ദൃശ്യങ്ങൾ പുറത്തുവിട്ടു.
രക്ഷാ ബന്ധൻ ദിനത്തിൽ ദമ്പതികൾ നാഗ്പൂരിലെ ലോനാരയിൽ നിന്ന് മധ്യപ്രദേശിലെ കരൺപൂരിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്.. മോർഫതയ്ക്ക് സമീപത്തുവച്ചാണ് അമിതവേഗത്തിൽ വന്ന ഒരു ട്രക്ക് ഇവരെ ഇടിക്കുന്നത്. ഇടിച്ച ട്രക്ക് പിന്നീട് നിർത്താതെ പോയി. അമിതിനൊപ്പം അപകടത്തിൽപ്പെട്ട ഭാര്യ ഗ്യാർസി പിന്നാലെ മരണപ്പെടുകയും ചെയ്തു. മൃതദേഹം നാഗ്പൂരിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനായി അയച്ചു, അപകട മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.