ഗവർണർക്ക് എന്ത് അധികാരം; വിഭജന ഭീതിദിന സർക്കുലറിൽ ആഞ്ഞടിച്ച് മന്ത്രി

തിരുവനന്തപുരം: ഓഗസ്റ്റ് 14 ന് വിഭജന ഭീതിദിനം ആചരിക്കണമെന്ന വിവാദ സർക്കുലറിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനെ കടുത്ത ഭാഷയിൽ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത്തരത്തിലൊരു സർക്കുലർ അയക്കാൻ ഗവർണർക്ക് എന്ത് അധികാരമാണുള്ളതെന്ന് മന്ത്രി ചോദിച്ചു. മന്ത്രിസഭ തീരുമാനിക്കാതെ സമാന്തര ഭരണത്തിനാണ് ഗവർണർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  ഇത് ആർഎസ്എസിൻറെ പരിപാടിയാണ്, ഒരു തരത്തിലും അംഗീകരിക്കില്ല എന്നും അദ്ദേഹം പ്രതികരിച്ചു. 

ഓഗസ്റ്റ് 14 ന് ഇന്ത്യയുടെ വിഭജനത്തിന്റെ ആഘാതം ഉയർത്തിക്കാട്ടുന്ന തെരുവ് നാടകങ്ങൾ, സെമിനാറുകൾ, അനുസ്മരണ പരിപാടികൾ തുട​ങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കണമെന്നും സർവകലാശാല വിസിമാർക്ക് അയച്ച സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്.  ഇന്ത്യ വിഭജനം എത്രത്തോളം ഭീകരമായിരുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഇത്തരം പരിപാടികൾ സം​ഘടിപ്പിക്കുന്നതെന്നും പരിപാടികളുടെ സംഘാടനത്തിനായി വിസിമാർ പ്രത്യേക ആ‌ക്‌ഷൻ പ്ലാൻ രൂപീകരിക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യ–പാക് വിഭജനത്തിന്റെ ഓർമയ്ക്കായി ഓഗസ്റ്റ് 14 വിഭജനഭീതി ദിനമായി ആചരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഭാരതാംബ വിഷയത്തെ സംബന്ധിച്ചുള്ള വിവാദങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് പുതിയ വിവാദ സർക്കുലറുമായി ​ഗവർണർ രം​ഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *