തൃശൂർ: തൃശൂർ പോലീസ് അക്കാദമിയുടെ എതിർവശത്തുള്ള ക്രൈസ്റ്റ് വില്ല പുവർ ഹോമിൽ പഠിക്കുമ്പോൾ അപർണ എന്ന പെൺകുട്ടി ഒരിക്കലും കരുതിക്കാണില്ല, വലുതാവുമ്പോൾ താൻ ഒരു പൊലീസുകാരി ആകുമെന്നോ തന്റെ സേവനങ്ങളുടെ പേരിൽ ലോകമെമ്പാടും അറിയപ്പെടുമെന്നോ എന്ന്. സാമ്പത്തിക ശേഷിയില്ലാത്ത മാതാപിതാക്കൾ അപർണയെ ആറാം ക്ലാസ്സുമുതൽ അനാഥാലയത്തിൽ നിർത്തിയായിരുന്നു പഠിപ്പിച്ചിരുന്നത്. വിവാഹ ശേഷം ഒരു വീട്ടമ്മ ആയിക്കഴിഞ്ഞാണ് പരീക്ഷ എഴുതുന്നതും പോലീസിലേക്കു സെലക്ഷൻ കിട്ടുന്നതും.
മുട്ടോളമുള്ള മുടി കാൻസർ ബാധിച്ച ഒരു കുട്ടിക്ക് വിഗ് വയ്ക്കുന്നതിനു വേണ്ടി മുറിച്ചുകൊടുത്ത സംഭവവുമായി ബന്ധപ്പെട്ടാണ് അപർണയുടെ പേര് ആദ്യമായി വാർത്തകളിൽ കേൾക്കുന്നത്. ഒരിക്കൽ ഒരു ടീച്ചറുമായി സംസാരിച്ചപ്പോൾ കൊഴിഞ്ഞ മുടിയുമായി ക്ലാസ്സിൽ വരാൻ മടിക്കുന്ന, നിലവാരമുള്ള വിഗ് വാങ്ങാൻ ശേഷിയില്ലാത്ത കുട്ടികളെക്കുറിച്ചു അറിഞ്ഞ് മുടി മുറിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു. കാൻസർ രോഗികളെ സഹായിക്കാനായി മുടി മുറിക്കാൻ ഡിഐജി വിജയകുമാറിൽ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് മുടി നൽകിയത്.
2008ൽ ഭർത്താവിന്റെ അനിയന്റെ തലയ്ക്കടിയേറ്റ് മരിച്ച സ്ത്രീയുടെ മൃതദേഹം വിട്ടുകിട്ടാനായി പണമില്ലാതെ ബുദ്ധിമുട്ടിയ ബന്ധുക്കൾക്ക് സ്വന്തം വള ഊരി നൽകി. ആ വള പണയം വെച്ചാണ് അവർ പണം കണ്ടെത്തിയത്. മരിച്ച സ്ത്രീയുടെ മൃതദേഹത്തിന് കൂട്ടുനിൽക്കാൻ വന്നതായിരുന്നു അപർണ. മൃതദേഹത്തിൽ പുതപ്പിക്കാനുള്ള വെള്ളത്തുണി വാങ്ങാൻ പോലും ബന്ധുക്കളുടെ കൈയിൽ പണമില്ലായിരുന്നു.
ആശുപത്രി ബില്ലിൽ അറുപതിനായിരം രൂപയിൽ പകുതി എങ്കിലും അടയ്ക്കാതെ മൃതദേഹം വിട്ടുകിട്ടില്ലെന്നു അധികൃതർ തീർത്തുപറഞ്ഞപ്പോൾ അപർണ വളയൂരി നിർബന്ധപൂർവം അവരെ ഏൽപ്പിച്ചു. പണം നൽകി സഹായിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അന്ന് പണം കൈയിലുണ്ടായിരുന്നില്ലെന്ന് അപർണ പറയുന്നു. ആ സമയത്ത് ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായിരുന്നു അപർണ.
കഴിഞ്ഞ ദിവസം, തൃശൂര്‍ നഗരത്തിലെ ഏറ്റവും തിരക്കുള്ള അശ്വനി ജങ്ഷന്‍ റോഡിലെ ബ്ലോക്കിൽ കുടുങ്ങിയ ആംബുലൻസിന് വഴിയൊരുക്കിയ അപർണയുടെ വീഡിയോ വൈറലായിരുന്നു. വാഹനങ്ങളുടെ നീണ്ടനിരക്ക് പിന്നിലായാണ് സൈറണ്‍ മുഴക്കി ഒരു ആബുംലന്‍സ് പാഞ്ഞു വന്നത്. വഹനങ്ങളുടെ തിരക്കില്‍ ആ ആബുംലന്‍സും പെട്ടു. ഗുരുതര രോഗിയായിരുന്നു ആംബുലൻസിൽ. സാഹചര്യത്തിന്റെ ഗൗരവും മനസ്സിലാക്കിയ അപർണ, വലിയ ബ്ലോക്കിൽ വാഹനങ്ങളുടെ ഇടയിലൂടെ ആംബുലൻസിന് വഴി തെളിച്ച് മുന്നില്‍ ഓടി വഴിയൊരുക്കി.
ആംബുലന്‍സിന് പോകാനായി വഴി ഒരുങ്ങുന്നത് വരെ അപർണ ഓടി തടസമായി കിടന്ന വാഹനങ്ങള്‍ മാറ്റാന്‍ നിര്‍ദേശിച്ചു. ആംബുലൻസ് കടന്നു പോയി കഴിഞ്ഞാണ് അപർണ ഓട്ടം നിർത്തിയത്. കേരള പൊലീസ് ഇതിന്റെ വിഡിയോ അവരുടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് തന്നെ പത്ത് ലക്ഷത്തിന് മുകളില്‍ ആളുകള്‍ ഈ വിഡിയോ കണ്ട് കഴിഞ്ഞു. അസിസ്റ്റന്റ് എസ്‌ഐ അപർണ ലവകുമാറിന് ഇതൊന്നും അത്ര വല്യ സംഭവമായി തോന്നുന്നില്ല. നിറഞ്ഞ ചിരിയിൽ അപർണ പറയുന്നത് ഇത്രമാത്രം, നമ്മളൊക്കെ മനുഷ്യന്മാരല്ലേ!