ന്യുഡൽഹി: ‘വോട്ട് കൊള്ള’ ആരോപണത്തില്‍ രാജ്യതലസ്ഥാനത്ത് ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ തുറന്ന യുദ്ധം പ്രഖ്യാപിച്ചാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമടക്കം 300 ഓളം എം പിമാര്‍ പ്രതിഷേധത്തില്‍ അണിനിരക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിക്കൊപ്പം പ്രതിഷേധത്തിന്റെ ഭാഗമാകുന്നുണ്ട്. എം.പിമാർ ഉൾക്കൊള്ളുന്ന കൂറ്റൻ പ്രതിഷേധ ജാഥ പൊലീസ് ബാരിക്കേഡ് തീർത്ത് പ്രതിരോധിക്കുകയാണ്.
കേരളത്തിൽ നിന്നുള്ള എം.പിമാരും പ്രതിഷേധത്തിന്റെ ഭാഗമാണ്. അഖിലേഷ് യാദവ് അടക്കമുള്ള എം.പിമാർ ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം ഡൽഹി പൊലീസ് തടഞ്ഞു. കേന്ദ്ര പൊലീസ് സേനയടക്കം വലിയ സുരക്ഷാ വലയമാണ് തീർത്തിരിക്കുന്നത്. ട്രാൻസ്പോർട്ട് ഭവന് മുന്നിലെത്തിയപ്പോഴാണ് പ്രതിഷേധ മാർച്ച് തടഞ്ഞത്.
കെ രാധാകൃഷ്ണൻ അടക്കം സി.പി.എം എം.പിമാർ രാഹുൽ ഗാന്ധിക്കൊപ്പം തന്നെ പ്രകടനത്തിന്റെ ഭാഗമാണ്. ബീഹാറിലെ എസ് ഐ ആര്‍ റദ്ദാക്കണമെന്നും, രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടര്‍പട്ടിക ക്രമക്കേട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്ത്യ സഖ്യം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നത്. കർണാടകയിലെ വോട്ടർപട്ടിക തിരിമറി അടക്കം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഗുരുതര പിഴവ് ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
ജനാധിപത്യത്തെ കൊല ചെയ്തെന്നും വോട്ട് കൊള്ളയാണ് നടത്തുന്നതെന്നും രാഹുൽഗാന്ധി ആരോപിക്കുന്നത്. ഷാപി പറമ്പിൽ., വി.കെ ശ്രീകണ്ഠൻ, ഹൈബി ഈഡൻ, കെ രാധാകൃഷ്ണൻ, എ.എ റഹിം ഉൾപ്പടെ കേരളത്തിൽ നിന്നുള്ള എം.പിമാർ പ്രതിഷേധ നിരയിൽ മുൻനിരയിലുണ്ട്. പ്രതിപക്ഷത്തിലെ മുൻനിരയിൽ കോൺഗ്രസ് എം.പിമാരും മറ്റ് പ്രതിപക്ഷ കക്ഷികളും പ്രതിഷേധത്തിന്റെ ഭാഗമായി.