ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് ലോക്സഭയിൽ പുതുക്കിയ ആദായനികുതി ബിൽ 2025 അവതരിപ്പിക്കും. പാർലമെന്ററി സെലക്ട് കമ്മിറ്റിയിൽ നിന്നുള്ള 285 നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പുതുക്കിയ ബില്ലിൽ നിലവിലുള്ള ചട്ടക്കൂടിലെ പോരായ്മകൾ പരിഹരിക്കുന്നതിനൊപ്പം നികുതി പ്രക്രിയകൾ ലളിതമാക്കാനും ലക്ഷ്യമിടുന്നു എന്നാണ് സർക്കാരിന്റെ വിശദീകരണം. ഈ മാറ്റങ്ങൾ രാജ്യത്തിന്റെ ആദായനികുതി ഘടനയെ പുനർനിർമ്മിക്കുമെന്നാണ് ഉദ്യോഗസ്ഥതലം വെളിപ്പെടുത്തുന്നത്.
1961 ലെ ആദായനികുതി നിയമത്തിന് പകരമായി ഫെബ്രുവരി 13 ന് ലോക്സഭയിൽ അവതരിപ്പിച്ച ആദായനികുതി ബിൽ കഴിഞ്ഞ ആഴ്ച സർക്കാർ ഔദ്യോഗികമായി പിൻവലിച്ചിരുന്നു. ബിജെപി എംപി ബൈജയന്ത് ജയ് പാണ്ട അധ്യക്ഷനായ സെലക്ട് കമ്മിറ്റിയുടെ ശുപാർശകളെ അടിസ്ഥാനമാക്കിയുള്ള പുതിയ പതിപ്പിൽ നിരവധി മാറ്റങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഇന്ത്യയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള നികുതി ചട്ടക്കൂട് ആധുനികവൽക്കരിക്കാനും നിയമപരമായ സങ്കീർണ്ണത കുറയ്ക്കാനും വ്യക്തിഗത നികുതിദായകർക്ക് കൂടുതൽ ലളിതമായി കൈകാര്യം ചെയ്യുന്നതിനും പുതുക്കിയ ബിൽ സഹായിക്കുമെന്ന് ബൈജയന്ത് ജയ് പാണ്ട പറഞ്ഞു.
1961-ലെ നിലവിലെ ആദായനികുതി നിയമത്തിൽ 4,000-ത്തിലധികം ഭേദഗതികൾ വരുത്തിയിട്ടുണ്ട്, 500,000-ത്തിലധികം വാക്കുകൾ അടങ്ങിയ പഴയ നിയമം കൂടുതൽ സങ്കീർണ്ണമായിരുന്നു. പുതിയ ബിൽ സാധാരണ നികുതിദായകർക്ക് വായിക്കാനും മനസ്സിലാക്കാനും വളരെ എളുപ്പമാക്കിയിരിക്കുന്നു. തൊഴിലാളികളുടെയും ഇടത്തരക്കാരുടെയും മേൽ അധിക ഭാരം ചുമത്തുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട്, ന്യായവും നീതിയുക്തവുമായ നികുതി സംവിധാനം സ്ഥാപിക്കുക എന്നതാണ് ബിൽ ലക്ഷ്യമിടുന്നത് എന്നാണ് ബൈജയന്ത് ജയ് പാണ്ട പ്രതികരിച്ചത്.
എല്ലാ നികുതിദായകർക്കും പ്രയോജനപ്പെടുന്നതിനായി സ്ലാബുകളും നിരക്കുകളും പരിഷ്കരിച്ചു. ഈ മാറ്റങ്ങൾ മധ്യവർഗത്തിന്റെ നികുതി ഭാരം കുറയ്ക്കുമെന്നും ഉപഭോഗം, സമ്പാദ്യം, നിക്ഷേപം എന്നിവ വർദ്ധിപ്പിക്കുന്നതിന് കൂടുതൽ വരുമാനം കൈവശം അവശേഷിപ്പിക്കുമെന്നും സർക്കാർ പറയുന്നു. സെക്ഷൻ 115 BAC യിലെ പുതിയ നികുതി വ്യവസ്ഥ പ്രകാരം സ്ഥിരതാമസക്കാരായ വ്യക്തികൾക്ക് നികുതി ഇളവ് ക്ലെയിം ചെയ്യുന്നതിനുള്ള വരുമാന പരിധി 7 ലക്ഷം രൂപയിൽ നിന്നും 12 ലക്ഷമായി ഉയർത്തി. പരമാവധി റിബേറ്റ് 25,000 ൽ നിന്ന് 60,000 രൂപയായും ഉയർത്തിയിട്ടുണ്ട്.
12 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് നാമമാത്ര ഇളവ് തുടർന്നും ബാധകമാകും. പുതിയ ബിൽ സാധാരണ പൗരന്മാർക്കും ചെറുകിട ബിസിനസുകൾക്കും ഒരുപോലെ നികുതി സമർപ്പിക്കുന്നത് എളുപ്പമാക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു.