ഉപദ്രവിച്ചത് ഒപ്പം പഠിച്ചവരും ജോലി ചെയ്തവരും, മരണത്തിലേക്ക് എത്തിക്കാനും ശ്രമിച്ചു; തുറന്നടിച്ച് ഡോ. ഹാരിസ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജിലെ ഉപകരണ ലഭ്യത വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഡോ. ഹാരിസ്. സഹപ്രവർത്തകരിൽ ചിലർ തന്നെ കുടുക്കാനും പിന്നിൽ നിന്ന് കുത്താനും ശ്രമിച്ചെന്ന് യൂറോളജി വിഭാഗം തലവൻ ഡോ. സി.എച്ച് ഹാരിസ് പറയുന്നു. തന്നെ മരണത്തിലേക്ക് വരെ എത്തിക്കാൻ ചില സഹപ്രവർത്തകർ ശ്രമിച്ചു കാലം അവർക്കു മാപ്പു നൽകട്ടേയെന്നുമാണ് കേരള ഗവ.മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) വാട്സാപ് ഗ്രൂപ്പിൽ ഡോ. ഹാരിസ് കുറിച്ചത്. 

സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോൾ ലോകം കൂടെനിന്നു. എന്നാൽ ചിലർ ഡോക്ടർമാർ പ്രതിജ്ഞക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് ഡോ.ഹാരിസ് സന്ദേശത്തിൽ ആരോപിച്ചു. ഇതേ ആരോപണം പിന്നീട് മാധ്യമങ്ങൾക്ക് മുന്നിലും ഡോ. ഹാരിസ് നടത്തിയിരുന്നു. വാട്സാപ്പ് ഗ്രൂപ്പിലെ വെളിപ്പെടുത്തലിന് പിന്നാലെ ഗ്രൂപ്പിൽ നിന്ന് ചില ആളുകളെ മാറ്റാൻ കെജിഎംസിടിഎ ഭാരവാഹികൾ തീരുമാനിച്ചിട്ടുണ്ട്. ഡിഎംഇയെയും പ്രിൻസിപ്പലിനെയും സൂപ്രണ്ടിനേയും ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കാൻ തീരുമാനം. ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് പുറത്താക്കുന്നത്.

അതേസമയം, മെഡിക്കൽ കോളജ് സൂപ്രണ്ടും പ്രിന്‍സിപ്പലും തന്റെ കാര്യം വിശദീകരിക്കാൻ വാർത്താ സമ്മേളനം നടത്തുമെന്ന് പ്രതീക്ഷിച്ചില്ല. കാണാതായ ഉപകരണം കണ്ടെത്തിയെന്നും ഒരു കുഴപ്പവുമില്ല എന്നുമാണ് തന്നോട് പറഞ്ഞത്. വിശദീകരണം ചോദിക്കാതെയാണ് അവർ വാർത്താ സമ്മേളനം വിളിച്ചത്. പരിചയമില്ലാത്ത ഉപകരണം മുറിയിൽ കണ്ടെങ്കിൽ അവർക്ക് തന്നോടു ചോദിക്കാമായിരുന്നു. താൻ മെഡിക്കൽ കോളജിൽ ഉണ്ടായിരുന്നു. വിളിച്ചിരുന്നെങ്കിൽ പോയി വിശദീകരണം കൊടുക്കുമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് തന്നോടു ചോദിച്ചില്ല.

കഴിഞ്ഞ ദിവസം ഡോ.ഹാരിസ് ചിറക്കലിനെതിരായ അന്വേഷണം ആരോഗ്യവകുപ്പ് അവസാനിപ്പിക്കാൻ തീരുമനിച്ചിരുന്നു. ഹാരിസിനെതിരെ നടപടിയുണ്ടാകില്ലെന്ന് കേരള ഗവ.മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന് (കെജിഎംസിടിഎ) ആരോഗ്യമന്ത്രി ഉറപ്പ് നൽകി. മെഡിക്കൽ കോളേജിൽനിന്ന് ശസ്ത്രക്രിയ ഉപകരണം കാണാതായതിൽ കൂടുതൽ അന്വേഷണമുണ്ടാകില്ല. ഹാരിസിന്റെ മുറിയിൽ അസ്വാഭാവികമായി പെട്ടി കണ്ടുവെന്ന വാദം പൊളിഞ്ഞതോടെ ആ കാര്യത്തിലും പൊലീസ് അന്വേഷണത്തിന് സർക്കാർ പോകില്ല.

Leave a Reply

Your email address will not be published. Required fields are marked *