ഡോർ ഡെലിവറിയില്ല; ശുപാർശ അം​ഗീകരിക്കേണ്ടതില്ലെന്ന് സർക്കാർ

തിരുവനന്തപുരം: ബെവ്കോ നൽകിയ മദ്യത്തിന്റെ ഡോർ ഡെലിവറി ശുപാർശ അം​ഗീകരിക്കേണ്ടതില്ലെന്ന് സർക്കാർ. മദ്യം ഡോർ ഡെലിവറി ചെയ്യുന്നതിൽ ബാർ ഉടമകളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കാലത്ത് ഒരു വിവാദത്തിന് വഴിയൊരുക്കേണ്ട എന്നാണ് സർക്കാർ നിലപാട്. സംസ്ഥാനത്ത് ഓൺലൈനിലൂടെ മദ്യ വിൽപ്പന നടത്താനുള്ള തീരുമാനം ഞായറാഴ്ചയാണ് ബെവ്കോ മുന്നോട്ട് വച്ചത്. ബെവ്കോയുടെ എംഡി ഹർഷിത അത്തല്ലൂരി ഈ വിഷയം സംബന്ധിച്ച് സർക്കാരിന് ശുപാർശ സമർപ്പിച്ചിരുന്നു. ഓൺലൈൻ വിൽപ്പനയിലൂടെ വരുമാന വർധനവ് ലക്ഷ്യമിട്ടാണ് ബെവ്കോ ഇങ്ങനെയൊരു ശുപാർശയുമായി മുന്നോട്ട് വന്നത്.

ഓൺലൈൻ മദ്യവിൽപ്പനയ്ക്കായി ബെവ്‍കോ മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കുകയും സ്വിഗ്ഗിയുൾപ്പടെയുള്ള ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകൾ താത്പര്യം അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ട് എന്നും ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി പറഞ്ഞിരുന്നു. ബെവ്കോ ഈ വിഷയത്തിൽ മൂന്നുവർഷം മുൻപ് സർക്കാരിനോട് അനുമതി തേടിയിരുന്നു. എന്നാൽ അന്ന് സർക്കാർ അനുമതി നൽകിയിരുന്നില്ല.

ഓൺലൈനിലൂടെ മദ്യം വാങ്ങാൻ പ്രായപരിധി നിശ്ചയിച്ചിരുന്നു. 23വയസിന് മുകളിലുള്ളവർ മാത്രമാണ് ഓൺലൈനിലൂടെ മദ്യം വാങ്ങാൻ ​സാധിക്കുക എന്ന് ശുപാർശയിൽ വ്യക്തമാക്കിയിരുന്നു. പ്രായം തെളിയിക്കുന്ന രേഖ നൽകിയാൽ മാത്രമേ മദ്യം നൽകുകയുള്ളു. പുതിയ തീരുമാനം മദ്യവിൽപ്പന വർധിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു. മറ്റ് മദ്യങ്ങൾക്കൊപ്പം വീര്യം കുറഞ്ഞ മദ്യവും പുറത്തിറക്കണമെന്ന് വിനോദ സഞ്ചാരികളടക്കം നിർദേശിച്ചിരുന്നു എന്ന് ബെവ്കോ അധികൃതർ വ്യക്തമാക്കിയിരുന്നു. ബെവ്കോയുടെ ശുപാർശയിൽ വിദേശ നിർമിത ബിയർ വിൽപ്പനയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *