ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനും കോൺഗ്രസ്സും തമ്മിലുള്ള പോര് മുറുകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തെ വോട്ടർ പട്ടികയിലെ തിരിമറിയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളുന്നയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സത്യവാങ്മൂലം നൽകിയില്ലെങ്കിൽ ആരോപണങ്ങളിൽ മാപ്പ് പറയണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ രാഹുൽ ഗാന്ധി സാക്ഷ്യപത്രം നല്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.
രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കാതെ കമ്മീഷൻ എങ്ങനെ തള്ളിയെന്നാണ് കോൺഗ്രസ് ചോദിക്കുന്നത്. വോട്ട് ക്രമക്കേട് ആരോപണം വീണ്ടും ശക്തമായി ഉയർത്തി മുന്നോട്ട് പോകാനാണ് കോൺഗ്രസ് തീരുമാനം. രാഹുൽ ഗാന്ധിയടക്കം 300 ഓളം എംപിമാർ ഇന്ത്യ സഖ്യത്തിന് കീഴിൽ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും.
ബിഹാറിലെ എസ്ഐആർ റദ്ദാക്കണമെന്നും, രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർപട്ടിക ക്രമക്കേട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച്. പാർലമെൻറിൽ നിന്നും എംപിമാർ കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. 30 പ്രതിപക്ഷ നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടിക്കാഴ്ചയ്ക്ക് അനുവാദം നല്കിയിട്ടുണ്ട്. എന്നാൽ എല്ലാം എംപിമാരെയും കമ്മീഷൻ കാണണം എന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചു നിൽക്കുകയാണ്.
വോട്ടർ പട്ടിക ക്രമക്കേടിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് രൂപം നൽകാൻ കോൺഗ്രസ് എ ഐ സി സി ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന ചുമതലയുള്ള നേതാക്കന്മാരുടെയും യോഗവും ഇന്ന് ചേരുന്നുണ്ട്. വൈകീട്ട് നാലരക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ അധ്യക്ഷതയിലാണ് യോഗം. രാഹുൽഗാന്ധി, സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരും യോഗത്തിൽ പങ്കെടുക്കും.