മഴക്കാലത്ത് കൂട്ടുകാര്‍ക്കൊപ്പം പോകാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് വാല്‍പ്പാറ. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് വാൽപ്പാറ. സമുദ്ര നിരപ്പിൽ നിന്ന് 3500 അടി ഉയരത്തിൽ പശ്ചിമഘട്ട മലനിരകളിലെ ആനമല കുന്നുകളിലാണ് വാൽപ്പാറ സ്ഥിതി ചെയ്യുന്നത്. പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററും, കോയമ്പത്തൂരിൽ നിന്നും 100 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ചാലക്കുടിയിൽ നിന്ന് ഏകദേശം 107 കിലോമീറ്റർ അകലെയാണ്
വാൽപ്പാറ. അങ്ങോട്ടുള്ള യാത്ര തുടങ്ങുന്നത് തന്നെ അതിരപ്പിള്ളി യുടെയും വാഴച്ചാലിന്റെയും മനോഹാരിതയിലാണ്. അതിരപ്പിള്ളിയുടെ ഇരു വശങ്ങളിലും ഉയർന്നു നിൽക്കുന്ന പച്ചപ്പും മഴയിൽ കൂടുതൽ തീവ്രതയോടെ ഒഴുകുന്ന അരുവികളും കണ്ടു കണ്ണിന് കുളിർമ നൽകി യാത്ര തുടരാം. വാഴച്ചാലിലൂടെ ഉള്ള യാത്രയാണ് കൂടുതൽ മനോഹരം. വഴിയിൽ കാട്ടാനകളെയും, മാനുകളെയും പുലിയെയും സിംഹവാലൻ കുരങ്ങിനെയും ചിലപ്പോൾ കാണാൻ സാധിക്കും. ഈ വഴിയിൽ ഇടതൂർന്ന് വളർന്നു നിൽക്കുന്ന മരങ്ങളും ചെറിയ വെള്ളച്ചാട്ടങ്ങളും ഉണ്ട്.
കേരള അതിർത്തി പിന്നിട്ട് തമിഴ് നാടിലേക്ക് കയറുന്ന ഇടമാണ് മലക്കപ്പാറ. ഉയരം കൂടുംതോറും രുചിയേറുന്ന ചായയുടെ സ്ഥലമാണ് മലക്കപ്പാറ. ഇവിടെ നിന്ന് 27 കിലോമീറ്റർ ആണ് വാൽപ്പാറയിലേക്ക്. ചാര്‍പ്പ വെള്ളച്ചാട്ടം മുതല്‍ സഞ്ചാരികളെ കാത്തു നില്‍ക്കുന്നത് അനേകം കാഴ്ചകളാണ്. മലക്കപ്പാറയിലെ തേയിലത്തോട്ടത്തിന് നടുവിലെ ഒന്നാന്തരം ചായ മുതല്‍ മലമുകളിലെ തെളിഞ്ഞ ആകാശം വരെയും സഞ്ചാരി കൾക്ക് യാത്രയുടെ അനശ്വരമായ നിമിഷങ്ങളാകും കിട്ടുക. ഉയരങ്ങളിലേക്ക് കയറുമ്പോൾ ചുറ്റും പച്ച പരവതാനി വിരിച്ചത് പോലുള്ള തേയില തോട്ടങ്ങൾ. എത്ര കണ്ടാലും മതി വരാത്തത് പോലെ കണ്ണിനെ പിടിച്ചു നിർത്തും.
ചുരമെന്നാല്‍ താമരശ്ശേരി ചുരമാണ് ഏറ്റവും വലുതെന്ന് പറയുന്നവർക്കിടയില്‍ വാല്‍പ്പാറ ഒരേ സമയം വിസ്മയവും അമ്പരപ്പുമാണ് നൽകുക. പൊള്ളാച്ചിയിൽ നിന്ന് വാൽപ്പാറയിലേക്ക് 2 മണിക്കൂർ ആണ്. പൊള്ളാച്ചയിൽ നിന്നും കയറുമ്പോൾ നാൽപതോളം ഹെയർ പിൻ വളവുകൾ ആണുള്ളത്. ഓരോ വളവുകളും കയറുമ്പോൾ താഴെയായി ആളിയാർ ഡാം കൂടുതൽ വ്യക്തമായി കാണാം. ഇരുചക്രയാത്രികര്‍ക്കാണ് ഈ ചുരം കുറച്ച് കൂടി ആസ്വദിക്കാൻ കഴിയുക
പൂനാച്ചിമല എന്നായിരുന്നു വാൽ പ്പാറയുടെ പഴയ പേര്. തേയില തോട്ടങ്ങളാണ് ഇവിടെത്തെ പ്രധാന ആകർഷണം. കൂടാതെ നല്ലമുടി പൂഞ്ചോല വ്യൂ പോയിന്റ്, ഷോളയാർ ഡാം, ചിന്നക്കല്ലാർ വെള്ളച്ചാട്ടം, ആന മലൈ ടൈഗർ റിസർവ്, മങ്കി ഫാൾസ്, ഗ്രാസ് ഹിൽസ് ഇന്റർനാഷണൽ പാർക്ക് എന്നിവയും സന്ദർശിക്കാം. ജനുവരി മുതൽ മെയ് വരെയാണ് വാൽപ്പാറ സന്ദർശിക്കാൻ അനുയോജ്യം. പക്ഷെ യാത്രയും മഴയും ഹരമാകുമ്പോൾ സമയം നോക്കുന്നത് ശരിയല്ലല്ലോ. പ്രകൃതിയുടെ മുഴുവൻ വന്യതയും ആസ്വദിക്കണമെങ്കിൽ മഴക്കാലമാണ് യാത്രയ്ക്ക് നല്ലത്.