ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിൽ മൂന്നര ഏക്കർ ഭൂമി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രക്ക് കൈക്കൂലിയായി ലഭിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രത്യേക കോടതിയിൽ ഫയൽ ചെയ്ത കുറ്റപത്രത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഈ കണ്ടെത്തൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുറ്റപത്രത്തിലെ ചില കണ്ടെത്തലുകൾ വയനാട് ലോക് സഭ എംപിയായ പ്രിയങ്ക ഗാന്ധിയെയും കുരുക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നത്.
ഓങ്കാറേശ്വർ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വദ്രക്ക് കൈക്കൂലിയായി ഗുരുഗ്രാമിൽ സെക്ടർ 83ലെ മൂന്നര ഏക്കർ ഭൂമി നൽകി എന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഭൂമി നൽകിയത് റോബർട്ട് വദ്ര ഡയറക്ടർ ബോർഡ് അംഗമായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിനാണ്. സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് 7.5 കോടി രൂപ നൽകിയാണ് ഈ ഭൂമി വാങ്ങിയത് എന്ന് റോബർട്ട് വദ്ര അവകാശപ്പെട്ടിരുന്നു. എന്നാൽ ഇഡിയുടെ കണ്ടെത്തലിൽ വദ്രയുടെ സ്ഥാപനം ചെക്ക് നൽകിയിരുന്നുവെങ്കിലും ഓങ്കാറേശ്വർ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് ബാങ്കിൽ സമർപ്പിച്ച് പണം കൈപറ്റിയിരുന്നില്ല.
ഹരിയാന മുൻ ടൗൺ പ്ലാനിങ് മന്ത്രി ഭൂപീന്ദർ സിങ് ഹൂഡയിൽ നിന്ന് ഹൗസിങ് ലൈസൻസ് ലഭിക്കുന്നതിന് വേണ്ടിയാണ് ഓങ്കാറേശ്വർ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് റോബർട്ട് വദ്രക്ക് ഭൂമി കൈക്കൂലിയായി നൽകിയതെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഓങ്കാറേശ്വർ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി വദ്ര കോൺഗ്രസ് അധ്യക്ഷ ആയിരുന്ന സോണിയ ഗാന്ധിയുടെ മരുമകൻ എന്ന സ്വാധീനം ഉപയോഗിച്ച് ലൈസെൻസ് നേടാൻ സഹായിച്ചു എന്നാണ് ഇഡിയുടെ ആരോപണം. കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ റോബർട്ട് വദ്രക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഓഗസ്റ്റ് 28 ന് കോടതി വീണ്ടും കേസ് പരിഗണിക്കും.
കുറ്റപത്രത്തിൽ ഫരീദാബാദിൽ റോബർട്ട് വദ്രയുടേത് എന്ന് പറയപ്പെടുന്ന 39.7 ഏക്കർ വിസ്തൃതിയുള്ള മൂന്ന് ഭൂമിയെ സംബന്ധിച്ച പരാമർശിച്ചിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്മൂലത്തിൽ ഈ ഭൂമിയെ സംബന്ധിച്ചുള്ള വിശദശാംശങ്ങൾ നൽകിയിട്ടില്ല എന്നത് പ്രിയങ്ക ഗാന്ധിക്ക് കുരുക്ക് വീഴാനുള്ള സാധ്യതയാണ്. നിയമ പ്രകാരം തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർഥികൾ ഫയൽ ചെയ്യുന്ന സത്യവാങ്മൂലത്തിൽ ഇത്തരം വിവരങ്ങൾ മറച്ച് വയ്ക്കുന്നതും തെറ്റായ കാര്യങ്ങൾ ഉൾപ്പെടുത്തുന്നതും ക്രമക്കേടാണ്.
നിലവിൽ കേരള ഹൈക്കോടതിയിൽ പ്രിയങ്ക ഗാന്ധി സത്യവാങ്മൂലത്തിൽ നിന്ന് വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപിച്ച് ഫയൽ ചെയ്ത കേസ് പരിഗണനയിലുണ്ട്.