തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിവാദങ്ങൾക്കൊടുവിൽ ഡോക്ടർ ഹാരിസിന് എതിരായ അന്വേഷണം അവസാനിപ്പിച്ചുവെന്ന് ആരോഗ്യവകുപ്പ്. ഉപകരണം കാണാതായതിൽ കൂടുതൽ അന്വേഷണമുണ്ടാകില്ല. അസ്വാഭാവികമായ പെട്ടി കണ്ടതിലും സിസിടിവി ദൃശ്യത്തിലും പോലീസ് അന്വേഷണത്തിന് പോകില്ല. ആർക്കെതിരെയും നടപടിയില്ല. ഡിഎംഇ തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കും
ഹാരിസിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചു പ്രിൻസിപ്പലിനെയും സൂപ്രണ്ടിനേയും കൊണ്ട് നടത്തിച്ച വാർത്താ സമ്മേളനം കനത്ത പ്രതിഷേധത്തിന് വഴിതെളിച്ചിരുന്നു. ഡോക്ടർ ഹാരിസിനെതിരെ നടപടിയുണ്ടാകില്ല എന്ന് കെജിഎംസിറ്റിഎക്ക് ആരോഗ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചു. ആരോഗ്യമന്ത്രിയുമായി കെജിഎംസിറ്റിഎ ചർച്ച നടത്തും.
അതേസമയം വിഷയം സംഘടന ഏറ്റെടുത്തുവെന്നും ഉപകരണം തിരിച്ചറിയാതെ പോയതിൽ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ഡോ. ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. ഉപകരണം കാണാതായ സംഭവത്തിൽ അടക്കം അന്വേഷണം നടക്കട്ടെയെന്നും താൻ തുറന്ന പുസ്തകമാണെന്നും ഡോ. ഹാരിസ് പറഞ്ഞു. താനില്ലാതെ ആയാലും തനിക്ക് പ്രശ്നമില്ല. ഏതുരീതിയിലുള്ള അന്വേഷണത്തെയും ഭയക്കുന്നില്ല. അന്വേഷണ സമിതിയെ അവിശ്വസിക്കുന്നില്ല. വിവാദങ്ങള്‍ ആരോഗ്യമന്ത്രിക്കു ദു:ഖമുണ്ടാക്കിയെന്ന് പറഞ്ഞു. അതിൽ ആരോഗ്യമന്ത്രിയോട് ക്ഷമപറഞ്ഞു. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാരിനെതിരായിരുന്നില്ല എന്നും ഹാരിസ് കൂട്ടിച്ചേർത്തു.
വിവാദങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിന്‍സിപ്പലിന്‍റെയും സൂപ്രണ്ടിന്‍റെയും വാര്‍ത്താസമ്മേളനത്തിനിടയിൽ ഫോൺ വിളിച്ചത് താനാണെന്ന് പറഞ്ഞു വിശദീകരണവുമായി മെഡിക്കൽ കോളേജ് ഡിഎംഇ കെ വി വിശ്വനാഥ് രംഗത്തെത്തി. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ മാത്രം പറഞ്ഞാൽ മതിയെന്ന് പറയാനാണ് വിളിച്ചത്. അവര്‍ ഡോക്ടര്‍മാരാണ്. അവര്‍ ഒരുപാട് ചോദ്യങ്ങള്‍ നേരിട്ടപ്പോഴാണ് സദുദ്ദേശത്തോടെ ഫോണ്‍ വിളിച്ച് ആവശ്യമായ നിര്‍ദേശം നൽകിയത്. അതിൽ മറ്റു ദുരുദ്ദേശമൊന്നും ഉണ്ടായിരുന്നില്ല. മോസിലോസ്കോപ്പിന്‍റെ ഭാഗം കാണാതായിട്ടില്ല. ആ ഉപകരണം അവിടെ തന്നെയുണ്ടെന്നും ഇന്നലെ ഉച്ചയോടെ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമർപ്പിച്ചുവെന്നും ഡിഎംഇ വ്യക്തമാക്കി.