റഷ്യ – യുക്രൈൻ യുദ്ധത്തിൽ മഞ്ഞുരുക്കത്തിന് സാധ്യത. യുദ്ധം അവസാനിപ്പിക്കുന്ന കാര്യം ചർച്ച ചെയ്യാൻ ഈ ഓഗസ്റ്റ് 15ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ചർച്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. സമാധാന കരാറിനുള്ള മാനദണ്ഡങ്ങൾ പ്രധാന ചർച്ചയാകും. 10 വർഷത്തിനു ശേഷമാണ് റഷ്യൻ പ്രസിഡന്റ് യു എസ് സന്ദർശിക്കുന്നത്. അലാസ്കയാണ് ചർച്ചയുടെ വേദി. ട്രൂത്ത് സോഷ്യയിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. കിഴക്കൻ യുക്രെയ്നിലെ 2 പ്രവിശ്യകൾ റഷ്യയ്ക്കു വിട്ടുകൊടുത്തുള്ള സമാധാനക്കരാർ യു എസ് പിന്തുണയോടെ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.
4 യുക്രെയ്ൻ പ്രവിശ്യകളാണ് പുട്ടിൻ ആവശ്യപ്പെടുന്നത്. ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, സാപൊറീഷ്യ, ഖേഴ്സൻ ഇതിനു പുറമേ 2014 ൽ പിടിച്ചെടുത്ത ക്രൈമിയയും. യുക്രെയ്നിന്റെ അഞ്ചിലൊന്നും വിട്ടുകൊടുത്തുള്ള കരാറിന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി തയാറല്ല. ഈ സാഹചര്യത്തിൽ ഖേഴ്സൻ, സാപൊറീഷ്യ എന്നീ പ്രവിശ്യകളിൽനിന്നും റഷ്യ സൈന്യത്തെ പിൻവലിച്ച് ധാരണയ്ക്കു ശ്രമിക്കുമെന്നാണ് റിപ്പോർട്ട്. റഷ്യൻ–പുട്ടിൻ കൂടിക്കാഴ്ച കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. തീയതിയും സ്ഥലവും വെളിപ്പെടുത്തിയിട്ടില്ല.
എന്നാൽ ഈ കൂടിക്കാഴ്ച സംബന്ധിച്ച വിവരം വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2022 ഫെബ്രുവരിയിൽ റഷ്യ–യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷം പതിനായിരങ്ങളാണ് മരിച്ചത്. പലഘട്ടങ്ങളിലായി സമാധാന ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. അതിനിടെയാണ് ഇപ്പോൾ വീണ്ടും ട്രംപ് റഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താൻ ഒരുങ്ങുന്നത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യ അമേരിക്ക ബന്ധത്തിൽ ഉലച്ചിലുണ്ടായതിന് പിന്നാലെ ഇന്ത്യ റഷ്യ ബന്ധം മെച്ചപ്പെടുത്താൻ നീക്കം സജീവമായിരുന്നു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പുടിനുമായി സംസാരിച്ചിരുന്നു. മാത്രമല്ല രണ്ടു പേരും പരസ്പര സന്ദർശനത്തിനും തീരുമാനം ആയിട്ടുണ്ട്. ഇതിന് മുന്നോടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കഴിഞ്ഞ ദിവസം മോസ്കോയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ വിദേശ കാര്യ മന്ത്രി എസ് ജയശങ്കറും മോസ്കോ സന്ദർശിക്കാൻ ഒരുങ്ങുകയാണ്
അമേരിക്കയുടെ ഉപരോധം സാരമായി ബാധിക്കാത്ത തരത്തിൽ മുന്നോട്ട് പോകാനാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ തീരുമാനം. ഇതിനായി ബ്രിക്സ് രാജ്യങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. അമേരിക്ക റഷ്യ കൂടിക്കാഴ്ചയിൽ സ്വാഭാവികമായും യുക്രൈൻ യുദ്ധത്തിന് പുറമേ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ അധിക തീരുവയും ചർച്ചയാകും.