മുംബൈ: തുടർച്ചയായ അഞ്ചാം വർഷവും ശമ്പളം കൈപ്പറ്റാതെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ശമ്പളത്തിന് പുറമെ അലവൻസുകൾ, ആനുകൂല്യങ്ങൾ, വിരമിക്കൽ ആനുകൂല്യങ്ങൾ, വർഷത്തിലെ ഏതെങ്കിലും കമ്മീഷനുകൾ എന്നിവയുൾപ്പെടുന്ന തന്റെ എല്ലാവിധ പ്രതിഫലവും വേണ്ടെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് അദ്ദേഹം. 2020 മുതലാണ് ശമ്പളം സേവനരംഗത്തേക്ക് അദ്ദേഹം വിനിയോഗിക്കാൻ തുടങ്ങിയത്.
രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, വ്യാവസായിക, ആരോഗ്യത്തിനാകെ വിനാശം വരുത്തിയ കോവിഡ്-19 പകർച്ചവ്യാധിയുടെ ഘട്ടത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് മുകേഷ് അംബാനി എത്തുന്നത്. പിന്നീടുള്ള വർഷങ്ങളിലെല്ലാം സേവനമായി അദ്ദേഹം തന്റെ കർമ്മ മേഖലയിൽ നിറഞ്ഞു നിന്നു.
2021-22 വർഷത്തിലും, 2022-23 വർഷത്തിലും, 2023-24 വർഷത്തിലും, ഇപ്പോൾ 2024-25 സാമ്പത്തിക വർഷവും അദ്ദേഹം തന്റെ മുഴുവൻ വേതനവും നിരസിച്ചു. കോർപറേറ്റ് മേഖലയിൽ തന്നെ ഉദാപ്തമായ ഉദാഹരണമായി അംബാനി മാറിയിരിക്കുകയാണ്. കമ്പനിയുടെ വരുമാനത്തിലും ലാഭത്തിലും വമ്പൻ വളർച്ചയുണ്ടായിട്ടും 2008-09 കാലഘട്ടം മുതൽ തന്നെ അദ്ദേഹം തന്റെ പ്രതിഫലം 15 കോടി രൂപയായി പരിമിതപ്പെടുത്തിയിരുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ തന്റെ സ്ഥാനത്തിന് റിലയൻസിൽ നിന്ന് അലവൻസുകളോ, ആനുകൂല്യങ്ങളോ, വിരമിക്കൽ ആനുകൂല്യങ്ങളോ, കമ്മീഷനോ, സ്റ്റോക്ക് ഓപ്ഷനുകളോ ഒന്നും തന്നെ അംബാനിക്ക് ലഭ്യമായിട്ടില്ല. അതേസമയം, ഓഗസ്റ്റ് 7-ന്, ബ്ലൂംബെർഗ് ബില്യണയർ സൂചികയിലെ (ബിബിഐ) ഡാറ്റ പ്രകാരം, 2025-ൽ മുകേഷ് അംബാനിയുടെ ആസ്തി 99.8 ബില്യൺ ഡോളറാണ്, മുൻ വർഷത്തേക്കാൾ 9.19 ബില്യൺ ഡോളർ കൂടുതലാണ് ഇത്. ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ 18-ാമത്തെ വ്യക്തി കൂടിയാണ് അദ്ദേഹം.