ഇന്ത്യക്കുള്ള ഇറക്കുമതിത്തീരുവ 50 ശതമാനമായി ഉയര്‍ത്തിയ യുഎസ് നടപടിയില്‍ കനത്ത പ്രതിഷേധം ഉയരുകയാണ്. ഇന്ത്യക്ക് പിന്തുണയുമായി ബ്രസീല്‍, ചൈന, റഷ്യ എന്നീ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്കെതിരായ നിലപാടില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്നത്.
‘ഇരട്ട’ പ്രഹരം
ട്രംപ് നേരത്തെ ഇന്ത്യക്കുമേല്‍ 25 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ചിരുന്നു. എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ ഇന്ത്യയുടെ റഷ്യയുമായുള്ള സഹകരണമാണ് ട്രംപിനെ ചൊടിപ്പിച്ചത്. റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടര്‍ന്നതോടെ ഇറക്കുമതി തീരുവ 25 ശതമാനം കൂടി വര്‍ധിപ്പിച്ച് 50 ശതമാനമാക്കിയിരിക്കുകയാണ് ട്രംപ്. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താത്തപക്ഷം ചര്‍ച്ചയില്ലെന്നാണ് ട്രംപ് മാധ്യമങ്ങളോടു പറഞ്ഞത്.
പിന്തുണയുമായി ചൈനയും റഷ്യയും
ട്രംപിന്റെ ഇറക്കുമതി തീരുവ നയത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന നിലപാടിലാണ് ചൈനയും റഷ്യയും. ട്രംപിന്റെ താരിഫ് നയം രാജ്യാന്തര ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൈന തുറന്നടിച്ചു. ചൈനയുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം അത്ര നല്ല നിലയിലല്ല. എങ്കിലും യുഎസിനെതിരായ പോരാട്ടത്തില്‍ ചൈനയുടെ സഹായം ലഭിക്കുന്നത് നല്ലതാണെന്ന നിലപാടിലാണ് ഇന്ത്യയും.
ഇന്ത്യയെ പോലെ ചൈനയും റഷ്യന്‍ എണ്ണ വാങ്ങുന്നുണ്ട്. ഇന്ത്യക്കെതിരെ യുഎസ് നടത്തിയതിനു സമാനമായ ‘തീരുവ ചുമത്തല്‍’ തങ്ങള്‍ക്കെതിരെയും വരുമോയെന്നാണ് ചൈന ആശങ്കപ്പെടുന്നത്. ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ തീരുവയ്ക്കും പിഴയ്ക്കും സമാനമായ നടപടി ചൈനയ്ക്കെതിരെ ഉടന്‍ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ചൈന ഇന്ത്യക്ക് പൂര്‍ണ പിന്തുണ നല്‍കുന്നത്.
റഷ്യയും ഇന്ത്യക്ക് അനുകൂലമായ നിലപാടാണ് ഈ വിഷയത്തില്‍ എടുത്തിരിക്കുന്നത്. റഷ്യയുമായുള്ള സഹകരണം കൂട്ടാന്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്കോയിലെത്തി റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി സെര്‍ജി ഷോയ്ഗുവുമായി കൂടിക്കാഴ്ച നടത്തി. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ ഭീഷണികള്‍ക്കു മുന്നില്‍ വഴങ്ങരുതെന്നാണ് റഷ്യ ഇന്ത്യക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ബ്രസീലും ഇന്ത്യക്ക് അനുകൂലമായ നിലപാടിലാണ്.
മോദിക്കെതിരെ വിമര്‍ശനം
അതേസമയം യുഎസിനു ഇന്ത്യ വഴങ്ങുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ട്രംപിനെ ഉറ്റസുഹൃത്തായാണ് മോദി കാണുന്നതെന്നും അതുകൊണ്ട് യുഎസ് എന്ത് ചെയ്താലും അതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ മോദി തയ്യാറല്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. രാജ്യങ്ങളെ വരുതിയിലാക്കി വ്യാപാരസാധ്യത വര്‍ധിപ്പിക്കുകയാണ് ട്രംപിന്റെ ലക്ഷ്യമെന്നും മോദി അതിനു നിന്നുകൊടുക്കരുതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.