കക്കാടംപൊയിൽ; മഴയിൽ സുന്ദരിയായി കോഴിക്കോടിന്റെ മിനി ഗവി

മഴക്കാലത്ത് വെള്ളച്ചാട്ട ങ്ങളുടെയും കോടമഞ്ഞിന്‍റെയും കാഴ്ചകൾ കൊണ്ട് മനോഹരമായ ഒരു ഇടമാണ് കക്കാടം പൊയിൽ. തിരക്കുനിറഞ്ഞ ജീവിതത്തിൽ നിന്നും ഒരൽപ്പം മാറി നിൽക്കണം എന്ന് തോന്നുമ്പോൾ പോകാവുന്ന ഒരിടമാണ് ഇവിടെ. ബഹളങ്ങൾ ഇല്ലാത്ത ശാന്തമായ ഒരിടം.

കോഴിക്കോട് -മലപ്പുറം ജില്ലകളുടെ കിഴക്കേ ഭാഗത്തായി നിബിഡ വനവും ആഴമേറിയ താഴ്‌വരകളും ഉള്ള പശ്ചിമ ഘട്ടത്തിൻ്റെ പടിഞ്ഞാറൻ മുകൾഭാഗത്താണ് കക്കാടംപൊയിൽ സ്ഥിതി ചെയ്യുന്നത്.  സമുദ്രനിരപ്പിൽ നിന്നും 2200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കക്കാടം പൊയിലിൽ വർഷം മുഴുവനും തണുപ്പേറിയ കാലവസ്ഥയാണ് അനുഭവപ്പെടുന്നത്. 

മഴക്കാലത്താണ്  ഇവിടം സഞ്ചാരികൾ സജീവമാകുന്നത്. ഒരു 4 മണി കഴിയുമ്പോൾ തന്നെ ചുറ്റും ഇരുട്ട് പരന്നു തുടങ്ങും. സൂര്യനസ്തമിച്ചാൽ പിന്നെ തണുപ്പ് ഇരട്ടിയാകുന്നു. കക്കാടം പൊയിൽ കോഴിക്കോടിന്റെ മിനി ഗവിയെന്നാണ് അറിയപ്പെടുന്നത്. ഇവിടെ എത്തുന്ന സഞ്ചരികൾക്ക് കൺ കുളിർക്കെ കാഴ്ചകൾ കാണാം. മേഘങ്ങളാലും കോടമഞ്ഞിനാലും പൊതിഞ്ഞിരിക്കുന്ന

മാനത്തോളം ഉയർന്ന് നിൽക്കുന്ന മലനിരകളും വേനലിൽ നേർത്ത നൂലുപോലെ ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ പലതും മഴക്കാലത്ത് ജീവൻ വെച്ച് ഉയർത്തെണീക്കുന്നത് തേടിയാണ് സഞ്ചാരികളിൽ പലരും   കക്കാടം പൊയിലിൽ തേടി എത്തുന്നത്. സുരക്ഷിതമായി ഇറങ്ങാവുന്ന വെള്ളച്ചാട്ടങ്ങളാണ് ഏറെയും ഇവിടെ ഉള്ളത്. നടന്നു കയറുവാനുള്ള  ഇടങ്ങളും,  കോഴിപ്പാറ വെള്ളച്ചാട്ടവും പഴശ്ശി ഗുഹയും കക്കടാംപൊയിലിലെ പ്രധാന ആകർഷണങ്ങളാണ്.

സുന്ദരിയായ കോഴിപ്പാറ വെള്ളച്ചാട്ടം

കക്കടാംപൊയിലിൽ നിന്നും ഏകദേശം  മൂന്ന് കിലോമീറ്റർ ദൂരമാണ് കോഴിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് ഉള്ളത്.  പ്രവേശന കവാടത്തിൽ നിന്നും ടിക്കറ്റ് എടുത്തു വേണം ഇവിടേക്ക് വരാൻ. കക്കടാം പൊയിൽ നിന്ന് നായാടം പൊയിൽ വഴിയാണ് കോഴിപ്പാറയിലേക്ക് വരേണ്ടത്.

സൗന്ദര്യം കൊണ്ടും പ്രൗഢി കൊണ്ടും മറ്റുവെള്ളച്ചാട്ടങ്ങൾക്ക്  ഭീഷണിയാണ് കോഴിപ്പാറ വെള്ളച്ചാട്ടം. പന്തീരായിരം മലനിരകളിൽ നിന്നാണ് കോഴിപ്പാറ  വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്. ഏറെ ദൂരം അരുവിയായി ഒഴുകുന്ന ജലം കുറവൻ പുഴയിൽ ചേരുന്നു. 

പഴശ്ശി ഗുഹ

കക്കാടംപൊയിലിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെ, നയ്യാടം പൊയിലി നടുത്താണ് പഴശ്ശി ഗുഹ സ്ഥിതി ചെയ്യുന്നത്. വയനാട്ടിൽ നിന്ന് നിലമ്പൂരിലേക്ക് പോകുമ്പോൾ, പഴശ്ശിരാജാവ് ഈ ഗുഹ വിശ്രമസ്ഥലമായി ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. ഗുഹയ്ക്കുള്ളിൽ ഒരു പീഠവും നിരവധി കാഴ്ചാ സ്ഥാനങ്ങളുമുണ്ട്. 

കക്കാടം പൊയിലിലേക്ക് വരുന്നവർക്ക് കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്ന് നേരിട്ട്  വരാം.  കെ എസ് ആർ ടി സി ബസ് സൗകര്യം ഉണ്ട്. കോഴിക്കോട് കൂടരഞ്ഞിയിൽ നിന്ന് 15 കിലോമീറ്ററും,  തിരുവമ്പാടിയിൽ നിന്ന് 19 കിലോമീറ്ററും നിലമ്പൂരില് നിന്ന് 24 കിലോ മീറ്ററും ആണ് കക്കടാം പൊയിലേക്കുള്ള ദൂരം. 

നിലമ്പൂരിൽ നിന്ന് അകമ്പാടം വഴിയാണ് കക്കാടം പൊയിലിലേക്ക് കയറുന്നത്, പാതയിലുള്ള പ്രധാന ആകർഷണമാണ് ആഢ്യൻപാറ വെള്ളച്ചാട്ടവും ഓം കുരിശ് പ്പാറയും. കോഴിക്കോടു നിന്നാണ് വരുന്നതെങ്കിലും വഴിയിൽ ധാരാളം വെള്ളച്ചാട്ടങ്ങളും അരുവികളും കാണാം. കാപ്പിയും വാഴയും ആണ് ഇവിടുത്തെ പ്രധാന കൃഷിയിനം, മലഞ്ചെരുവിലാണ് ഇവ കൃഷി ചെയ്യുന്നത്. കക്കാടംപൊയിൽ നിന്ന് തിരിച്ച് പോകുമ്പോൾ ഈ കാഴ്ചകളും നിങ്ങളുടെ മനസ്സിനെ കീഴടക്കും.

Leave a Reply

Your email address will not be published. Required fields are marked *