ദുബായ്: ആഡംബരത്തിന്റെ അത്യുന്നതിയിൽ നിൽക്കുന്ന ദുബായ് യിൽ മാറ്റ് കൂട്ടാൻ പുതിയ ആഢംബര ദ്വീപ് കൂടിയെത്തുന്നു. നയാ ഐലന്‍ഡ് ദുബായ്. ജുമൈറ തീരത്ത് ആഡംബര ഹോട്ടൽ സമുച്ചയം ബുർജ് അൽ അറബിന് സമീപത്തായാണ് പുതിയ ദ്വീപ് ഉയരുക. ഈ ആഢംബര ദ്വീപില്‍ സ്വകാര്യ വില്ലകള്‍, ബീച്ചിനു അഭിമുഖമായിട്ടുള്ള താമസ സൗകര്യങ്ങൾ, എസ്റ്റേറ്റ് പ്ലോട്ടുകൾ, സ്വകാര്യ ബീച്ച് തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ടാകും. ദ്വീപിന്‍റെ നിര്‍മ്മാണ പദ്ധതി പുരോഗമിക്കുന്നു.
ശമൽ ഹോൾഡിങ് എന്ന നിക്ഷേപ സ്ഥാപനമാണ് ഷെവൽ ബ്ലാങ്കുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കുന്നത്. ദ്വീപിലെ ഷെവൽ ബ്ലാങ്ക് മേയ്സൻ ഹോട്ടലിൽ 30സ്യൂട്ടുകളും 40സ്വകാര്യ പൂൾ വില്ലകളുമുണ്ടാകും. നഗരത്തിലെ പ്രധാന റോഡ് ശൃംഖലയുമായി ബന്ധിപ്പിക്കുന്നതാണ് ഈ ദ്വീപ് എന്നതും പ്രത്യേകതയാണ്. ദ്വീപ് നിര്‍മ്മാണം പൂര്‍ത്തിയാക്കി 2029ഓടെ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാം ജുമൈറ, ബ്ലൂവാട്ടേഴ്‌സ്, വേൾഡ് ഐലൻഡ്‌സ് പാം ജബൽ അലി എന്നീ ആഡംബര ദ്വീപുകളുടെ പട്ടികയിലേക്കാണ് പുതിയ ദ്വീപ് കൂടി എത്തുന്നത്. ഉമ്മു സുഖീമിനും ജുമൈറ 3 നും ഇടയിൽ സ്ഥിതി ചെയ്യുന്ന വിശാലമായ പ്രദേശത്തായാണ് ദ്വീപ് പദ്ധതി ആരംഭിക്കുന്നത്.
ഓരോ വില്ലയ്ക്കും സ്വന്തമായി സ്വകാര്യ ബീച്ച് സൗകര്യം ഉള്ളതിനാൽ, ദ്വീപ് മുഴുവൻ പച്ചപ്പും അതിശയിപ്പിക്കുന്ന കടൽ കാഴ്ചകളും നിറഞ്ഞതാതായിരിക്കുമെന്നാണ് നിർമ്മാണക്കമ്പനി പറയുന്നത്. ഓരോ വില്ലയുടെയും രൂപകൽപ്പന ഇപ്പോഴും രഹസ്യമാണ്. മികച്ച അനുഭവങ്ങൾ സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്നും ആഡംബര ജീവിതത്തിനുള്ള ആഗോള മാനദണ്ഡമെന്ന നിലയിൽ ദുബായ് യിയുടെ സ്ഥാനം ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും ഷമാൽ ഹോൾഡിംഗ് സിഇഒ അബ്ദുള്ള ബിൻഹാബ്തൂർ പറഞ്ഞു.