മറ്റൊരു യുവതാരത്തെ നായകനാക്കാൻ രാജസ്ഥാൻ; സഞ്ജു ചെന്നൈയിലേക്ക്? 

മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ ആഗ്രഹിക്കുന്നത് മാനേജ്‌മെന്റുമായുള്ള വിയോജിപ്പുകളെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. തന്നെ റിലീസ് ചെയ്യണമെന്ന് സഞ്ജു രാജസ്ഥാന്‍ മാനേജ്‌മെന്റിനോടു ആവശ്യപ്പെട്ടതായി ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു. 

2025 ഐപിഎല്‍ സീസണ്‍ പൂര്‍ത്തിയായതിനു തൊട്ടുപിന്നാലെ രാജസ്ഥാന്‍ വിടാനുള്ള താല്‍പര്യം സഞ്ജു മാനേജ്‌മെന്റിനെ അറിയിച്ചതായാണ് വിവരം. എന്നാല്‍ സഞ്ജു തുടരണമെന്നാണ് മാനേജ്‌മെന്റ് ആഗ്രഹിച്ചത്. മറ്റൊരു പ്രമുഖ ഫ്രാഞ്ചൈസി സഞ്ജുവിന് ‘ബിഗ് ഓഫര്‍’ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ദ്രാവിഡിന്റെ നിലപാട് നിര്‍ണായകം 

സഞ്ജുവിനെ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ രാജസ്ഥാന്‍ ക്യാംപില്‍ ആരംഭിച്ചെന്നാണ് വിവരം. സഞ്ജു തുടരാന്‍ ആഗ്രഹിക്കാത്ത സാഹചര്യത്തില്‍ പിടിച്ചുനിര്‍ത്തേണ്ട ആവശ്യമില്ലെന്നാണ് രാജസ്ഥാന്റെ നിലപാട്. എന്നാല്‍ അന്തിമ തീരുമാനം മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും. സഞ്ജുവുമായി ദ്രാവിഡ് കൂടിക്കാഴ്ച നടത്തും. രാജസ്ഥാന്‍ തുടരണമെന്ന് സഞ്ജുവിനോടു ദ്രാവിഡ് ആവശ്യപ്പെടാനാണ് സാധ്യത. 

സാധ്യതകള്‍ 

2026 സീസണിനു മുന്‍പ് ട്രേഡിങ്ങിലൂടെ സഞ്ജുവിനെ വെച്ചുമാറാനാണ് രാജസ്ഥാന്‍ ശ്രമിക്കുക. അതായത് സഞ്ജുവിനെ നല്‍കുന്ന ഫ്രാഞ്ചൈസിയില്‍ നിന്ന് മറ്റൊരു താരത്തെ രാജസ്ഥാന്‍ തിരഞ്ഞെടുക്കും. അല്ലെങ്കില്‍ സഞ്ജുവിനെ നല്‍കുന്ന ഫ്രാഞ്ചൈസിയില്‍ നിന്ന് തുക വാങ്ങിച്ചുകൊണ്ടുള്ള ഡീലും ആയിരിക്കാം. മെഗാ താരലേലത്തിനു മുന്‍പ് 18 കോടിക്കാണ് സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്. 

അതൃപ്തിയുടെ തുടക്കം 

മെഗാ താരലേലത്തിനു മുന്നോടിയായി മുതിര്‍ന്ന താരം ജോസ് ബട്‌ലറെ റിലീസ് ചെയ്യാനുള്ള രാജസ്ഥാന്‍ മാനേജ്‌മെന്റ് തീരുമാനത്തില്‍ സഞ്ജുവിനു അതൃപ്തിയുണ്ടായിരുന്നു. സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ റിലീസ് ചെയ്തതും സഞ്ജുവിന്റെ താല്‍പര്യത്തിനു വിപരീതമായാണ്. 

റിയാന്‍ പരാഗിനു മാനേജ്‌മെന്റ് നല്‍കുന്ന അമിത പരിഗണനയും സഞ്ജുവിന്റെ അതൃപ്തിക്കു കാരണമാണ്. പരാഗിനെ മുഴുവന്‍ സമയ നായകനാക്കാന്‍ രാജസ്ഥാന്‍ മാനേജ്‌മെന്റ് ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കൂടുമാറ്റത്തിനായി സഞ്ജു ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. 

ചെന്നൈയിലേക്കോ? 

മഹേന്ദ്ര സിങ് ധോണിക്ക് പകരക്കാരനായി പരിചയസമ്പത്തുള്ള ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെ തിരയുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. കേരളത്തില്‍ നിന്നുള്ള താരം കൂടി ആയതിനാല്‍ സഞ്ജുവിനെ ടീമിലെത്തിക്കണമെന്ന് ചെന്നൈ മാനേജ്‌മെന്റ് ആഗ്രഹിക്കുന്നു. ഇതിനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. ചെന്നൈ ഫ്രാഞ്ചൈസിയില്‍ കളിക്കാന്‍ സഞ്ജുവിനും താല്‍പര്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *