ന്യൂഡൽഹി: ഇന്ത്യക്ക് പിഴചുങ്കം അടക്കം 50ശതമാനം ഇറക്കുമതി തീരുവ ഉയർത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഎം. രാജ്യത്താകമാനം പ്രതിഷേധം നടത്താനാണ് സിപിഎം ഒരുങ്ങുന്നത്. ഇറക്കുമതി ചുങ്കം ഉയർത്തിയത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തിലെ പരാമ്പരാഗത കയർ, കരകൗശല തൊഴിലാളികളെയാണ്. ഈ അവസരത്തിലാണ് ഔദ്യോഗിക പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററും രംഗത്ത് വരുന്നത്. ഇന്നും നാളെയും പ്രാദേശിക അടിസ്ഥാനത്തിൽ ട്രംപിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ട്രംപിനെ വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങിയ മോദിക്കേറ്റ തിരിച്ചടിയാണ് തീരുവ കൂട്ടലെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. അമേരിക്ക തീരുവ വർധിപ്പിച്ചത് കേരളത്തിന് വലിയ ആഘാതം ഉണ്ടാക്കും. സമുദ്രോൽപ്പന്ന, സുഗന്ധവ്യഞ്ജന കയറ്റുമതിയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ നടപടി ഏകപക്ഷീയവും സ്വേച്ഛാധിപത്യപരവുമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ നിലപാടറിയിച്ചു.
ഭീഷണിപ്പെടുത്തി കാര്യങ്ങൾ സാധിക്കുന്ന യു.എസ് സർക്കാറിന്റെ തന്ത്രങ്ങളാണ് നടപടിയിലൂടെ വ്യക്തമാകുന്നതെന്നും പോളിറ്റ് ബ്യൂറോ പത്രപ്രസ്താവനയിലൂടെ അറിയിച്ചു.ഇന്ത്യ പോലുള്ള രാജ്യങ്ങൾ റഷ്യയുമായി വ്യാപാര ബന്ധത്തിലേർപ്പെടുന്നത് തടയാനാണ് യു.എസും യൂറോപ്യൻ യുനിയനും ശ്രമിക്കുന്നത്. എന്നാൽ, അവർ റഷ്യയുമായി വ്യാപാരബന്ധം തുടരുകയും ചെയ്യുന്നു. സർക്കാർ അമേരിക്കൻ സമ്മർദത്തിന് വഴങ്ങാതെ ചെറുക്കണമെന്നും പോളിറ്റ് ബ്യൂറോ ഓർമിപ്പിക്കുന്നു.
രാജ്യത്തിന്റെ പരമാധികാരം സംരക്ഷിച്ച് അമേരിക്കൻ ഭീഷണിയെ ചെറുക്കണമെന്നും പോളിറ്റ് ബ്യൂറോ വ്യക്തമാക്കുന്നു. അമേരിക്ക ഏഷ്യയിലെ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തീരുവ ഇന്ത്യയ്ക്കാണ് ചുമത്തിയത്. പാകിസ്താന് 19 ശതമാനം തീരുവയാണ് ചുമത്തിയത്. അതേസമയം വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
എന്നാല്‍ ചര്‍ച്ചകള്‍ തുടരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. രാജ്യ താല്പര്യമാണ് ഒന്നാമതെന്നും കേന്ദ്രം അറിയിച്ചു. ഈ മാസം 25ന് അമേരിക്കന്‍ പ്രതിനിധി സംഘം ഇന്ത്യയില്‍ എത്തുമെന്നും ചര്‍ച്ച തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി. പഹൽഗ്രാം ആക്രമണവും തിരുവ പ്രതിസന്ധിയും തുടരുമ്പോൾ പാക് പട്ടാള മേധാവി അസിം മുനീർ ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതും വിവാദമാകുന്നുണ്ട്.