വെള്ളച്ചാട്ടത്തിന്റെ കുളിരു തേടി കാപ്പിമലയിലേക്ക്; കണ്ണൂരിലെത്തിയ നിർബന്ധമായും ഇവിടെ സന്ദർശിച്ചിരിക്കണം 

മഴയുടെ തണുപ്പിൽ കാടിന്റെ ഹൃദയത്തിലൂടെ വെള്ളച്ചാട്ടത്തിന്റെ കുളിരു നുകർന്നൊരു യാത്ര പോയാലോ..? എവിടേക്കാണ് എന്നല്ലേ, കണ്ണൂരിൽ അധികം അറിയാത്ത കാപ്പിമലയിലേക്കാണ് ആ യാത്ര.  വെള്ളച്ചാട്ടം ഇഷ്ടപ്പെടുന്നവരാ ണെങ്കിൽ തീർച്ചയായും സന്ദർശിക്കേണ്ട സ്പോട്ട് ആണിത്. മഞ്ഞു കാലമാകുമ്പോള്‍ പുകപോലെ കോടയിൽ പുതഞ്ഞു ചുറ്റുമുള്ള മലനിരകള്‍ കൂടുതല്‍ സുന്ദരമാകും. 

വെള്ളച്ചാട്ടം കാണാൻ മാത്രമല്ല വെള്ളത്തിൽ ഇറങ്ങാനും സാധിക്കും. താഴെ നിന്ന് വെള്ളച്ചാട്ടം കാണുക മാത്രമല്ല അതിന്റെ ഏറ്റവും മുകളിലേക്ക് പോകാനും പറ്റും. മലനിരകളും വനങ്ങളും കൊണ്ട് ചുറ്റപ്പെട്ട ഈ പ്രദേശം സന്ദർശകരെ ഒരിക്കലും നിരാശരാക്കില്ല. 

കണ്ണൂരിൽ നിന്നും തളിപ്പറമ്പ് അവിടെ നിന്നും ആലക്കോട് വഴിയാണ്  കാപ്പി മലയിലേക്ക് പോകേണ്ടത്. ആലക്കോട് നിന്നും ഏകദേശം 6 കിലോമീറ്റർ ദൂരം ആണ് കാപ്പി മലയിലേക്ക്. കാപ്പിമല എന്ന കൊച്ചു ഗ്രാമത്തിന്റെ പ്രധാന കാഴ്ച തന്നെ കാപ്പിമല വെള്ളച്ചാട്ടമാണ്. മൺസൂൺ യാത്ര അപകടം നിറഞ്ഞതാണെങ്കിലും  കാപ്പിമലയുടെ സൗന്ദര്യം ഏറ്റവും വന്യമാകുന്നതു മഴക്കാലത്താണ്‌. ജൂൺ മുതൽ സെപ്റ്റംബർ വരെ യുള്ള ഈ കാലത്ത് കാപ്പിമല സന്ദർശിക്കുന്നതായിരിക്കും ഏറ്റവും നല്ലത്. 

പെരുമഴ കഴിഞ്ഞാൽ  ഏറ്റവും വന്യമായ രീതിയിൽ ജലം ഒഴുകിവീഴുന്ന  വെള്ളച്ചാട്ടങ്ങളി ലൊന്നാണ്‌  കാപ്പിമല. തട്ടുതട്ടായി വെള്ളം ഒഴുകിവീഴുന്ന മനോഹരമായ കാഴ്ച കിലോ മീറ്ററുകൾ അപ്പുറത്ത് നിന്ന് തന്നെ സഞ്ചാരികൾക്ക് കാണാൻ സാധിക്കും.  പ്രകൃതി പാറകൾ കൊണ്ട് നിർമ്മിച്ച  കുളം പോലുള്ള സ്ഥലത്താണ് വെള്ളച്ചാട്ടം വന്നു പതിക്കുന്നത്. 

പൈതൽ മലയിലേക്ക് പോകുന്ന വഴിക്ക് സ്ഥിതി ചെയ്യുന്നത് കൊണ്ട് പൈതൽ മലയുടെ കവാടം  എന്നും കാപ്പിമല അറിയപ്പെടുന്നുണ്ട്. പൈതൽ മലയിൽ നിന്നാണ് കാപ്പിമല വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്.  അതുകൊണ്ട് നാട്ടുകാർ ഇതിനെ വൈതൽകുണ്ട് വെള്ളച്ചാട്ടം എന്നും വിളിക്കാറുണ്ട്. ആലക്കോട് നദിയുടെ തീരത്തുള്ള സെന്റ് മേരീസ് ഫൊറോന പള്ളി, കാപ്പിമലയിലേക്കു പോകുന്നവരുടെ  ഒരു ഇടത്താവളമാണ്.

ജനവാസം കുറഞ്ഞ, കാപ്പിത്തോട്ടങ്ങളും വാഴ തോട്ടങ്ങൾക്കും ഇടയിലൂടെ ചെളിനിറഞ്ഞ  മണ്‍പാത യിലൂടെയാണ് കാപ്പിമല യിലേക്കുള്ള യാത്ര. വെള്ളച്ചാട്ടത്തിനു മുകളിലായി ഒരു വ്യൂ പോയിന്റ് ഉണ്ട്. കാടിനുള്ളിലൂടെ വലിഞ്ഞു കയറിയാലേ  അതിനു മുകളിൽ എത്താൻ സാധിക്കു. അങ്ങോട്ടുള്ള യാത്ര സ്വന്തം  റിസ്കിൽ തന്നെ പോകേണ്ടി വരുമെന്നു അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകും.  ഇരുചക്ര വാഹനങ്ങളിലോ നാലുചക്ര വാഹനങ്ങളിലോ ഈ സ്ഥലത്തേക്ക്  പോകാമെങ്കിലും ബൈക്കുകളാണ് ഇങ്ങോട്ടുള്ള സാഹസിക യാത്രയ്ക്ക് ഏറ്റവും അനുയോജ്യം.

Leave a Reply

Your email address will not be published. Required fields are marked *