കോടീശ്വരനാകാൻ സ്വപ്നം കണ്ടു നടക്കേണ്ടതില്ല. ചില നിക്ഷേപ പദ്ധതികളിൽ ശരിയായ രീതിയിൽ നിക്ഷേപിക്കുന്നതിലൂടെ ആർക്കും കോടികൾ നേടാൻ സാധിക്കും. റിസ്‌ക് ഇല്ലാതെ നിക്ഷേപിക്കാന്‍ ഇഷ്ടപ്പെടുന്നവരെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) കോടീശ്വരന്‍ ആക്കും. ഇതിനായി നിങ്ങൾ ’15+5+5 ഫോര്‍മുല’ പിന്തുടരേണ്ടതുണ്ട്.
ഈ ഫോര്‍മുലയില്‍ 15 എന്നത് സ്‌കീമിന്റെ പ്രാരംഭ നിക്ഷേപ കാലാവധിയെ സൂചിപ്പിക്കുന്നു. തുടര്‍ന്നു വരുന്ന 5+5 എന്നത് രണ്ട് 5 വര്‍ഷത്തെ വിപുലീകരണത്തെ സൂചിപ്പിക്കുന്നു. അതായത് ഈ ഫോർമുല പ്രകാരം കോടീശ്വരർ ആകുന്നതിന് 25 വര്‍ഷം വേണ്ടി വരും. പിപിഎഫില്‍ പ്രതിവര്‍ഷം പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുക 1.5 ലക്ഷം രൂപയാണ്. കോടീശ്വരരാകാൻ ആഗ്രഹിക്കുന്നവര്‍ 25 വര്‍ഷത്തേക്ക് പ്രതിവര്‍ഷം 1.5 ലക്ഷം രൂപ വീതം പദ്ധതിയില്‍ നിക്ഷേപിക്കേണ്ടതുണ്ട്. അതായത് മാസം 12,500 രൂപ നിക്ഷേപിക്കേണ്ടി വരും.
25 വര്‍ഷത്തേക്ക് ഓരോ വര്‍ഷവും 1.5 ലക്ഷം രൂപ വീതം നിക്ഷേപിക്കുമ്പോള്‍ നിങ്ങളുടെ മൊത്തം നിക്ഷേപം 37,50,000 രൂപയായിരിക്കും. നിലവിലെ 7.1 ശതമാനം പലിശ പരിഗണിക്കുമ്പോള്‍, നിക്ഷേപത്തിന് 25 വര്‍ഷത്തില്‍ ലഭിക്കുന്ന പലിശ മാത്രം ഏകദേശം 65,58,015 രൂപയാകും. അതായത് കാലവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപവും, പലിശയും കൂടി മൊത്തം 1,03,08,015 രൂപ കിട്ടും.
എന്താണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്?
15 വര്‍ഷത്തെ ലോക്ക് ഇന്‍ കാലയളവില്‍ സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സമ്പാദ്യ പദ്ധതിയാണ് പിപിഎഫ്. പ്രതിവര്‍ഷം 7.1 ശതമാനം സ്ഥിര പലിശയാണ് പദ്ധതി വാഗ്‌ദാനം ചെയ്യുന്നത്. പിപിഎഫ് നിക്ഷേപം ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം ആനുകൂല്യങ്ങള്‍ക്ക് അര്‍ഹമാണ്. ലഭിക്കുന്ന പലിശയ്ക്കും നികുതി ഉണ്ടായിരിക്കില്ല.
പിപിഎഫിന്റെ സവിശേഷതകൾ
കാലാവധി: പിപിഎഫ് 15 വർഷത്തെ കാലാവധിയുള്ള ഒരു ദീർഘകാല സേവിങ്സ് പ്ലാനാണ്. കാലാവധി പൂർത്തിയാകുമ്പോൾ, അക്കൗണ്ട് ഉടമകൾക്ക് മുതലും പലിശയും ചേർത്ത് മുഴുവൻ തുകയും പിൻവലിക്കാം. നിക്ഷേപം നീട്ടാൻ ആഗ്രഹിക്കുന്നവർക്ക്, അഞ്ച് വർഷത്തേക്ക് അക്കൗണ്ട് പുതുക്കാവുന്നതാണ്.
പലിശ നിരക്ക്: പിപിഎഫിന്റെ നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ്.
പ്രാരംഭ നിക്ഷേപം: അക്കൗണ്ട് തുടങ്ങുമ്പോൾ പ്രാരംഭ നിക്ഷേപമായി 500 മുതൽ 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
എത്ര വരെ നിക്ഷേപിക്കാം: പിപിഎഫിൽ കുറഞ്ഞത് 500 രൂപ വാർഷിക നിക്ഷേപവും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം.