ഇംഗ്ലണ്ട് പര്യടനത്തില്‍ തന്റെ മനംകവര്‍ന്ന താരങ്ങളെ കുറിച്ച് ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ തുറന്നുപറയുകയാണ്. അതില്‍ ഇന്ത്യന്‍ നായകന് ശുഭ്മാന്‍ ഗില്‍ മുതല്‍ പേസര്‍ മുഹമ്മദ് സിറാജ് വരെയുണ്ട്. ഗില്ലിന്റെ ബാറ്റിങ്ങില്‍ അസാധാരണമായ നിയന്ത്രണം വന്നുതുടങ്ങിയെന്നും സിറാജിനു അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നും സച്ചിന് പറഞ്ഞു.
ഗില്ലിന്റെ ബാറ്റിങ് നിയന്ത്രണം
ഷോട്ടുകളില്‍ കൃത്യമായ നിയന്ത്രണം കൊണ്ടുവരാന്‍ ഗില്ലിനു സാധിച്ചെന്ന് സച്ചിന് പറയുന്നു. കളിക്കാന്‍ ഉദ്ദേശിക്കുന്ന ഷോട്ടുകള്ക്കനുസരിച്ച് ഗില്ലിന്റെ ശരീരം കൃത്യമായ നിയന്ത്രണത്തിലായിരുന്നു. മികച്ച ഫൂട്ട് വര്‍ക്കില്‍ ഓരോ പന്ത് കളിക്കാനും ഗില്ലിനു ആവശ്യമായ സമയം ലഭിക്കുന്നുണ്ടായിരുന്നു. ഗില്ലിന്റെ ഫ്രന്റ് ഫൂട്ട് പ്രതിരോധം എടുത്തുപറയേണ്ടതാണ്. നല്ല ബോളുകളെ ബഹുമാനിച്ചുകൊണ്ട് അനാവശ്യ ഷോട്ടുകള്‍ കളിക്കാതിരിക്കാന്‍ ഗില്‍ നന്നായി ശ്രദ്ധിച്ചിരുന്നെന്ന് സച്ചിന് പറഞ്ഞു.
രാഹുലിനെ കുറിച്ച് എന്ത് പറയാന്‍ !
രാഹുലിന്റെ ബാറ്റിങ്ങിനെ കുറിച്ച് പറഞ്ഞാല്‍ ‘ഉഗ്രന്‍’. രാഹുലിന്റെ കരിയര്‍ എടുത്തുനോക്കിയാല്‍ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്ന്. കൃത്യമായി പ്ലാന്‍ ചെയ്താണ് രാഹുല്‍ പന്തുകള്‍ ലീവ് ചെയ്തിരുന്നത്. ഓഫ് സ്റ്റംപ് എവിടെയാണെന്നും ഏത് ബോളാണ് ലീവ് ചെയ്യേണ്ടതെന്നും രാഹുലിന് നന്നായി അറിയാമായിരുന്നു. ചില സമയത്ത് എനിക്ക് തോന്നി ബൗളറെ നിരാശനാക്കാന്‍ പോലും രാഹുലിന് സാധിക്കുന്നുണ്ടെന്ന്. ഷോട്ടിനായുള്ള അളവില്‍ പന്ത് വരുമ്പോള്‍ രാഹുല്‍ ചില ഗംഭീര ഷോട്ടുകളും കളിച്ചു.
സിറാജിനു അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല
സിറാജിന്റെ ബൗളിങ് പ്രകടനത്തെ അവിശ്വസനീയം എന്നാണ് സച്ചിന് വിശേഷിപ്പിച്ചത്. തുടര്‍ച്ചയായി ഒകു ബൗളര്‍ സ്ഥിരതയോടെ ആക്രമിച്ചു കൊണ്ടിരിക്കുന്നത് ഒരു ബാറ്റര്‍ക്കും ഇഷ്ടമല്ല. സിറാജിന്റെ കളിയോടുള്ള മനോഭാവം മികച്ചതാണ്. ആദ്യദിനം മുതല്‍ അവസാന ദിനം വരെ ഈ മനോഭാവം തുടരാന്‍ സിറാജിനു സാധിക്കുന്നു. ആവശ്യമുള്ളപ്പോഴെല്ലാം ടീമിനു വേണ്ടി ഇംപാക്ട് ഉണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നു. പ്രകടനം വെച്ച് നോക്കുമ്പോള്‍ സിറാജിനു അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്നും സച്ചിന് പറഞ്ഞു.
ഭയമില്ലാത്തവന് ജയ്സ്വാള്‍
ഒന്നിനോടും ഭയമില്ലാത്ത യശസ്വി ജയ്സ്വാളിന്റെ ശരീരഭാഷയും സച്ചിന്റെ ഇഷ്ടം പിടിച്ചുപറ്റി. എപ്പോള്‍ ഇന്നിങ്സിന്റെ വേഗത കൂട്ടണമെന്ന് അവനു നന്നായി അറിയാം. അവസാന ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ വളരെ ബുദ്ധിമുട്ടുള്ള പിച്ചിലാണ് ജയ്സ്വാള്‍ സെഞ്ചുറി നേടിയത്. അസാധാരണമായ പക്വതയും മനോധൈര്യവും അവന് ബാറ്റിങ്ങില്‍ കാണിച്ചു. നൈറ്റ് വാച്ച് മാനായി എത്തിയ ആകാശ് ദീപിനെ കൊണ്ട് ജയ്സ്വാള്‍ സ്കോര്‍ ചെയ്യിപ്പിച്ച രീതിയും എടുത്തുപറയേണ്ടതാണെന്ന് സച്ചിന് കൂട്ടിച്ചേര്‍ത്തു.
പന്ത് ദൈവത്തിന്റെ ദാനം
റിഷഭ് പന്തിന്റെ സ്ട്രോക് പ്ലേയും പഞ്ചുകളും ഞെട്ടിച്ചെന്ന് സച്ചിന്. ഇന്ത്യന്‍ ടീമിലെ ‘ദൈവത്തിന്റെ ദാനം’ എന്നാണ് പന്തിന്റെ കളിയെ സച്ചിന് വിശേഷിപ്പിച്ചത്. ഇങ്ങനെയൊരു ഷോട്ട് ഇവന് കളിക്കേണ്ടതില്ലെന്ന് ചില സമയത്ത് നമുക്ക് തോന്നും. പക്ഷേ ആ ഷോട്ട് കളിക്കാന്‍ അവനു ധൈര്യമുണ്ടാകും. ഒരു കളിയുടെ ഗതി നിര്‍ണയിക്കാന്‍ പോലും കഴിയുന്ന താരമാണ് പന്തെന്നും സച്ചിന് കൂട്ടിച്ചേര്‍ത്തു.