ബിജെപി വക്താവായിരുന്ന അഡ്വ.ആരതി സാതേയെ ബോംബെ ഹൈക്കോടതി ജഡ്ജായി നിയമിച്ചതിനെ ചൊല്ലി മഹാരാഷ്ട്രയിൽ രാഷ്ട്രീയ വിവാദം. നിയമനം നിയമവ്യവസ്ഥയ്ക്ക് ഏറ്റ കനത്ത തിരിച്ചടിയാണെന്നും എത്രയും പെട്ടന്ന് നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. ലോക്സഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി.
ബിജെപിയുടെ നിലവിലെ വക്താവായ സാതേ ഉൾപ്പെടെ മൂന്നു പേരെ ജഡ്ജിമാരായി നിയമിച്ച് ജൂലൈ 28ന് ആണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ വക്താവ് എന്ന നിലയിൽ പ്രവർത്തിക്കുന്ന വ്യക്തിയെ ജഡ്ജിയായി നിയമിച്ച നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് എൻസിപി ജനറൽ സെക്രട്ടറി രോഹിത് പവാർ വ്യക്തമാക്കിയത്. നിയമനത്തിന് മുൻപ് സാതേ വക്താവ് പദവി രാജിവച്ചെന്നാണ് ബിജെപിയുടെ വിശദീകരണം.
ഒരു രാഷ്ട്രീയ പാർട്ടിയുടെ വക്താവായ ആളെ ജുഡിഷ്യറിയുടെ തലപ്പത്തേക്ക് കൊണ്ടു വരുന്നതനെ ന്യായീകരിക്കാനാവില്ലെന്ന് നിലപാടിലാണ് പ്രതിപക്ഷ പാർട്ടികൾ. ബി ജെ പി സംസ്ഥാന നേതൃത്വത്തിൽ നിന്ന് നിയമനത്തിൽ കൃത്യമായ വിശദീകരണം വന്നിട്ടില്ല. എന്തായാലും രാഷ്ട്രീയ പാർട്ടികളും ജുഡിഷ്യറിയും തമ്മിൽ അവിശുദ്ധ ബന്ധമെന്ന് ആക്ഷേപത്തിന് ആക്കം കൂട്ടുന്ന നടപടികളെ അംഗീകരിക്കാൻ കഴിയില്ലെന്ന് ഇതിനോടകം രാഷ്ട്രീയ കക്ഷികൾ നിലപാടെടുത്തതാണ്.
ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ സാഹചര്യത്തിൽ ജഡ്ജി നിയമനത്തിൽ ദേശീയ നേതൃത്വവും മറുപടി പറയേണ്ടി വരും. ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് സംസ്ഥാന ദേശീയ നേതൃത്വത്തിന്റെ കൂടി ഉത്തരവാദിത്തമാണ്. ഉടൻ തന്നെ ബി ജെ പി ജഡ്ജി നിയമനത്തിൽ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്