വാഷിങ്ങ്ടൺ: ഇന്ത്യക്ക് അധിക തീരുവ ചുമത്തുമെന്ന തീരുമാനത്തിൽ നിന്നും ട്രംപ് പിന്മാറാൻ സാധ്യത. റഷ്യയുമായി ചർച്ച നടത്തിയത്തിയതിന് ശേഷം അറിയിക്കും. ഇന്ത്യക്കെതിരെയുള്ള ട്രംപിന്റെ നീക്കത്തെ വിമർശിച്ച് റഷ്യ രംഗത്തെത്തിയിരുന്നു. തങ്ങളുടെ സഖ്യകക്ഷികളുമായുള്ള വ്യാപാര ബന്ധം ഇല്ലാതാക്കാൻ അമേരിക്ക അനാവശ്യമായി സമ്മർദ്ദം ചെലുത്തുകയാണെന്നും സ്വന്തം വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ചൂണ്ടി കാണിച്ചു. റഷ്യയുടെ ഈ പ്രതികരണത്തെ തുടർന്നാണ് ട്രംപ് തീരുമാനങ്ങൾ മയപ്പെടുത്തിയത്.
ഇന്ത്യയ്ക്ക് അധിക തീരുവ നടപ്പാക്കാനുള്ള തീരുമാനം ഇന്നുണ്ടാകില്ലെന്നും വിശദമായ പ്രതികരണം പിന്നീടെന്നുമാണ് ട്രംപ് ഒടുവിൽ പറഞ്ഞിരിക്കുന്നത്. റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് 24 മണിക്കൂറിൽ തീരുവ ചുമത്തുമെന്ന് ട്രംപ് തിങ്കളാഴ്ച്ച പറഞ്ഞിരുന്നു. ഇന്ത്യ നല്ലൊരു വ്യാപാര പങ്കാളിയല്ല എന്ന് ട്രംപ് തുറന്നടിച്ചതിന് പിന്നാലെയായിരുന്നു ഇത്. എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ കടുത്ത നിലപാടുകൾ എടുക്കുമ്പോൾ യുക്രൈൻ യുദ്ധത്തിനിടയിലും അമേരിക്ക റഷ്യയുമായി വ്യാപാരം നടത്തുന്ന ഇരട്ടത്താപ്പ് അംഗീകരിക്കാനാകില്ലെന്ന ഇന്ത്യൻ നിലപാടിന് പിന്നാലെയാണ് ട്രംപ് തീരുവ കൂട്ടുമെന്ന ഭീഷണിയുമായി രംഗത്തെത്തിയത്.
റഷ്യയുമായി അമേരിക്ക രാസവള വ്യാപാരം നടത്തുന്നു എന്ന് ഇന്ത്യ ഇറക്കിയ പ്രസ്താവനയെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ അതിനെക്കുറിച്ച് അറിയില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി. റഷ്യയുമായുള്ള ഇന്ത്യയുടെ പ്രതിരോധ, ഊർജ്ജ ബന്ധം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോയിലെത്തിയിട്ടുണ്ട്. റഷ്യയുമായുള്ള ഇന്ത്യയുടെ തുടർച്ചയായ എണ്ണ വ്യാപാരത്തിൽ അമേരിക്ക ആശങ്കകൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം.
ഉക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യ നിഷ്പക്ഷത പാലിച്ചുകൊണ്ട് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ വിമർശിച്ചിരുന്നു . ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് സാധ്യമായ വ്യാപാര തീരുവകൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും സന്ദർശനമെന്ന് ടാസ് റിപ്പോർട്ട് ചെയ്യുന്നു. “നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യത്തിന്റെ വർദ്ധനവും ചർച്ച ചെയ്യും. അതിനുപുറമെ, [ഇന്ത്യയിലേക്കുള്ള] റഷ്യൻ എണ്ണ വിതരണം പോലുള്ള അടിയന്തര വിഷയങ്ങളും വിഷയങ്ങളിൽ ഉൾപ്പെടും,” വൃത്തങ്ങൾ പറഞ്ഞു.