തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു. അവധിക്കാല മാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നേരത്തെ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തുടക്കമിട്ടിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിത ക്ലാസുകളുടെ ഘടനയിലും മാറ്റം വരുമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. നിരനിരയായി ബെഞ്ചുകളിടുന്ന രീതി മാറി അർധവൃത്താകൃതിയിൽ സീറ്റുകൾ ക്രമീകരിക്കാനാണ് പദ്ധതിയിടുന്നത്.
നേരത്തെ തമിഴ് നാട്ടിലെ സ്കൂളുകളിൽ ഈ രീതി അവലംബിച്ചിരുന്നു. ശ്രീക്കുട്ടന്’ എന്ന സിനിമയിലെ രംഗങ്ങളുടെ പ്രചോദനത്തിലാണ് തമിഴ്നാട് ക്ലാസ് മുറികളില്‍ ബാക്ക് ബെഞ്ച് ഒഴിവാക്കി അര്‍ധവൃത്താകൃതിയില്‍ സീറ്റുകള്‍ സജ്ജമാക്കിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. സംസ്ഥാനത്തെ സ്കൂള്‍ ക്ലാസ് മുറികളില്‍നിന്ന് ‘പിന്‍ബെഞ്ചുകാര്‍’ എന്നൊരു സങ്കല്‍പ്പം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഈ സങ്കല്പം ഒരു വിദ്യാര്‍ഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രി വി.ശിവന്‍കുട്ടി സമൂഹമാധ്യമത്തില്‍ കുറിച്ചു.
‘ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാന്‍ പാടില്ല. എല്ലാ കുട്ടികള്‍ക്കും തുല്യ അവസരങ്ങള്‍ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നതിനെക്കുറിച്ച് ആലോചിക്കുന്നു. പിന്‍ബെഞ്ചുകാര്‍ എന്ന ആശയം ഇല്ലാതാക്കാന്‍ പല രാജ്യങ്ങളും പല മാതൃകകളും പിന്തുടരുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസരീതിക്ക് അനുയോജ്യമായ ഏറ്റവും മികച്ച മാതൃക കണ്ടെത്താന്‍ വിദഗ്ധസമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചു. ഈ സമിതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് മുന്നോട്ട് പോകാം.’’
അതേസമയം അവധിക്കാലം മാറ്റുന്നതിനെക്കുറിച്ചു പൊതുചർച്ചയ്ക്ക് വിദ്യാഭ്യാസ വകുപ്പു തുടക്കമിട്ടിട്ടുണ്ട്. ഇപ്പോൾ ഏപ്രിൽ, മേയ് മാസങ്ങളിലാണ് സ്കൂളുകൾക്ക് അവധിയുള്ളത്. അത് ജൂൺ, ജൂലൈ മാസങ്ങളിലേക്കു മാറ്റണോ എന്നതു സംബന്ധിച്ചാണു ചർച്ച നടക്കുന്നത്. സ്വാഭാവികമായും ഇതുമായി ബന്ധപ്പെട്ടു രണ്ടു വാദങ്ങളുണ്ട്. വർഷങ്ങളായി തുടരുന്ന വേനൽ അവധി അതുപോലെ തുടരണമെന്നതാണ് ഒന്ന്. അതല്ല ഇപ്പോഴത്തെ മഴക്കാലത്തിന്റെ പ്രത്യേകത കൂടി കണക്കിലെടുത്ത് മഴക്കാലത്ത് അവധി നൽകുന്നതാണു നല്ലതെന്നു ചിന്തിക്കുന്നവർ മറുവശത്തുണ്ട്.