കള്ളപ്പണം വെളുപ്പിക്കൽ കേസ്: അനിൽ അംബാനി ഇഡിയ്ക്ക് മുന്നിൽ ഹാജരാകും

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. 17,000 കോടി രൂപയുടെ ബാങ്ക് വായാപാത്തുക കള്ളപ്പണം വെളുപ്പിക്കലിനായി ഉപയോഗിച്ചു എന്ന കേസിലാണ് ഇഡി അനിൽ അംബാനിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.

അനിൽ അംബാനിയുടേയും അടുപ്പക്കാരുടേയും കമ്പനികളിൽ കഴിഞ്ഞയാഴ്ച വിശദമായ പരിശോധന നടന്നിരുന്നു. മുംബൈയിൽ ഉൾപ്പെടെയുള്ള മുപ്പത്തിയഞ്ച് കേന്ദ്രങ്ങളിലെ അൻപത്തിയാറ് സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ് നടത്തിയത്. ഏകദേശം ഒൻപത് മണക്കൂർ നീണ്ട റെയ്ഡിൽ ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് ഇ ഡി റിലയൻസ് ചെയർമാന് നോട്ടീസ് നൽകിയത്. 

റെയ്ഡിൽ നിരവധി രേഖകളും ഗാഡ്ജറ്റുകളും പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം – ആഗസ്റ്റ് ഒന്നിനാണ് – ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് ഇ ഡി സമൻസ് അയച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ അനില്‍ അംബാനിയുടെ വിവിധ കമ്പനികള്‍ക്ക് അനുവദിച്ച വായ്പകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട്  നേരത്തെ തന്നെ ഇ ഡി ബാങ്കുകളോട് വിശദാംശങ്ങൾ തേടിയിരുന്നു. 

ഇഡി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ യെസ് ബാങ്കില്‍ നിന്ന് 2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ഏകദേശം 3,000 കോടി രൂപയുടെ അനധികൃത വായ്പ വഴിമാറ്റിയതായി കണ്ടെത്തിയിരുന്നു. പിന്നീടുള്ള അന്വേഷണത്തില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് 14,000 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതായും ഇഡി കണ്ടെത്തി. ജൂലൈ 24 മുതലാണ് വിവിധ കേന്ദ്രങ്ങളിലായി റെയ്ഡുകള്‍ ആരംഭിച്ചത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) വ്യവസ്ഥകള്‍ പ്രകാരം നടത്തിയ റെയ്ഡുകള്‍ ഡല്‍ഹിയിലും മുംബൈയിലുമായിട്ടാണ് പ്രധാനമായും നടന്നത്. 50 കമ്പനികളുടെയും 25 വ്യക്തികളുടെയും സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. 25-ലധികം പേരെ ഇതിനോടകം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

സാമ്പത്തിക ഇടപാട് കേസിൽ കേന്ദ്രസർക്കാറിന്റെ  അടുപ്പക്കാരെ ഒഴിവാക്കുന്നുവെന്നും ഇ ഡിയും സി ബി ഐയും ഉൾപ്പെടെയുള്ള ഏജൻസികളെ ഉപയോഗിച്ച് സർക്കാർ പ്രതികാര നടപടികൾ തുടരുന്നുവെന്ന ആക്ഷേപവും ശക്തമാകുന്നതിനിടെയാണ് റിലയൻസ് ഗ്രൂപ്പ് ചെയർമാനെതിരെ ഇ ഡി രംഗത്തെത്തിയത്. എന്നാൽ അന്വേഷണ ഏജൻസിയുമായി പൂർണമായും സഹകരിക്കുമെന്നും കാര്യങ്ങളിൽ വ്യക്തത വരുത്തുക എന്നത്റിലയൻസ് ഗ്രൂപ്പിന്റെ ഉത്തരവാദിത്തമാണെന്നുമാണ് കമ്പനിയുടെ നിലപാട്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് ഉയരുന്ന ആരോപണം തെറ്റിദ്ധാരണാ ജനകമാണെന്നും ഈ കാര്യത്തിൽ   ഇഡിക്ക് മുന്നിൽ വ്യക്തത വരുത്തുമെന്നും റിലയൻസ് ഗ്രൂപ്പിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *