വിപണിയുടെ പ്രതികരണത്തെ ആശ്രയിച്ച്, ടെസ്‌ല ഇന്ത്യയിലുടനീളം ഷോറൂമുകൾ തുറക്കാൻ സാധ്യതയുണ്ട്
പ്രിയ ശ്രീനിവാസൻ
ന്യൂഡൽഹി: ഇന്ത്യൻ വിപണിയിൽ നേട്ടം കൊയ്യാൻ കരുനീക്കവുമായി ഇലോൺ മസ്‌കിന്റെ ടെസ്‌ല. അതിന്റെ മുന്നോടിയായി മുംബൈയ്ക്ക് ശേഷം, ഡൽഹിയിലെ എയ്റോസിറ്റിയിൽ ഓഗസ്റ്റ് 11 ന് ടെസ്‌ല ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം തുറക്കും. എയ്‌റോസിറ്റിയിലെ വേൾഡ്മാർക്ക് 3 ലാണ് ഷോറൂം ഉപഭോക്താക്കൾക്കായി തുറക്കുക. മുംബൈ ഷോറൂമിനെപ്പോലെ, ഈ ഷോറൂമും ഒരു ഡിസ്‌പ്ലേ, കസ്റ്റമർ എക്‌സ്പീരിയൻസ് സെന്ററായിട്ടാണ് പ്രവർത്തിക്കുക. ഇവിടെ സന്ദർശകർക്ക് വാഹനങ്ങൾ അടുത്തുനിന്ന് കാണാനും ടെസ്‌ലയുടെ സാങ്കേതികവിദ്യ മനസ്സിലാക്കാനും സാധിക്കും.
ജൂലൈ 15 ന് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ ആദ്യത്തെ ഷോറൂം ആരംഭിച്ചുകൊണ്ട് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല ഇന്ത്യൻ വിപണിയിലേയ്ക്ക് പ്രവേശിച്ചിരുന്നു. മോഡൽ വൈ എസ്‌യുവിയിലൂടെയാണ് കമ്പനിയുടെ ഇന്ത്യൻ യാത്ര ആരംഭിക്കുന്നത്. ടെസ്‌ലയുടെ മോഡൽ വൈ യൂണിറ്റുകൾ കമ്പനിയുടെ ഷാങ്ഹായിലെ ഗിഗാഫാക്ടറിയിൽ നിന്നായിരിക്കും ഇറക്കുമതി ചെയ്യുന്നത്. നിലവിൽ ടെസ്‌ലയുടെ പല അന്താരാഷ്ട്ര വിപണികളിലെയും വാഹനങ്ങൾ നിർമിക്കുന്നത് ഷാങ്ഹായ് പ്ലാന്റിലാണ്.
മോഡൽ Y റിയർ-വീൽ ഡ്രൈവിന് എക്സ് ഷോറൂം വില 60 ലക്ഷം രൂപ ആണ്. മറ്റ് വിപണികളിലെ ടെസ്‌ലയുടെ അടിസ്ഥാന വിലയേക്കാൾ കൂടുതലാണ് ഇന്ത്യയിലെ വില. യുഎസിൽ, മോഡൽ Y യുടെ വില 44,990 യുഎസ് ഡോളറിൽ ആരംഭിക്കുന്നു, അതേസമയം ചൈനയിൽ 263,500 യുവാൻ ഉം ജർമ്മനിയിൽ 45,970 യൂറോയുമാണ് വില. ഇന്ത്യയിലെ ഇറക്കുമതി തീരുവയാണ് വില കൂടാൻ പ്രധാന കാരണം.
ഇന്ത്യയ്ക്കായി ടെസ്‌ല ഇതുവരെ ആറ് യൂണിറ്റ് മോഡൽ വൈ എസ്‌യുവി ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇവ മുംബൈ ഷോറൂമിൽ പ്രദർശനത്തിനും ടെസ്റ്റ് ഡ്രൈവുകൾക്കും ഉപയോഗിക്കുമെന്ന് കമ്പനി പറഞ്ഞു. വാഹനങ്ങൾ കൂടാതെ ഏകദേശം 1 മില്യൺ യുഎസ് ഡോളർ വിലമതിക്കുന്ന സൂപ്പർചാർജർ ഉപകരണങ്ങളും മറ്റു അനുബന്ധ ഉപകരണങ്ങളും ടെസ്‌ല ഇന്ത്യയിൽ എത്തിച്ചു കഴിഞ്ഞു.
അനുബന്ധ ഉപകരണങ്ങൾ കൂടുതലും ചൈനയിൽ നിന്നും അമേരിക്കയിൽ നിന്നുമാണ് കൊണ്ടുവന്നത്. രാജ്യത്തെ ആദ്യത്തെ കസ്റ്റമേഴ്‌സിനെ പിന്തുണയ്ക്കുന്നതിനായി മുംബൈയിലും പരിസരത്തും നിരവധി സൂപ്പർചാർജറുകൾ സ്ഥാപിക്കാൻ സാധ്യതയുണ്ട്. വിപണിയുടെ പ്രതികരണത്തെ ആശ്രയിച്ച്, ടെസ്‌ല ഇന്ത്യയിലുടനീളം ഷോറൂമുകൾ തുറക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ട്.
വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും വിൽപ്പനാനന്തര സർവീസും കൈകാര്യം ചെയ്യുന്നതിനായി കമ്പനി മുംബൈയിലെ കുർള വെസ്റ്റിൽ ഒരു സർവീസ് സെന്ററും ഒരുക്കുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനൊക്കെയാണെങ്കിൽ ഇലോൺ മസ്‌കിന്റെ ടെസ്‌ലയുടെ ഇന്ത്യയിലെ പുതിയ ഷോറൂമുകൾക്കായി നമുക്ക് കാത്തിരിക്കാം.