ഓവല്‍ ടെസ്റ്റില്‍ ഇന്ത്യ ഐതിഹാസിക വിജയം നേടിയിരിക്കുന്നു. ആവേശം കൊടുമുടി കയറിയ മത്സരത്തില്‍ ആറ് റണ്‍സിനാണ് ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ഓവല്‍ ടെസ്റ്റിന്റെ അഞ്ചാം ദിനമായ ഇന്ന് ഓരോ ബോളും നെഞ്ചിടിപ്പിന്റേതായിരുന്നു. മത്സരം തത്സമയം കാണാത്തവര്‍ക്ക് നഷ്ടമായത് നൂറ്റാണ്ടിന്റെ ‘ക്ലൈമാക്സ്’ എന്ന് നിസംശയം പറയാം.
നാലാം ദിനമായ ഇന്നലെ കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് നേടിയിരുന്നു. കളി 90 ശതമാനവും ഇംഗ്ലണ്ടിനു അനുകൂലം. പിന്നെ ബാക്കി പത്ത് ശതമാനം ! എന്തെങ്കിലും അത്ഭുതങ്ങള്‍ നടന്നാല്‍ ഇന്ത്യ ജയിക്കുമെന്ന് ആരാധകര്‍ പോലും കരുതി. ഒടുവില്‍ ആ അത്ഭുതം സംഭവിച്ചു, മുഹമ്മദ് സിറാജിന്റെ രൂപത്തില്‍ !
അഞ്ചാം ദിനമായ ഇന്ന് കളിക്കാന്‍ ഇറങ്ങുമ്പോള്‍ ഇംഗ്ലണ്ടിനു നാല് വിക്കറ്റ് ശേഷിക്കെ ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും 35 റണ്‍സ് മാത്രമാണ്. പ്രസിദ്ധ് കൃഷ്ണ എറിയുന്ന 77-ാം ഓവറില്‍ നാല് പന്തുകള്‍ ശേഷിക്കെയാണ് നാലാം ദിനം കളി നിര്‍ത്തിയത്. അഞ്ചാം ദിനം കളി പുനഃരാരംഭിക്കുമ്പോള്‍ പ്രസിദ്ധിനു ശേഷിക്കുന്ന നാല് പന്തുകള്‍ എറിഞ്ഞു തീര്‍ക്കണം. അഞ്ചാം ദിനത്തിലെ ആദ്യ രണ്ട് പന്തുകളില്‍ തുടര്‍ച്ചയായി ബൗണ്ടറി നേടി ജാമി ഓവര്ടണ് ഇംഗ്ലണ്ടിന്റെ നയം വ്യക്തമാക്കി. 35 റണ്‍സ് അതിവേഗം സ്കോര്‍ ചെയ്ത് കളി ജയിപ്പിക്കുകയായിരുന്നു ഓവര്‍ടണിന്റെ ലക്ഷ്യം.
എന്നാല്‍ 78-ാം ഓവര്‍ എറിയാനെത്തിയ മുഹമ്മദ് സിറാജിനു മുന്നില്‍ ഇംഗ്ലണ്ടിന്റെ സ്വപ്നങ്ങള്‍ ഓരോന്നായി പൊലിയാന്‍ തുടങ്ങി. ഈ ഓവറിലെ ആദ്യ രണ്ട് പന്തുകള്‍ ബീറ്റണ്‍ എറിഞ്ഞ സിറാജ് ഇംഗ്ലണ്ടിനു വെല്ലുവിളിയായേക്കുമെന്ന് കാണികളും പ്രതീക്ഷിച്ചു. തൊട്ടടുത്ത പന്തില്‍ ജാമി സ്മിത്തിനെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിന്റെ കൈകളില്‍ എത്തിച്ച് സിറാജ് ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ കാത്തു. വെറും രണ്ട് റണ്‍സിന് ഒരു വിക്കറ്റ് വഴങ്ങി സിറാജ് അഞ്ചാം ദിനത്തിലെ തന്റെ ആദ്യ ഓവര്‍ പൂര്‍ത്തിയാക്കി.
പ്രസിദ്ധ് എറിഞ്ഞ 79-ാം ഓവറില്‍ ഇംഗ്ലണ്ട് നാല് റണ്‍സെടുത്തു. ഇംഗ്ലണ്ടിനു ജയിക്കാന്‍ മൂന്ന് വിക്കറ്റ് ശേഷിക്കെ വേണ്ടിയിരുന്നത് 21 റണ്‍സ് മാത്രം. തൊട്ടടുത്ത ഓവറില്‍ ജാമി ഓവര്‍ടണിനെ ലെഗ് ബൈ വിക്കറ്റിനു മുന്നില്‍ കുരുക്കി സിറാജിന്റെ വക വീണ്ടുമൊരു ബ്രേക്ക് ത്രൂ ! 83-ാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണ ജോഷ് ടംഗിനെ മടക്കി ഇന്ത്യയെ വിജയത്തിനു തൊട്ടരികെ എത്തിച്ചു. ഇംഗ്ലണ്ടിനു ജയിക്കാന്‍ ഒരു വിക്കറ്റ് ശേഷിക്കെ വേണ്ടത് 17 റണ്‍സ് !
ഒന്‍പതാമനായി ഇറങ്ങിയ ഗസ് അറ്റ്കിന്സണ് ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒറ്റക്കൈയുമായി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പതിനൊന്നാമന്‍ ക്രിസ് വോക്സിനെ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നിര്‍ത്തിച്ച് അറ്റ്കിന്സണ് ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ചു. സിറാജ് എറിഞ്ഞ 84-ാം ഓവറിലെ രണ്ടാം പന്തില്‍ അറ്റ്കിന്സണ് ലോങ് ഓണില്‍ ഉയര്‍ത്തി അടിക്കാന്‍ ശ്രമിച്ച പന്ത് നേരെ ആകാശ് ദീപിന്റെ കൈകളിലേക്ക്. അവിടെ കഴിയേണ്ടതാണ് കളി..! എന്നാല്‍ മിസ്ജഡ്ജ്മെന്റിനെ തുടര്‍ന്ന് ആ ക്യാച്ച് ആകാശ് ദീപിനു നഷ്ടമായി, മാത്രമല്ല അത് സിക്സും ! ഈ ഓവറിലെ അവസാന പന്തില്‍ സിംഗിളെടുത്ത് അടുത്ത ഓവറില്‍ സ്ട്രൈക്ക് നേടാന്‍ അറ്റ്കിന്സണ് ശ്രമിച്ചപ്പോഴും ഇന്ത്യക്ക് പിഴച്ചു. ഡയറക്ട് ത്രോയിലൂടെ റണ്‍ഔട്ട് ആക്കാനുള്ള ശ്രമം വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍ പാഴാക്കി. സിറാജ് നിരാശയോടെ തലയില്‍ കൈവെച്ചു !
പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 85-ാം ഓവറിലും പിടികൊടുക്കാതെ അറ്റ്കിന്സണ് രക്ഷപ്പെട്ടു. എന്നാല്‍ 86-ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അറ്റ്കിന്‍സണെ ബൗള്‍ഡ് ആക്കി സിറാജ് ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം സമ്മാനിച്ചു.
നാല് വിക്കറ്റ് ശേഷിക്കെ 35 റണ്‍സെടുക്കാന്‍ ഇറങ്ങിയ ഇംഗ്ലണ്ടിന് ആ വിക്കറ്റുകളെല്ലാം 28 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായി, അതില്‍ മൂന്നും സിറാജിന്. അവസാന ദിവസത്തെ മൂന്ന് വിക്കറ്റ് അടക്കം രണ്ടാം ഇന്നിങ്സില്‍ സിറാജ് നേടിയത് അഞ്ച് വിക്കറ്റ്. ആദ്യ ഇന്നിങ്സില്‍ നാല് വിക്കറ്റും. ഓവലില്‍ ഒന്‍പത് വിക്കറ്റുകള്‍ വീഴ്ത്തിയ സിറാജ് തന്നെ കളിയിലെ താരവും !