കുട്ടികൾ കളി ആസ്വദിക്കട്ടെ, കളിയോടുള്ള സ്നേ​ഹം വളരട്ടെ; നിയുക്ത ഇന്ത്യൻ പരിശീലകൻ ഖാലിദ് ജമീൽ

കൊച്ചി: കുട്ടികൾക്ക് കളി ആസ്വദിക്കാനും അങ്ങനെ കളിയോടുള്ള സ്നേഹം വളർത്താനും സാധിക്കണമെന്ന് നിയുക്ത ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഖാലിദ് ജമീൽ. റിലയൻസ് ഫൗണ്ടേഷൻ യൂത്ത് ഫുഡ്ബോളിന്റെ എട്ടാം എഡിഷൻ തിങ്കളാഴ്ച കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിൽ തുടക്കം കുറിച്ച അവസരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വിപുലമായ ടൂർണമെന്റായ ആർ.എഫ്.വൈ മികച്ച അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“യുവതാരങ്ങൾക്ക് മത്സരപരിചയവും, നീണ്ടൊരു സീസണിലൂടെയുള്ള കളി അവസരവുമാണ് ആർ എഫ് വൈ  നൽകുന്നത്. ഇന്ത്യൻ ഫുട്ബോളിന് ഏറ്റവും ആവശ്യമായതും ഇതുതന്നെ. കുഞ്ഞുങ്ങൾ കളി ആസ്വദിക്കണം, കളിയോടുള്ള സ്‌നേഹം വളരട്ടെ — അതാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതിനാൽ ഈ മികച്ച സംരംഭം തുടർന്നും നടക്കണം.” ഇത്തരം മത്സരങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും ജമീൽ അഭിപ്രായപ്പെട്ടു. 

ഇന്ത്യൻ യുവ ഫുട്ബോളർമാർക്കായി ഉത്സാഹമേറിയ മത്സര അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ലീഗിന്റെ ലക്ഷ്യം. ഇത്തവണത്തെ സീസൺ അണ്ടർ–7 മുതൽ അണ്ടർ–13 വരെ പ്രായപരിധിയിലുളള കുട്ടികളെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു. ഇതോടെ അണ്ടർ–21 വരെ നീളുന്ന വികസന പാത രൂപകൽപ്പന ചെയ്യപ്പെടുകയും അതിലൂടെ റിലയൻസ് ഫൗണ്ടേഷൻ ഡവലപ്പ്മെന്റ് ലീ​ഗ് (RFDL) ഉൾപ്പടയുള്ള  പ്ലാറ്റ്ഫോമുകൾ വഴി യുവതാരങ്ങൾക്ക് വളർച്ചയുടെ സാധ്യതകൾ തുറക്കും.

ഗുര്നജ് സിംഗ് ഗ്രിവാൾ, നിഖിൽ പ്രഭു, നോറം റോഷൻ സിംഗ്, ശിവശക്തി നാരായണൻ, വിഭിൻ മോഹനൻ, മുഹമ്മദ് ഐമൻ തുടങ്ങിയ താരങ്ങൾ ഇത്തരത്തിലുള്ള ലീഗുകളിൽ നിന്നാണ് ഇന്ത്യയുടെ ഐ.എസ്.എൽ ക്ലബ്ബുകൾ, നെക്സ്റ്റ് ജെൻ ടീമുകൾ, സീനിയർ ദേശീയ ടീം എന്നിവയിലേക്ക് എത്തിയത്.

 ദില്ലി, പഞ്ചാബ്, കാശ്മീർ, കോച്ചി, മലപ്പുറം, ഹൂഗ്ലി, നോർത്ത് 24 പർഗണാസ്, മേഘാലയ എന്നിവയാണ് ഇന്ത്യയിലെ പ്രധാന ഫുട്ബോൾ ഹോട്ട്‌സ്‌പോട്ടുകൾ.

അണ്ടർ–7, അണ്ടർ–9, അണ്ടർ–11,അണ്ടർ–13എന്നീ വിഭാ​ഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരം സം​ഘടിപ്പിക്കും. അഞ്ച് പ്രായ വിഭാഗങ്ങളിലായി 40 ടീമുകളാണുള്ളത്. ഓരോ ടീമിനും കുറഞ്ഞത് 21 മത്സരങ്ങൾ സംഘടിപ്പിക്കാനാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *