കാലിന് വീക്കം, മരവിപ്പ്; കാൽപാദങ്ങൾ നൽകുന്ന ഈ സൂചനകൾ അവഗണിക്കരുത്

ശരീര ആരോഗ്യത്തിൽ കാൽപ്പാദങ്ങൾക്ക് പലരും വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. എന്നാൽ, ചില ആരോഗ്യപ്രശ്നങ്ങൾ വരുന്നതിനു മുൻപേ, അവയുടെ സൂചനകൾ കാൽപ്പാദങ്ങൾ നൽകാറുണ്ട്. ഇത്തരത്തിൽ വൃക്ക രോഗങ്ങൾ മുതൽ പോഷകങ്ങളുടെ അഭാവം വരെയുള്ള സൂചനകൾ വരെ നൽകുന്നുണ്ട്. എന്നാൽ, പലരും ഇവയെല്ലാം അവഗണിക്കുകയാണ് പതിവ്. ഇത്തരത്തിൽ കാൽപ്പാദങ്ങൾ നൽകുന്ന അഞ്ച് സൂചനകൾ എന്തൊക്കെയാണെന്ന് അറിയാം.

കാലിന് വീക്കം

പലരും കാലിന് ഉണ്ടാക്കുന്ന വീക്കം വിട്ടു കളയുകയാണ് പതിവ്. എന്നാൽ, കാലിനുണ്ടാകുന്ന നീരും വീക്കവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാണ്. കോശദ്രാവകങ്ങളെ വഹിക്കുന്ന ലിംഫ്ഗ്രന്ഥികളിൽ തടസ്സമുണ്ടാകുകയും കലകളിൽ ഫ്ലൂയ്ഡ് അടിഞ്ഞുകൂടുകയും ചെയ്യുന്നതു മൂലം വീക്കം ഉണ്ടാകുന്ന അവസ്ഥയായ ലിംഫാറ്റിക് കൺജഷൻ ആകാം ഒരു കാരണം. വൃക്കകളും കരളുമാണ് ശരീരത്തിൽ ഫ്ലൂയ്ഡ് ബാലൻസ് നിയന്ത്രിക്കുന്നത്. ഇവയുടെ പ്രവർത്തനത്തിൽ തകരാർ ഉണ്ടാകുമ്പോൾ കാലിൽ വീക്കം ഉണ്ടാവും. ഒന്നോ രണ്ടോ ദിവസത്തിലധികം കാലിലെ വീക്കം നീണ്ടു നിൽക്കുകയോ വേദനയോ നിറം മാറ്റമോ കാണുകയാണെങ്കിൽ ഡോക്ടറെ കാണണം.

ഫംഗൽ അണുബാധ

കാലിനുണ്ടാകുന്ന ഫംഗസ് അണുബാധ എന്തെങ്കിലും രോഗങ്ങളുടെ സൂചനയാകാം. ആമാശയത്തിലെ ഉപദ്രവകാരികളായ ബാക്ടീരിയകളുടെ അമിതവളർച്ചയുടെ സൂചനയാകാം ഈ ഫംഗൽ ഇൻഫക്‌ഷൻ. രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള അസന്തുലനമാകാം മറ്റൊരു കാരണം. തുടർച്ചയായി അണുബാധ ഉണ്ടാവുകയാണെങ്കിൽ ഡോക്ടറെ കാണണം.

ഉപ്പൂറ്റി വിണ്ടുകീറുക

ഉപ്പൂറ്റി വിണ്ടു കീറുന്നത് ഒരു ആരോഗ്യപ്രശ്നമാണ്. കരളിന്റെ പ്രവർത്തനത്തകരാറുകൾ മൂലം ഉപ്പൂറ്റി വിണ്ടുകീറാം. വൈറ്റമിൻ ഇ, ബി3, സി ഇവയുടെ അഭാവം മൂലവും ഉപ്പൂറ്റി വിണ്ടുകീറൽ ഉണ്ടാകാം.

കാൽപ്പാദങ്ങളിലെ മരവിപ്പ്

കാൽപ്പാദങ്ങൾക്കുണ്ടാകുന്ന മരവിപ്പ്, പെരിഫെറൽ ന്യൂറോപ്പതിയുടെ സൂചനയാകാം. മെറ്റൽ ടോക്സിസിറ്റി അധികമാകുന്നതാകാം മറ്റൊരു കാരണം . കാലുകൾക്കുണ്ടാകുന്ന മരവിപ്പ് അവഗണിക്കാതെ വൈദ്യസഹായം തേടുക.

കാൽപ്പാദങ്ങളിലെ തണുപ്പ്

തൈറോയ്ഡിന്റെ പ്രവർത്തനം കുറയുന്നത് (Hypothyroidism) മൂലം രക്തപ്രവാഹം കുറയുന്നത് തണുത്തകാൽപ്പാദങ്ങൾക്ക് കാരണമാകാം. സമ്മർദവും അഡ്രിനൽ ഗ്രന്ഥിയുടെ പ്രവർത്തനത്തകരാറു മൂലവും ഇങ്ങനെ വരാം. കാൽപ്പാദങ്ങൾ എപ്പോഴും തണുത്തിരിക്കുകയാണെങ്കിൽ ഉടൻ ഡോക്ടറെ കണ്ട് ചികിത്സ തേടുക.

Leave a Reply

Your email address will not be published. Required fields are marked *