ദക്ഷിണ ചൈനാ കടലിൽ ഇന്ത്യ-ഫിലിപ്പീൻസ് പട്രോളിംഗ്; ബീജിംഗിനെ അലോസരപ്പെടുത്തുന്നതെന്ത് ?

മനില: തർക്കം നിലനിൽക്കുന്ന ദക്ഷിണ ചൈനാ കടലിൽ ഇന്ത്യയും ഫിലിപ്പീൻസും പട്രോളിംഗ് ആരംഭിച്ചു. ചൈനീസ് നാവികസേനയുമായി ആവർത്തിച്ചുള്ള ഏറ്റുമുട്ടലുകൾക്ക് ശേഷം, ഫിലിപ്പീൻസ് നിരവധി സഖ്യകക്ഷികളുമായുള്ള പ്രതിരോധ സഹകരണം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ ഫിലിപ്പൈൻ സൈനികരുമായി ചേർന്ന് തർക്കമുള്ള ദക്ഷിണ ചൈനാ കടലിന്റെ ചില ഭാഗങ്ങളിൽ ആദ്യമായി പട്രോളിംഗ് ആരംഭിച്ചതായി ഫിലിപ്പീൻസ് സായുധ സേന തിങ്കളാഴ്ച സ്ഥിരീകരിച്ചു. പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ന്യൂഡൽഹിയിൽ സന്ദർശനത്തിനായി എത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദക്ഷിണേഷ്യയിലും തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലും ചൈനയും ഇന്ത്യയും നയതന്ത്രപരവും സൈനികവുമായ എതിരാളികളാണ്. ഇരുവരും ഈ മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചു വരുന്നു. രണ്ട് ദിവസത്തെ പട്രോളിംഗിൽ മൂന്ന് ഇന്ത്യൻ നാവികസേനാ കപ്പലുകൾ പങ്കെടുത്തു. പട്രോളിംഗിൽ പങ്കെടുത്ത ഇന്ത്യൻ നാവിക കപ്പലുകളിൽ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ഐഎൻഎസ് ഡൽഹിയും ഉൾപ്പെടുന്നു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് 2020 മുതൽ ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശത്തേക്ക് പ്രവേശിക്കാൻ ശ്രമം നടത്തുകയാണ്. ഇരു സൈന്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുന്ന ലഡാക്ക് മേഖലയിൽ ചൈനയും ഇന്ത്യയും തമ്മിൽ പലതവണ അതിർത്തി സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. യുഎസിന് ശേഷം ആഗോള സാമ്പത്തിക, സൈനിക വൻശക്തിയായി ഉയർന്നു വരുന്ന ചൈനയുടെ സ്വാധീനം തടയുക എന്നതാണ് ക്വാഡ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് ചൈന ആരോപിച്ചു.

ചരിത്രപരമായി, ദക്ഷിണ ചൈനാ കടൽ ഒരു സംഘർഷ പ്രദേശമാണ്. ചൈന തങ്ങളുടെ ചില അവകാശവാദങ്ങൾ ആക്രമണാത്മകമായി മുന്നോട്ട് കൊണ്ടുപോകുകയും ഫിലിപ്പീൻസ് പോലുള്ള അയൽ രാജ്യങ്ങളുടെ പരമാധികാര ജലാശയങ്ങളിൽ അതിക്രമിച്ചു കടക്കുകയും ചെയ്യുന്നു. ഇന്ത്യ-ഫിലിപ്പീൻസ് പട്രോളിംഗ്, ചൈനയുമായുള്ള പ്രദേശിക തർക്കത്തിനിടയിൽ ഫിലിപ്പീൻസിന് ശക്തമായ പിന്തുണയായി മാറും.

2022-ൽ ഫിലിപ്പൈൻ മറൈൻ കോർപ്സിന് ബ്രഹ്മോസ് സൂപ്പർസോണിക് ആന്റി-ഷിപ്പ് ക്രൂയിസ് മിസൈലുകൾ ഇന്ത്യ വിൽക്കുന്നത് ചൈനയെ ചൊടിപ്പിച്ചിരുന്നു. പുതിയ സംയുക്ത പട്രോളിംഗ് ചൈനയെ പരസ്യമായി നേരിടാനുള്ള ഇന്ത്യയുടെ ലഷ്യമാവാം എന്നാണ് വിലയിരുത്തൽ. മനിലയ്ക്ക് നൽകുന്ന പ്രതിരോധ വായ്പകളും സൈനിക ഉപകരണങ്ങളും ഇന്ത്യ ഇനി കാഴ്ചക്കാരനായി തുടരാൻ സാധ്യതയില്ലെന്നും ഏഷ്യയുടെ സമുദ്ര വിഭാഗത്തെ ഭീഷണിപ്പെടുത്തുന്ന പ്രാദേശിക ശക്തി പോരാട്ടങ്ങളിൽ സജീവമായി പങ്കെടുക്കാൻ സന്നദ്ധനാണെന്നും വെളിപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *