ന്യൂഡൽഹി: ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട മൂന്ന് ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഭീകരരിൽ നിന്ന് കണ്ടെടുത്ത തെളിവുകളിൽ നിന്നും അവരുടെ പാകിസ്ഥാൻ പൗരത്വവും പഹൽഗാമിൽ നടന്ന കൂട്ടക്കൊലയിലെ പങ്കും വ്യക്തമായി തെളിഞ്ഞെന്ന് സുരക്ഷാ ഏജൻസികൾ പുറത്തു വിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. കണ്ടെടുത്ത തെളിവുകളിൽ പാകിസ്ഥാൻ വോട്ടർ ഐഡി കാർഡുകൾ, കറാച്ചിയിൽ നിർമ്മിച്ച ചോക്ലേറ്റുകൾ, ബയോമെട്രിക് രേഖകൾ ഉള്ള മൈക്രോ-എസ്ഡി ചിപ്പ് എന്നിവ ഉൾപ്പെടുന്നു.
പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ സുലൈമാൻ ഷാ, അബു ഹംസ അഫ്ഗാനി, യാസിർ എന്ന ജിബ്രാൻ എന്നീ മൂന്ന് ഭീകരരെ തിരിച്ചറിഞ്ഞിരുന്നു. ബൈസരൻ താഴ്വരയിൽ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് ഏകദേശം മൂന്ന് മാസത്തിന് ശേഷം ശ്രീനഗറിലെ ഡാച്ചിഗാം പ്രദേശത്ത് വെച്ചാണ് ഇവരെ സൈന്യം വധിച്ചത്.
ഭീകരരുടെ മൃതദേഹങ്ങളിൽ പാകിസ്ഥാൻ സഹകരണത്തിന്റെ പ്രധാന തെളിവുകൾ ഉണ്ടായിരുന്നു. സുലൈമാൻ ഷായുടെയും അബു ഹംസയുടെയും അവശിഷ്ടങ്ങളിൽ നിന്ന്, പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നുള്ള രണ്ട് ലാമിനേറ്റഡ് വോട്ടർ ഐഡി സ്ലിപ്പുകൾ കണ്ടെത്തി. ഈ കാർഡുകളുടെ സീരിയൽ നമ്പറുകൾ ഗുജ്രൻവാല (NA-79), ലാഹോർ (NA-125) എന്നിവിടങ്ങളിലെ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്തു സ്ഥിരീകരിച്ചു.
കേടായ ഒരു സാറ്റലൈറ്റ് ഫോണിൽ നിന്ന് എടുത്ത മൈക്രോ-എസ്ഡി കാർഡിൽ, പാകിസ്ഥാന്റെ നാഷണൽ ഡാറ്റാബേസ് ആൻഡ് രജിസ്ട്രേഷൻ അതോറിറ്റിയിൽ (NADRA) നിന്നുള്ള ബയോമെട്രിക് ഡാറ്റ ഉണ്ടായിരുന്നു. ഈ ഡാറ്റയിൽ അവരുടെ വിരലടയാളങ്ങൾ, മുഖത്തിന്റെ ടെംപ്ലേറ്റുകൾ, കുടുംബ രേഖകൾ എന്നിവ ഉൾപ്പെടുന്നു. ഡാറ്റയിൽ കണ്ടെത്തിയ രജിസ്റ്റർ ചെയ്ത വിലാസങ്ങൾ പാക്കിസ്ഥാൻ അധിനിവേശ കശ്മീരിലെ (PoK) റാവലകോട്ടിനടുത്തുള്ള ചങ്ക മംഗ (കസൂർ ജില്ല), കൊയാൻ ഗ്രാമം എന്നിവിടങ്ങളിലേതാണ്.
കറാച്ചിയിൽ ഉൽപ്പാദിപ്പിക്കുന്ന ‘കാൻഡിലാൻഡ്’, ‘ചോക്കോമാക്സ്’ ചോക്ലേറ്റുകളുടെ റാപ്പറുകൾ അവരുടെ സാധനങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തി. ഇത് അവരുടെ പാകിസ്ഥാൻ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്ന തരത്തിൽ ഉള്ള തെളിവുകളാണെന്നു അധികൃതർ വ്യക്തമാക്കി.
ഫോറൻസിക്, ബാലിസ്റ്റിക് വിശകലനങ്ങളും കൊല്ലപ്പെട്ട ഭീകരരുടെ ബൈസരൻ വാലി ആക്രമണവുമായി ബന്ധപ്പെടുത്തിയുള്ളതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണ സ്ഥലത്ത് നിന്ന് കണ്ടെത്തിയ 7.62×39 mm ഷെൽ കേസിംഗുകളുടെ വിശകലനത്തിൽ, ഭീകരരിൽ നിന്ന് കണ്ടെടുത്ത മൂന്ന് AK-103 റൈഫിളുകളുമായി കൃത്യമായി പൊരുത്തപ്പെടുന്ന സ്ട്രിയേഷൻ അടയാളങ്ങൾ കണ്ടെത്തി. ഏപ്രിൽ 22 ന് നടന്ന ആക്രമണത്തിൽ ഉപയോഗിച്ച ആയുധങ്ങളാണിവയെന്ന് സൈന്യം സ്ഥിരീകരിച്ചു.
കൂടാതെ, പഹൽഗാമിൽ നിന്ന് കണ്ടെത്തിയ ഒരു കീറിയ ഷർട്ടിൽ രക്തക്കറ ഉണ്ടായിരുന്നു. അതിൽ നിന്നാണ് മൈറ്റോകോൺഡ്രിയൽ പ്രൊഫൈലുകൾ വേർതിരിച്ചെടുത്തത്. ഡാച്ചിഗാമിൽ നിന്ന് കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങളുടെയും ഡിഎൻഎയുമായി ഈ പ്രൊഫൈലുകൾ പൊരുത്തപ്പെടുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. പാകിസ്ഥാൻ ഭാഗത്തുനിന്നുള്ള റേഡിയോ സിഗ്നൽ പരിശോധനയിൽ ലഭിച്ച വിവരമനുസരിച്ച്, 2022 മെയ് മാസത്തിൽ ഗുരേസ് സെക്ടറിന് സമീപമുള്ള നിയന്ത്രണ രേഖ (എൽഒസി) മൂവരും കടന്നതായി സ്ഥിരീകരിച്ചു.