എസ്ബിഐ എഫ്‌ഡിയോ ആർഡിയോ: 5 വർഷത്തേക്ക് 7 ലക്ഷം നിക്ഷേപിച്ചാൽ കൂടുതൽ നേട്ടം എവിടെ?

സ്ഥിര നിക്ഷേപങ്ങൾ ഉയർന്ന പലിശ നിരക്കുകൾ ബാങ്കുകൾ നൽകുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കും പൊതുമേഖല സ്ഥാപനവുമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും മികച്ച പലിശ നിരക്കിൽ എഫ്ഡികൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. സ്ഥിര നിക്ഷേപം പോലെ മികച്ച പലിശ നിരക്കിൽ വലിയ തുക സമ്പാദിക്കാവുന്ന മാർ​ഗമാണ് റിക്കറിം​ഗ് ഡെപ്പോസിറ്റ് അഥവാ ആർഡി. വിവിധ ബാങ്കുകൾ ആർഡി സ്കീം നൽകുന്നുണ്ടെങ്കിലും പോസ്റ്റ് ഓഫീസിന്റെ ആർഡി സ്കീം കൂടുതൽ മികച്ച പലിശ നിരക്ക് നൽകുന്നുണ്ട്.

എസ്‌ബി‌ഐയുടെ 5 വർഷത്തെ എഫ്‌ഡി ആകർഷകമായ പലിശ നിരക്കുകളും നാഷണൽ സേവിങ്സ് ആർ‌ഡിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന മെച്യൂരിറ്റി റിട്ടേണുകളും വാഗ്‌ദാനം ചെയ്യുന്നു. അഞ്ച് വർഷത്തേക്ക് 7,00,000 രൂപ നിക്ഷേപിക്കാൻ ഫിക്സഡ് ഡെപ്പോസിറ്റ് (എഫ്ഡി) അല്ലെങ്കിൽ റിക്കറിങ് ഡെപ്പോസിറ്റ് (ആർഡി) ആണോ നല്ലതെന്ന് നോക്കാം.

പലിശ നിരക്ക്

സ്ഥിര നിക്ഷേപങ്ങൾക്ക് എസ്ബിഐ സാധാരണ ഉപഭോക്താക്കൾക്ക് പ്രതിവർഷം 3.05% മുതൽ 6.60% വരെയും മുതിർന്ന പൗരന്മാർക്ക് 7.10% വരെയും പലിശ നൽകുന്നുണ്ട്. പോസ്റ്റ് ഓഫീസ് ആർ‌ഡി 6.7% പലിശ നൽകുന്നുണ്ട്. മൂന്നു മാസം കൂടുമ്പോൾ പലിശ കണക്കാക്കുന്നു. മുതിർന്ന പൗരന്മാർക്കും സാധാരണ നിക്ഷേപകർക്കും ഒരേ പലിശ നിരക്കാണ് നൽകുന്നത്.

7 ലക്ഷം നിക്ഷേപിച്ചാൽ എത്ര കിട്ടും?

എഫ്ഡിയിൽ ഒറ്റത്തവണയായിട്ടാണ് 7 ലക്ഷം നിക്ഷേപിക്കുന്നത്. എന്നാൽ, ആർഡിയിൽ പ്രതിമാസ തവണകളായിട്ടാണ് പണം നിക്ഷേപിക്കുന്നത്. എസ്‌ബി‌ഐ എഫ്‌ഡിയിൽ 5 വർഷത്തേക്ക് 7 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 9,66,294 രൂപ കിട്ടും. പലിശയായി കിട്ടുന്നത് 2,66,294 രൂപയാണ്. പോസ്റ്റ് ഓഫീസ് ആർഡിയിൽ 5 വർഷം കഴിയുമ്പോൾ കിട്ടുക 8,34,982 രൂപയാണ്. പലിശയായി കിട്ടുക 1,32,982 രൂപയാണ്. അങ്ങനെയെങ്കിൽ, പലിശ ഇനത്തിൽ കണക്കാക്കുമ്പോൾ എസ്‌ബി‌ഐ എഫ്‌ഡിയാണ് 7,00,000 രൂപയുടെ നിക്ഷേപത്തിന് ഉയർന്ന വരുമാനം നൽകുന്നത്.

യോഗ്യത

എസ്‌ബി‌ഐ എഫ്‌ഡി ഇന്ത്യയിലെ താമസക്കാർക്കും, മുതിർന്ന പൗരന്മാർക്കും, എൻ‌ആർ‌ഐകൾക്കും തുറക്കാം. പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും ആർഡി ആരംഭിക്കാം. പരമാവധി 3 പ്രായപൂർത്തിയായവർക്ക് മാത്രമേ ജോയിൻ്റ് അക്കൗണ്ട് തുറക്കാനാവൂ. പ്രായപൂർത്തിയാകാത്ത വ്യക്തിയുടെ പേരിൽ അവരുടെ മാതാപിതാക്കൾക്കോ നിയമപരമായ രക്ഷിതാവിനോ അക്കൗണ്ട് തുറക്കാം. 10 വയസ്സിന് മുകളിലുള്ള ഒരു പ്രായപൂർത്തിയാകാത്ത കുട്ടിക്കും അക്കൗണ്ട് ആരംഭിക്കാം.

ഒരുമിച്ചു വലിയൊരു തുക നിക്ഷേപിക്കാൻ കഴിയുന്നവർക്കും സ്ഥിരമായ വരുമാനമുള്ളവർക്കും എഫ്ഡി അനുയോജ്യമാണ്. പ്രതിമാസം ചെറിയ തുകയിൽ നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആർഡി തിരഞ്ഞെടുക്കാം. പോസ്റ്റ് ഓഫീസ് ആർ‌ഡി അക്കൗണ്ടിൽ നിക്ഷേപകന് ഏറ്റവും കുറഞ്ഞത് 100 രൂപ നിക്ഷേപിക്കാം. എന്നാൽ പരമാവധി എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാൻ അനുവാദമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *