വിവാദ പരാമർശം എസ്.സി – എസ്.ടി ആക്ട് പ്രകാരം കുറ്റകരം; അടൂരിനെതിരെ പൊലീസിൽ പരാതി

തിരുവനന്തപുരം: സിനിമ കോൺക്ലേവിന്റെ സമാപന ചടങ്ങിൽ നടത്തിയ വിവാദ പരാമർശത്തിൽ അടൂർ ഗോപാലകൃഷ്ണനെതിരെ പൊലീസിൽ പരാതി. സാമൂഹിക പ്രവർത്തകൻ ദിനു വെയിൽ ആണ് തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയത്. അടൂരിന്റെ പരാമർശം എസ്.സി – എസ്.ടി ആക്ട് പ്രകാരം കുറ്റകരമാണെന്നും കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. സംഭവത്തിൽ എസ്.സി – എസ്.ടി കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. 

പ്രസ്താവനയിലൂടെ എസ്.സി എസ്.ടി വിഭാഗത്തിലെ മുഴുവൻ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാൻ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നു. പ്രസ്താവന എസ്‌.സി എസ്.ടി ആക്ടിന്റെ സെക്ഷൻ 3(1)ന്റെ പരിധിയിൽ പെടുന്നതാണ്. എസ്‌സി എസ്ടി വിഭാഗത്തെ അഴിമതിയുമായി ബന്ധിപ്പിക്കുന്നതും അപമാനിക്കുന്നതാണ് അടൂരിന്റെ പ്രസ്താവനയെന്നും പരാതിയിലുണ്ട്. 

പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നും ലച്ചിത്ര കോര്‍പ്പറേഷന്‍ വെറുതെ പണം നല്‍കരുതെന്നുമായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇതോടൊപ്പം നടത്തിയ സ്ത്രീ വിരുദ്ധ പരാമർശവും വലിയ വിമർശനങ്ങൾക്കാണ് കാരണമായിരിക്കുന്നത്. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നായിരുന്നു അടൂർ പറഞ്ഞത്. 

സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്ന് അടൂരിന്റെ പ്രസ്താവനകൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പുറത്തുവന്നത് ഫ്യൂഡൽ ചിന്താഗതിയെന്ന് സംവിധായകൻ ഡോ. ബിജു വിമർശിച്ചു. അടൂരിനെ പോലുള്ളവർ കൂടുതൽ സാമൂഹിക ബോധ്യത്തോടെ പെരുമാറണം. പട്ടിക വിഭാഗക്കാർക്കും വനിതകൾക്കും മാത്രം പരിശീലനം എന്തിനാണെന്ന് ഡോ. ബിജു ചോദിച്ചു. ഇവർ കഴിവില്ലാത്തവരാണ് എന്ന ബോധ്യത്തിൽ നിന്നാണ് അടൂരിന്റെ വാക്കുകളെന്നും ഡോക്ടർ ബിജു കുറ്റപ്പെടുത്തി. 

സംവിധായകനെന്ന നിലയിൽ അടൂരിന് ലഭിച്ച ഭാഗ്യം എല്ലാവർക്കും സിദ്ധിച്ചുകൊള്ളണമെന്നില്ലെന്ന് കെഎസ്എഫ്ഡിസി നിർമിച്ച ബി 32 മുതൽ ബി 44 വരെ എന്ന ചിത്രത്തിന്റെ സംവിധായിക ശ്രുതി ശരണ്യം പറഞ്ഞു. മെയിൽ – അപ്പർ ക്ലാസ് പ്രിവിലേജിൽ ജീവിച്ചവർക്ക് ഇപ്പറയുന്ന ബുദ്ധിമുട്ടുകൾ എന്തെന്ന് മനസ്സിലാവുകയുമില്ല. അടൂരിനെപ്പോലൊരാൾ ഇത്തരമൊരു പ്രസ്താവന നടത്തുന്നതിന് മുൻപ്, തങ്ങളിൽ ഒരാളുടെയെങ്കിലും ചിത്രം ഒന്നു കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണെന്നും ശ്രുതി സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *