കൊച്ചി: ഭർത്താവിന്റെ കയ്യിൽ നിന്നും സ്വർണവും പണവുമടക്കം രണ്ടരക്കോടിയോളം രൂപ കൈക്കലാക്കി ചെന്നൈയിൽ നിന്നും മുങ്ങിയ യുവതിയെ കൊച്ചിയിൽ നിന്നും പോലീസ് പിടികൂടി. ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി ഹൈക്കോടതിയിൽ എത്തിയ ചെന്നൈ സ്വദേശിയുടെ ഭാര്യയെ ആണ് സെൻട്രൽ പോലീസ് പിടികൂടിയത്. യുവതിയെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം എറണാകുളത്തെ സഖി വുമൺ ഷെൽട്ടറിലാക്കി.
ഗ്വാളിയർ സ്വദേശിയായ യുവതിയ്ക്കു തട്ടിപ്പിന് കൂട്ട് നിന്നതു മലയാളിയാണ്. വിവാഹമോചിതർക്ക് വേണ്ടിയുള്ള മാട്രിമോണിയൽ സൈറ്റ് മുഖേനയാണ് തമിഴ്നാട് റിട്ടേഡ് എഞ്ചിനീയർ യുവതിയെ വിവാഹം കഴിച്ചത്. കൂട്ടുകാരെ കാണാനെന്നും പറഞ്ഞു മിക്കവാറും ദിവസങ്ങളിൽ യുവതി കേരളത്തിൽ വന്നിരുന്നു. അപ്പോഴൊക്കെ കുടുംബസുഹൃത്തായ തൃശൂർ സ്വദേശി ജോസഫ് സ്റ്റീവന്റെ വീട്ടിൽ കഴിയുന്നു എന്നാണ് ഭർത്താവിനെ ധരിപ്പിച്ചിരുന്നത്.
ജനുവരി ഒന്നിന് കേരളത്തിലേക്ക് വന്ന യുവതി തിരികെ ചെന്നൈയിൽ എത്തിയില്ല. ജൂൺ നാലിന് അഭിഭാഷകനായ ജി എം റാവു എന്ന പേരിൽ ഒരാൾ ഭാര്യ മരിച്ചു എന്ന സന്ദേശവും കല്ലറയുടെ ചിത്രങ്ങളും വാട്സ്ആപ്പ് അയച്ചു കൊടുത്തു. പിന്നീട് കന്യാസ്ത്രീ എന്ന് പരിചയപ്പെടുത്തി സോഫിയ എന്നൊരു സ്ത്രീയും 10 ലക്ഷം രൂപ ആവശ്യപ്പെട്ടു മെസ്സേജ് ചെയ്തു. തുടർന്ന് കൊച്ചിയിലെത്തിയ ചെന്നൈ സ്വദേശി പോലീസിൽ പരാതി നൽകി.
പരാതിക്കാരന് സന്ദേശം വന്ന വാട്സ്ആപ്പ് നമ്പർ തൃശ്ശൂർ സ്വദേശി ലെനിൻ തമ്പിയുടെ ആണെന്ന് പോലീസ് കണ്ടെത്തി. വിശദമായ ചോദ്യംചെയ്യലിൽ ലെനിനും യുവതിയും ചേർന്നാണ് തട്ടിപ്പു നടത്തിയതെന്ന് മനസിലായി. സിസ്റ്റർ സോഫിയ എന്ന പേരിൽ വിളിച്ചത് യുവതി തന്നെയായിരുന്നു. തുടർന്ന് മൊബൈൽ നമ്പർ ലൊക്കേഷൻ പരിശോധിച്ച പോലീസ് യുവതി സെൻട്രൽ സ്റ്റേഷൻ പരിസരത്തു തന്നെ ഉണ്ടെന്നു കണ്ടെത്തി.
ലെനിനെ പിടിച്ചെന്നറിഞ്ഞു സ്റ്റേഷൻ പരിസരത്തു എത്തിയ യുവതിയെ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നിന്ന് രണ്ട് യുവാക്കൾക്ക് ഒപ്പം പിടികൂടി. വിശദമായ അന്വേഷണം നടക്കുന്നു.