ഒത്തുതീർപ്പിനില്ല, നിമിഷപ്രിയയുടെ വധശിക്ഷ തീയതി ഉടൻ പ്രഖ്യാപിക്കണം: തലാലിന്റെ സഹോദരൻ

സന: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ ശിക്ഷ ഉടൻ നടപ്പാക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി വീണ്ടും രംഗത്ത്. ഒത്തുതീർപ്പിനില്ലെന്നും ശിക്ഷ ഉടൻ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഇയാൾ അറ്റോർണി ജനറലിന് കത്തയച്ചു. ഒരു തരത്തിലുമുള്ള മധ്യസ്ഥതയ്ക്കും തയാറല്ലെന്നാണ് കത്തിൽ പറയുന്നത്. 

ദയാധനം സ്വീകരിക്കുന്നതിന് തയാറല്ലെന്നും പെട്ടെന്ന് വധശിക്ഷ നടപ്പാക്കാനുള്ള തീയതി പ്രഖ്യാപിക്കണമെന്നും മെഹദി കത്തിൽ ആവശ്യപ്പെടുന്നു. നേരത്തെ ജൂലൈ 16ന് വധശിക്ഷ നടപ്പാക്കാനിരിക്കെ നടപടി നീട്ടിവെയ്ക്കുകയായിരുന്നു. ഇതിന് ശേഷം ഇത് രണ്ടാം തവണയാണ് അബ്ദുൽ ഫത്താഹ് മെഹദി കത്തയക്കുന്നത്. ഇത് നിമിഷപ്രിയയുടെ മോചന സാധ്യതകൾക്കും മധ്യസ്ഥ സാധ്യതകൾക്കും തിരിച്ചടിയാകും. 

നേരത്തെ ശിക്ഷ റദ്ദാക്കുന്നതിൽ തത്വത്തിൽ ധരണയായതായും കൊല്ലപ്പെട്ട തലാലിന്റെ കുടുംബം വധശിക്ഷ നൽകേണ്ട എന്ന ധാരണയിലെത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കൊല്ലപ്പെട്ടയാളുടെ സ്വത്തിന്റെ അവകാശികളാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത്. തലാലിന്റെ മാതാപിതാക്കളും മക്കളും ജീവിച്ചിരിക്കുന്ന സാഹചര്യത്തിൽ അതിനുള്ള അവകാശം അവർക്കാണ്. അവരില്ലെങ്കിൽ മാത്രമേ സഹോദരന് തീരുമാനമെടുക്കാൻ സാധിക്കൂ. 

എന്നാൽ തലാലിന്റെ സഹോദരന്റെ ഇടപ്പെടലുകളെ ആശങ്കയോടെയാണ് നിമിഷപ്രിയയുടെ കുടുംബവും മോചനത്തിന് ശ്രമിക്കുന്നവരും കാണുന്നത്. നേരത്തെ മോചനവുമായി ബന്ധപ്പെട്ട് വന്ന അനുകൂല വാർത്തകളെല്ലാം അബ്ദുൽ ഫത്താഹ് മെഹദി തള്ളിയിരുന്നു. പ്രതിബന്ധങ്ങൾ എത്ര നീണ്ടതായാലും, എത്ര തീവ്രമായാലും മുന്നോട്ടു പോകുമെന്നും വധശിക്ഷ നടപ്പിലാക്കണമെന്ന നിലപാട് ഉറച്ചതാണെന്നും മെഹദി സമൂഹ മാധ്യമത്തിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *