ഏതൊരാളുടെയും സ്വപ്നമാണ് സ്വന്തമായൊരു വീട്. ഈ സ്വപ്നം സഫലമാക്കാനായി ഭവന വായ്പകളെയാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. നിരവധി ബാങ്കുകൾ വ്യത്യസ്ത പലിശ നിരക്കിൽ ഭവന വായ്‌പകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളേക്കാളും താഴ്ന്ന പലിശ നിരക്കാണ് പൊതുവേ ബാങ്കുകൾ വായ്പ നൽകുന്നത്. ഇതിൽ തന്നെ പൊതുമേഖല ബാങ്കുകളാണ് സാധാരണഗതിയിൽ, കുറഞ്ഞ പലിശ നിരക്കിലുള്ള ഭവന വായ്പ അനുവദിക്കാറുള്ളത്.
പലിശ നിരക്ക് (75 ലക്ഷം രൂപയുടെ ഭവന വായ്പ, 20 വർഷത്തേക്ക്)
യൂണിയൻ ബാങ്ക് – 8.10 %
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ – 8.10 %
ബാങ്ക് ഓഫ് ബറോഡ – 8.15 %
പഞ്ചാബ് നാഷണൽ ബാങ്ക് – 8.15 %
കാനറ ബാങ്ക് – 8.15 %
ഇന്ത്യൻ ബാങ്ക് – 8.15 %
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) – 8.25%
ബാങ്ക് ഓഫ് ഇന്ത്യ – 8.30 %
ഐഡിബിഐ ബാങ്ക് – 8.50 %
എച്ച്ഡിഎഫ്സി ബാങ്ക് – 8.75 %
ആക്സിസ് ബാങ്ക് – 8.75 %
കൊട്ടക് മഹീന്ദ്ര ബാങ്ക് – 8.75 %
ഐസിഐസിഐ ബാങ്ക് – 8.75 %
യെസ് ബാങ്ക് – 9.00 %
റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള ബാങ്കുകളിലെ പലിശ (RLLR) നിരക്കാണ് മുകളിൽ പറഞ്ഞിട്ടുള്ളത്. 2019 മുതലാണ് റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള പലിശ ബാങ്കുകള്‍ വാഗ്ദാനം ചെയ്യാന്‍ തുടങ്ങിയത്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റംവരുത്തിയാല്‍ മാത്രമേ പലിശയില്‍ വ്യത്യാസം വരുത്താന്‍ കഴിയൂ. 6.50 ശതമാനമാണ് നിലവില്‍ റിപ്പോ നിരക്ക്. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ്(എംസിഎല്‍ആര്‍) പ്രകാരമുള്ള വായ്പകളെ അപേക്ഷിച്ച് റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പകള്‍ക്ക് താരതമ്യേന കുറഞ്ഞ പലിശയാകും ഉണ്ടാകുക. കൂടുതല്‍ പേരും ഇപ്പോള്‍ ആര്‍എല്‍എല്‍ആര്‍ പ്രകാരമുള്ള വായ്പയാണെടുക്കുന്നത്.
20 വര്‍ഷ കാലയളവില്‍ ഒമ്പത് ശതമാനം പലിശ നിരക്കില്‍ ഭവന വായ്പ എടുക്കുകയാണെങ്കില്‍ ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം തിരിച്ചടയ്‌ക്കേണ്ടിവരിക 900 രൂപയാണ്. ഇതുപ്രകാരം 20 ലക്ഷം രൂപയാണ് വായ്പയെടുക്കുന്നതെങ്കില്‍ മാസംതോറും 18,000 രൂപയാണ് നല്‍കേണ്ടത്. ഏഴ് ശതമാനമാണ് പലിശയെങ്കില്‍ ഒരു ലക്ഷം രൂപയ്ക്ക് 755 രൂപയാണ് പ്രതിമാസ തിരിച്ചടവ്. എട്ട് ശതമാനമാണെങ്കില്‍ 836 രൂപയും പത്ത് ശതമാനമാണെങ്കില്‍ 965 രൂപയുമാണ് ഒരു ലക്ഷം രൂപയ്ക്ക് മാസംതോറും അടയ്‌ക്കേണ്ടിവരിക.