കൊച്ചി. കോതമംഗലം അൻസിൽ കൊലപാതകത്തിൽ പ്രതി അഥീന നടത്തിയത് രണ്ടുമാസം നീണ്ട തയ്യാറെടുപ്പുകൾ. സംഭവ ദിവസം രാത്രി അന്‍സിൽ വീട്ടിൽ എത്തും മുൻപ് വീട്ടിലെ സിസിടിവിയുടെ ഡിവിആർ അഥീന എടുത്തു മാറ്റി ദൃശ്യങ്ങളും നശിപ്പിച്ചു. വിഷം വാങ്ങിയതിന്റെയും വീട്ടില്‍ സൂക്ഷിച്ചതിന്റെയും തെളിവുകള്‍ പൊലീസിനു ലഭിച്ചു.
അൻസിൽ ആത്മഹത്യാശ്രമം നടത്തി എന്ന രീതിയിലാണ് ഇയാളുടെ വീട്ടുകാരെ അഥിന വിവരം അറിയിച്ചത്. പക്ഷേ സംശയം തോന്നിയ പോലീസ് തുടക്കത്തിൽ തന്നെ ഇവരെ നിരീക്ഷിച്ചു തുടങ്ങിയിരുന്നു. അഥീന ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിലേക്ക് ജൂലൈ 31നു പുലർച്ചെയാണ് അൻസിൽ എത്തിയത്. അൻസിൽ കുടിക്കാനായി വെള്ളം ചോദിച്ചപ്പോൾ അഥീന ഡിസ്‌പോസിബിൾ ഗ്ലാസിൽ ശീതളപാനീയത്തിൽ വിഷം ചേർത്ത് നൽകുകയായിരുന്നു.
വിഷം അകത്തുചെന്ന അൻസിൽ തന്നെയാണു സുഹൃത്തിനെയും പൊലീസിനെയും വിവരമറിയിച്ചത്. അഥീന അൻസിലിന്റെ വീട്ടുകാരെയും വിവരം അറിയിച്ചു. ആത്മഹത്യാ ശ്രമം എന്നാണ് അഥീന പൊലീസിനോടും വീട്ടുകാരോടും പറഞ്ഞത്. എന്നാൽ കൃത്യമായ തയ്യാറെടുപ്പുകളോടുകൂടിയാണ് അഥിന കൊലപാതകം നടപ്പാക്കിയത്.ആസൂത്രണത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസിനു ലഭിച്ചു.
സംഭവദിവസം രാത്രി അന്‍സിൽ വീട്ടിൽ എത്തും മുൻപ് വീട്ടിലെ സിസിടിവിയുടെ ഡിവിആർ അഥീന എടുത്തുമാറ്റുകയും ദൃശ്യങ്ങളും നശിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തെളിവ് നശിപ്പിക്കലിന്റെ ഭാഗമായിട്ടായിരുന്നു ഇത്. വിഷം വാങ്ങിയതിന്റെയും വീട്ടില്‍ സൂക്ഷിച്ചതിന്റെയും തെളിവുകള്‍ പൊലീസിനു ലഭിച്ചു.
ടിപ്പർ ഡ്രൈവറായ അൻസിലും അഥീനയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇയാൾ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ്. അഥീന അവിവാഹിതയാണ്. അഥീന വിഷംനൽകിയെന്ന് ആംബുലൻസിൽ വച്ച് അൻസിൽ ബന്ധുവിനോട് വെളിപ്പെടുത്തിയതാണ് കേസിൽ വഴിത്തിരിവായത്.
സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് അഥീന പൊലീസിനു നൽകിയ മൊഴി. രണ്ടു മാസം മുൻപ് അൻസിൽ മർദിച്ചതായി കോതമംഗലം പൊലീസിൽ അഥീന പരാതി നൽകിയിരുന്നു. ഈ കേസ് രണ്ടാഴ്ച മുൻപ് അഥീന പിൻവലിച്ചു. പണം നൽകാമെന്ന് അൻസിലിന്റെ വാഗ്ദാനത്തെ തുടർന്നാണ് പരാതി പിൻവലിച്ചത്. എന്നാൽ ഇതു നൽകാത്തതിനെ തുടർന്ന് അൻസിലുമായി കഴിഞ്ഞ ചൊവ്വാഴ്ച്ച വീണ്ടും വഴക്കുണ്ടായി. തുടർന്നുണ്ടായ വൈരാഗ്യമാണു കൊലപാതകത്തിൽ കലാശിച്ചത്. അൻസിലിന്റെ ഭാര്യയോടും അഥീന പണം ചോദിച്ചിരുന്നതായാണ് വിവരം.









