കൊൽക്കത്ത: വ്യാജ രേഖകൾ ചമച്ച് ഇന്ത്യയിലെത്തി താമസിച്ച ബംഗ്ലാദേശി മോഡൽ അറസ്റ്റിലായി. എയർലൈൻ കമ്പനിയിൽ ക്രൂ അംഗമായ മോഡൽ ശാന്ത പോളാണ് കൊൽക്കത്ത പൊലീസിന്റെ പിടിയിലായത്. ശാന്ത പോൾ സിനിമാ മേഖലയിലും സജീവമായിരുന്നു.
വ്യാജ ഇന്ത്യൻ രേഖകൾ ഉപയോഗിച്ച് ഇവർ താമസിച്ചു വരികയായിരുന്നു. 2023-ൽ ബംഗ്ലാദേശിലെ ബാരിസാലിൽ നിന്ന് വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ഇവർ ഇന്ത്യയിലേക്ക് കടന്ന് കൊൽക്കത്തയിൽ ഒരു ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു.
താൻ വിവാഹിതയായിരുന്നെന്നും ഒരു മുസ്ലീം പൗരനായിരുന്നു തന്റെ ഭർത്താവിനെന്നും എന്നാൽ വിവാഹബന്ധത്തിൽ വിള്ളലുണ്ടായതോടെ പരസ്പരം അകന്ന് കഴിയുകയായിരുന്നു എന്നാണ് ഫ്ളാറ്റ് ഉടമയോട് ഇവർ പറഞ്ഞിരുന്നത്.
വാടക കരാറിൽ ഒപ്പിടാൻ, ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി തുടങ്ങിയ വ്യാജ ഇന്ത്യൻ രേഖകൾ തുടർന്ന് ഇവർ സംഘടിപ്പിച്ച് നൽകി. ഇവർക്ക് വ്യാജ രേഖ ചമയ്ക്കാൻ പ്രാദേശികമായ സഹായം ലഭിച്ചിട്ടുണ്ടോ എന്നതിനെ പറ്റിയും പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ രണ്ട് വർഷമായി തമിഴ് -ബംഗാളി സീരിയലുകളിലും അഭിനയിച്ചു വരികയായിരുന്നു.