കോടിപതിയാവുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഈ സ്വപ്നം നേടിയെടുക്കുകയെന്നത് അസാധ്യമായ കാര്യമൊന്നുമല്ല. ചില സർക്കാർ പദ്ധതികളിൽ നിക്ഷേപിക്കുന്നതിലൂടെ കോടീശ്വരനോ കോടീശ്വരിയോ ആകാൻ ആർക്കും സാധിക്കും. അത്തരമൊരു നിക്ഷേപങ്ങളിൽ ഒന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. കേന്ദ്ര സർക്കാർ പിന്തുണയുള്ള ഒരു ചെറുകിട സമ്പാദ്യ പദ്ധതിയാണിത്.
എന്താണ് പിപിഎഫ്?
ഇതൊരു ദീർഘകാല നിക്ഷേപ പദ്ധതിയാണ്. ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയുള്ള സ്കീം ആണിത്. ഉയർന്ന റിട്ടേൺ നിരക്കുള്ള കുറഞ്ഞ റിസ്ക് നിക്ഷേപ തിരഞ്ഞെടുപ്പുകളിൽ ഒന്നായ പിപിഎഫ് അക്കൗണ്ട് ഉടമകൾക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം വർഷംതോറും 1.5 ലക്ഷം രൂപ വരെ ആദായ നികുതി ഇളവ് നേടാൻ കഴിയും. കാലാവധിയിൽ ലഭിക്കുന്ന പലിശയും മെച്യൂരിറ്റി തുകയും പൂർണ്ണമായും നികുതി രഹിതമാണ്. 15 വർഷത്തെ ലോക്ക്-ഇൻ കാലയളവ് പദ്ധതിക്കുണ്ട്. ആവശ്യമെങ്കിൽ 5 വർഷം വീതം നിക്ഷേപം നീട്ടാം. പലിശ നിരക്ക് സർക്കാർ ത്രൈമാസമായി നിശ്ചയിക്കുന്നു.
ഈ സർക്കാർ സ്കീമിൽ പ്രതിദിനം വെറും 416 രൂപ നീക്കിവച്ചാൽ ഒരാൾക്ക് കോടിപതിയാകാൻ സാധിക്കും. അതായത്, ഒരാൾ പിപിഎഫിൽ പ്രതിമാസം 12,500 രൂപ വീതം നിക്ഷേപിച്ചാൽ, കാലവധി പൂർത്തിയാകുമ്പോൾ മെച്യൂരിറ്റി തുക ഏകദേശം 2.27 കോടി വരും.
416 രൂപ നിക്ഷേപിച്ച് കോടികൾ എങ്ങനെ നേടാം?
ദിവസം 416 രൂപ നീക്കിവയ്ക്കുമ്പോൾ, മാസം നിക്ഷേപം 12,500 രൂപയായിരിക്കും. അങ്ങനെ വരുമ്പോൾ നിങ്ങളുടെ പ്രതിവർഷ നിക്ഷേപം 1.5 ലക്ഷം രൂപയാണ്. 10 വർഷം ഈ നിക്ഷേപം തുടരുകയും, തുടർന്ന് അഞ്ചു വർഷം വീതം നിക്ഷേപം നീട്ടികൊണ്ടും ഇരിക്കുക. അങ്ങനെ വരുമ്പോൾ 25 വർഷത്തിനുള്ളിൽ നിങ്ങളുടെ നിക്ഷേപം ഒരു കോടി രൂപയിൽ കൂടുതലാകും. 7.1 ശതമാനം പലിശ പ്രതീക്ഷിക്കുമ്പോൾ, 25 വർഷത്തിന് ശേഷം കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 1,03,08,015 രൂപ ലഭിക്കും.
പലിശ നിരക്ക്
നിലവിൽ പിപിഎഫ് അക്കൗണ്ട് ഉടമയ്ക്ക് 7.1% നിരക്കിൽ പലിശ ലഭിക്കും. ഒരു മാസത്തിലെ 5 മുതല്‍ അവസാന തീയതി വരെയുള്ള മിനിമം ബാലന്‍സ് അടിസ്ഥാനമാക്കിയാണ് പിപിഎഫ് നിക്ഷേപത്തിലെ പലിശ കണക്കാക്കുന്നത് . അതായത് പിപിഎഫ് അക്കൗണ്ട് ഉടമ മാസത്തില്‍ നാലാം തീയതിയോ അതിന് മുമ്പോ പണം നിക്ഷേപിക്കുകയാണെങ്കില്‍, അക്കൗണ്ട് ഉടമയ്ക്ക് ആ മാസത്തെ പിപിഎഫ് പലിശയും നേടാനാകും.