തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ രണ്ട് മുന്‍ ജീവനക്കാര്‍ കീഴടങ്ങി. വിനിത, രാധാകുമാരി എന്നീ പ്രതികളാണ് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതികള്‍ കീഴടങ്ങയത്. ദിവ്യ എന്ന പ്രതി ഹാജരായിട്ടില്ല.
തന്റെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരികള്‍ക്ക് എതിരെയായിരുന്നു ദിയയുടെ പരാതി. ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ജീവനക്കാരികള്‍ ക്യു ആർ ക്വാഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് ദിയയുടെ പിതാവ് നടൻ കൃഷ്ണകുമാറിന്‍റെ പരാതി. കേസിൽ പ്രതികളായ രണ്ട് പേരാണ് കോടതിയെ സമീപിച്ചിരുന്നത്. ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച കോടതി അന്വേണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ദിയയുടെ കടയിൽ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍.
ഒ ബൈ ഒസി’ എന്ന സ്ഥാപനത്തിലെ ജീവനക്കാരായ മൂന്ന് പെണ്‍കുട്ടികള്‍ വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ദിയയുടെ പരാതി. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാർ തങ്ങളെ തട്ടിക്കൊണ്ടുപോയി, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറി എന്ന് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പരാതി ആരോപണ വിധേയരായ പെണ്‍കുട്ടികളും നല്‍കിയത്. രണ്ട് പരാതികളിലും വിശദമായ അന്വേഷണം നടത്തിയപ്പോള്‍ കൂടുതല്‍ തെളിവുകളിലേക്ക് പൊലീസ് എത്തുകയായിരുന്നു.
ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എവിടെ നിന്നെല്ലാം പണം എത്തി, അവർ എങ്ങനെയൊക്കെ പണം ചിലവഴിച്ചു എന്ന് തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്. ജീവനക്കാരുടെ അക്കൗണ്ടിൽ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പണം പോയ അക്കൗണ്ടുകളെകുറിച്ചുള്ള അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്. എ ടി എം വഴി പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയെന്നായിരുന്നു ജീവനക്കാരുടെ അവകാശ വാദം. എന്നാല്‍ എ ടി എം വഴി ഈ പറയുന്നത് പോലെയുള്ള വലിയ തുകകള്‍ പിന്‍വലിച്ചതായി കാണാനാകുന്നില്ലെന്നും അന്വേഷണത്തിലെ വഴിത്തിരിവായി.
ഇതോടെ ജീവനക്കാരുടെ പരാതി കൗണ്ടർ കേസായി മാത്രം പരിഗണിച്ചാല്‍ മതിയെന്ന തീരുമാനത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു. ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് പരശോധിച്ചപ്പോഴാണ് പണം മാറ്റിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാർക്ക് എതിരായിരുന്നു.