വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഉയർന്ന വാർത്തകളിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹൽ. 5 വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ സംഭവിച്ചത് എന്തൊക്കെയാണെന്നും ധനശ്രീ വർമ്മയുമായുള്ള വിവാഹ മോചനത്തെ തുടർന്നുണ്ടായ മാനസിക പ്രശ്നങ്ങളെക്കുറിച്ചും രാജ് ഷമാനിയുടെ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ചാഹൽ തുറന്നു പറഞ്ഞു.
വിവാഹമോചിതരാകുന്നതുവരെ ഈ വിവരം രഹസ്യമായി സൂക്ഷിക്കാൻ ഇരുവരും തീരുമാനിച്ചിരുന്നതായി ചാഹൽ വെളിപ്പെടുത്തി. ”ഇതൊരു നീണ്ട പ്രക്രിയയാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അത് പുറത്തുള്ളവരെ അറിയിക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു. തിരിച്ചുവരവില്ലാത്ത ഒരു അവസ്ഥയിലെത്തുന്നതുവരെ ഒന്നും പറയേണ്ടെന്ന തീരുമാനത്തിലായിരുന്നു. സോഷ്യൽ മീഡിയയിൽ ഞങ്ങൾ ഒരു സാധാരണ ദമ്പതികളെപ്പോലെയായിരിക്കാൻ തീരുമാനിച്ചു,” ചാഹൽ പറഞ്ഞു.
താനും ധനശ്രീയും അവരവരുടെ കരിയറിലാണ് ശ്രദ്ധിച്ചത്. ബന്ധങ്ങൾക്ക് മുൻഗണന നൽകുന്നതിൽ ശ്രദ്ധിച്ചില്ല. കാലക്രമേണ ഞങ്ങൾ തമ്മിലുള്ള മാനസിക അകൽച്ച വളർന്നുവെന്നും ചാഹൽ വിശദീകരിച്ചു. “ബന്ധം എന്നത് ഒരു വിട്ടുവീഴ്ച പോലെയാണ്. ഒരാൾക്ക് ദേഷ്യം വന്നാൽ മറ്റേയാൾ ക്ഷണിക്കണം. ചിലപ്പോൾ രണ്ട് ആളുകളുടെ സ്വഭാവം പരസ്പരം ചേരില്ല. ഞാൻ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയായിരുന്നു, അവളും അവളുടെ കരിയറിനായി ചെയ്യുകയായിരുന്നു. 1-2 വർഷം ഇത് തുടർന്നു. ആ സമയത്ത്, ക്രിക്കറ്റിലാണ് ഞാൻ കൂടുതൽ ശ്രദ്ധിച്ചത്. അവിടെ കൂടുതൽ സമയം നൽകേണ്ടിവന്നു. ബന്ധത്തെക്കുറിച്ച് ചിന്തിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഓരോരുത്തർക്കും അവരവരുടെ ജീവിതമുണ്ട്. എല്ലാവർക്കും അവരുടേതായ ലക്ഷ്യങ്ങളുണ്ട്. ഒരു പങ്കാളി എന്ന നിലയിൽ, നിങ്ങൾ അതിനെ പിന്തുണയ്ക്കണം. 18-20 വർഷമായി നിങ്ങൾ ചെയ്യുന്ന ഒരു ജോലി ഒരു ബന്ധത്തിനായി ഉപേക്ഷിക്കാൻ കഴിയില്ല,” ചാഹൽ പറഞ്ഞു.
വിവാഹമോചന നടപടികൾ നടക്കുന്നതിനിടെ “വഞ്ചകൻ” എന്ന് തന്നെ വിളിച്ചതിനെക്കുറിച്ചും ചാഹൽ തുറന്നുപറഞ്ഞു. “എന്റെ വിവാഹമോചനം നടന്നപ്പോൾ ആളുകൾ ഞാനൊരു വഞ്ചകനാണെന്ന് ആരോപിച്ചു. എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. ഞാൻ അത്തരത്തിലുള്ള ആളല്ല. എന്നെക്കാൾ വിശ്വസ്തനായ ഒരാളെ നിങ്ങൾക്ക് കാണാനാവില്ല. എന്റെ പ്രിയപ്പെട്ടവരെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്ന ഒരാളാണ് ഞാൻ. ഞാൻ ഒന്നും ആവശ്യപ്പെടാറില്ല, എപ്പോഴും കൊടുക്കാറാണുള്ളത്. ആളുകൾക്ക് ഒന്നും അറിയില്ലി, അതിനാൽ അവർ എന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും,” ഇന്ത്യൻ ബൗളർ പറഞ്ഞു.
“എനിക്ക് രണ്ട് സഹോദരിമാരുണ്ട്, കുട്ടിക്കാലം മുതൽ അവരുടെ കൂടെ വളർന്നതിനാൽ, സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് എനിക്കറിയാം. എന്റെ മാതാപിതാക്കൾ എന്നെ അവരെ എങ്ങനെ ബഹുമാനിക്കണമെന്ന് പഠിപ്പിച്ചിട്ടുണ്ട്,” ചാഹൽ അഭിപ്രായപ്പെട്ടു. ആത്മഹത്യയെക്കുറിച്ച് താൻ ചിന്തിച്ചിരുന്നുവെന്നും ചാഹൽ വെളിപ്പെടുത്തി. ”ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകൾ എനിക്കുണ്ടായിരുന്നു. ജീവിതത്തോട് എനിക്ക് മടുപ്പായിരുന്നു, രണ്ട് മണിക്കൂറൊക്കെ ഞാൻ കരയുമായിരുന്നു. രണ്ട് മണിക്കൂർ മാത്രമേ ഞാൻ ഉറങ്ങിയിരുന്നുള്ളൂ. 40-45 ദിവസം അത് നീണ്ടുനിന്നു. ക്രിക്കറ്റിൽ നിന്ന് ഒരു ഇടവേള ഞാൻ ആഗ്രഹിച്ചു. എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല. എന്റെ സുഹൃത്തിനോട് ആത്മഹത്യയെക്കുറിച്ച് പറയുമായിരുന്നു, കാരണം എനിക്ക് ഭയമായിരുന്നു,” ചാഹൽ പറഞ്ഞു.