കണ്ണൂർ: പോലീസ് ഒത്താശയിൽ മദ്യപാനം, ജയിലിൽ ഫോൺ ഉപയോഗം എന്നിങ്ങനെ പ്രീമിയം പ്രതിയായി വിലസിയ കൊടി സുനിയുടെ പരോൾ റദ്ദാക്കി. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് വയനാട് മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയാണ് കൊടി സുനി. ജൂലൈ 21നാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. മീനങ്ങാടി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് പരോൾ റദ്ദാക്കിയത്. കൊടി സുനിയെ വീണ്ടും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു.
കൊലക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്ക് മദ്യം കഴിക്കാൻ അവസരമൊരുക്കിയ സംഭവത്തിൽ കണ്ണൂരിൽ മൂന്ന് സിവിൽ പൊലീസുകാരെ ഇന്നലെ സസ്പെൻ്റ് ചെയ്തിരുന്നു. തലശ്ശേരി കോടതിയിൽ നിന്ന് വരുന്ന വഴിയാണ് പ്രതികൾ മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ വച്ച് മദ്യം കഴിക്കാൻ അവസരമൊരുക്കുകയായിരുന്നു. കഴിഞ്ഞ മാസം 17 നാണ് സംഭവം. സംഭവം പുറത്തുവന്നതോടെ പൊലീസുകാർക്കെതിരെ നടപടിയെടുക്കുകയായിരുന്നു. നേരത്തെ, കൊടി സുനി ജയിലിൽ ഫോൺ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു.
റെവലൂഷ്യണറി മാർക്സിസ്റ്റ് പാർട്ടി (ആർ.എം.പി)യുടെ സ്ഥാപക നേതാവായ ഒഞ്ചിയം സ്വദേശി ടി.പി. ചന്ദ്രശേഖരനെ 2012 മെയ് 4-ന് രാത്രി 10 മണിക്ക് വടകരക്കടുത്തു വള്ളിക്കാട് വെച്ച് ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രത്യേക അഡീഷണൽ സെഷൻസ് ജഡ്ജി ആർ. നാരായണപിഷാരടി തയ്യാറാക്കിയ 359 പേജുള്ള വിധിന്യായത്തിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് സി.പി.എം. നേതാക്കൾ ഉൾപ്പെടെ 11 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മറ്റൊരു പ്രതിയെ മൂന്നുവർഷം കഠിനതടവിനും ശിക്ഷിച്ചു.