ചെന്നൈ: തമിഴ്നാട് രാഷ്ട്രീയം വഴിത്തിരിവിൽ. തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവുമായ ഒ പനീർശെൽവം (ഒപിഎസ്) വ്യാഴാഴ്ച ബിജെപി നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസിൽ (എൻഡിഎ) നിന്ന് തന്റെ വിഭാഗം പുറത്തുപോകുന്നതായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിനുമൊന്നിച്ച് പ്രഭാത നടത്തത്തിന് ശേഷം മണിക്കൂറുകൾക്കുള്ളിലാണ് എൻഡിഎ സഖ്യത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്.
ഇത് തമിഴ്‌നാട് രാഷ്ട്രീയത്തിൽ കാര്യമായ മാറ്റത്തിന് വഴിതെളിക്കും. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ദൈനംദിന പ്രഭാത നടത്തത്തിൽ അദ്ദേഹത്തോടൊപ്പം സംസാരിക്കുകയും നടക്കുകയും ചെയ്ത് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് പനീർസെൽവം തീരുമാനം എടുത്തത്.
പുതിയ നീക്കം ഒപിഎസും ബിജെപി നേതൃത്വവും തമ്മിലുള്ള വർദ്ധിച്ചുവരുന്ന അതൃപ്തിയുടെ സൂചനകളായി കണക്കാക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ തമിഴ്‌നാട്ടിലെ ഗംഗൈകൊണ്ട ചോളപുരം സന്ദർശിച്ചപ്പോൾ, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ട് ഒപിഎസ് കത്ത് നൽകിയിരുന്നു. എന്നാൽ അദ്ദേഹത്തിന് അനുമതി നിഷേധിച്ചു. തമിഴ് രാഷ്ട്രീയ വൃത്തങ്ങൾ ഇത് കേന്ദ്രത്തിന്റെ അവഗണനയായി വ്യാഖ്യാനിച്ചു. അതിനു മുൻപേ എൻഡിഎ യ്ക്കുള്ളിൽ ഒപിഎസ്സിനോടുള്ള അവഗണന പുകഞ്ഞു തുടങ്ങിയിരുന്നു എന്നാണ് റിപ്പോർട്ട്.










