കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന് ബാലുശ്ശേരി എരമംഗലം കോക്കല്ലൂർ മുഹമ്മദ് ആട്ടൂരിന്റെ (മാമി -56) തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ലോക്കൽ പോലീസിനെതിരെ ക്രൈം ബ്രാഞ്ച്. പ്രാഥമിക അന്വേഷണം നടത്തിയ ലോക്കല്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്.
നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിൽ പോലീസിന് വീഴ്ചയുണ്ടായി. സിസിടിവി ദൃശ്യങ്ങൾ മനപ്പൂർവം ശേഖരിക്കാതിരുന്നതാണെന്നും ക്രൈം ബ്രാഞ്ച് ആരോപിച്ചു. കോഴിക്കോട്ടെ പ്രമുഖ വ്യാപാരിയെ കാണാതായിട്ട് ഒരുവർഷം കഴിഞ്ഞിട്ടും തുമ്പുണ്ടാക്കാൻ പൊലീസിന് കഴിയാത്തത് കേസിൽ ഉന്നതർക്ക് പങ്കുള്ളതു കൊണ്ടാണെന്നും ആക്ഷേപമുണ്ട്.
ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ നടക്കാവ് എസ് എച്ച് ഉള്‍പ്പെടെയുളളവര്‍ക്കെതിരെ ഉത്തരമേഖലാ ഐജി അന്വേഷണം പ്രഖ്യാപിച്ചു. സിസിടിവി ശേഖരിച്ചില്ല എന്ന ആരോപണം ഉയർന്നപ്പോൾ വീണ്ടും ദൃശ്യങ്ങൾക്കായി ശ്രമം നടത്തി. എന്നാൽ അപ്പോഴേക്കും ദൃശ്യങ്ങൾ മാഞ്ഞു പോയിരുന്നു.
മാമി തിരോധാന കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിനെതിരെ മാമിയുടെ കുടുംബം രംഗത്ത് വന്നിരുന്നു. ഇത് കേസ് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് കുടുംബത്തിൻ്റെ ആരോപണം. അന്വേഷണം നല്ല രീതിയിൽ നടക്കുമ്പോഴാണ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം. പ്രതികളിലേക്ക് എത്തും എന്ന ഘട്ടത്തിലാണ് സ്ഥലം മാറ്റം ഉണ്ടായത്. ഇതിനുപിന്നിൽ ബാഹ്യ ശക്തികളുടെ ഇടപെടലുണ്ട് എന്നും കുടംബം ആരോപിച്ചിരുന്നു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരമേഖലാ ഐ ജി രാജ് പാല് മീണ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. നടക്കാവ് മുന്‍ എസ് എച്ച് ഓ പി കെ ജിജീഷ്,എസ് ഐ ബിനു മോഹന്‍,സീനിയര്‍ സിപിഓ എം പി ശ്രീകാന്ത്,കെ കെ ബിജു എന്നിവര്‍ക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ക്രമസമാധാന ചുമതലയില്ലാത്ത അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല. അറുപതു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണം എന്നാണ് നിർദേശം.
എ.ഡി.ജി.പി അജിത്കുമാറിന് മാമി വധക്കേസിൽ പങ്കുണ്ടെന്ന ആരോപണവുമായി പി.വി. അൻവർ എം.എൽ.എ രംഗത്തുവരികയും വിഷയം വിവാദമാവുകയും ചെയ്തതിനെ തുടർന്നാണ് അന്വേഷണത്തിനാഴി പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിട്ടത്.
2023 ആഗസ്റ്റ് 21നാണ് നഗരത്തിലെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മുഹമ്മദ് ആട്ടൂരിനെ കാണാതായത്. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ആയി. 22ന് തലക്കുളത്തൂരിൽ ഫോൺ ഓണായി ഭാര്യയെയും സുഹൃത്തിനെയും വിളിച്ചുവെങ്കിലും പിന്നീട് വീണ്ടും ഓഫായി. മാമിയെ കാണാനില്ലെന്ന് അന്നാണ് ബന്ധുക്കൾ നടക്കാവ് പൊലീസിൽ പരാതി കൊടുത്തത്. സിറ്റി പൊലീസ് കമീഷണർ ആയിരുന്ന രാജ്പാൽ മീണയുടെ നേതൃത്വത്തിൽ രണ്ടുമാസം പൊലീസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.









