തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതുക്കിയ ഉച്ചഭക്ഷണ മെനു ഓഗസ്റ്റ് ഒന്ന് മുതൽ നിലവിൽ വരും. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് സ്കൂളിൽ നിന്നും ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. ശരിയായ പോഷണത്തിന്റെ കുറവുമൂലം കൂട്ടികളിൽ 39 ശതമാനം വിളർച്ചയും 38 ശതമാനം അമിത വണ്ണവും കാണുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനുവിൽ മാറ്റം വരുത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഇതിന് സർക്കാർ അംഗീകാരവും നേരത്തെ ലഭിച്ചിരുന്നു.
കഞ്ഞിയും പയറും കിട്ടിയിരുന്നടുത്ത് നിന്ന് നേരത്തെ ചോർ, സാമ്പാർ പോലെയുള്ള ഉച്ചഭക്ഷണത്തിലേക്ക് മാറിയ ശേഷം ഇപ്പോഴിത പുതിയ ഉച്ചഭക്ഷണ മെനു കൂടുതൽ റിച്ചായി മാറിയിരിക്കുകയാണ്. വെജിറ്റബിൾ ബിരിയാണിയും ഫ്രൈഡ് റൈസും തക്കാളി ചോർ വരെയാണ് പുതിയ മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആഴ്ചയില്‍ ഒരുദിവസം വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഉണ്ടാക്കണമെന്നാണ് നിര്‍ദേശം. ഒപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേര്‍ത്ത ചമ്മന്തിയും വേണം.
മറ്റു ദിവസങ്ങളിൽ റാഗിയോ ഏതെങ്കിലും ചെറുധാന്യങ്ങളോ ഉപയോഗിച്ച് പായസവും മറ്റ് വിഭവങ്ങളും ഉണ്ടാക്കാം. പരിഷ്കരിച്ച മെനു സ്കൂൾ നോട്ടീസ് ബോർഡിലും ഓഫീസ് മുറിയുടെയും പാചകപ്പുരയുടെയും പുറംചുമരിലും വ്യക്തമായി പ്രദർശിപ്പിക്കണം. മാസത്തിൽ ഒന്നോ രണ്ടോ ദിവസം മൈക്രോ ഗ്രീൻസ് ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ശർക്കരയുടെ അളവ് ഗണ്യമായി കുറയ്ക്കുകയും പഞ്ചസാര നാമമാത്രമായി ഉൾപ്പെടുത്തിയുമാണ് വിഭവങ്ങൾ തയ്യാറാക്കേണ്ടത്.
പരിഷ്കരിച്ച ഉച്ചഭക്ഷണ മെനുവിൽ കുട്ടികളിൽ നിന്നും അഭിപ്രായം തേടാനും പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി എല്ലാ സ്കൂളുകളിലും പ്രത്യേക രജിസ്റ്റർ സജ്ജമാക്കും. ഈ രജിസ്റ്ററിൽ അഭിപ്രായം രേഖപ്പെടുത്താം. സ്‌കൂളിലെ പോഷകത്തോട്ടത്തിൽ വിളയിച്ച പപ്പായ, മുരിങ്ങയില, മത്തൻ, കുമ്പളങ്ങ, പയറുവർഗങ്ങൾ, പച്ചക്കായ, വാഴത്തട, വാഴക്കൂമ്പ്, ചക്ക തുടങ്ങിയ നാടനും പ്രാദേശികവുമായ പച്ചക്കറികൾ മെനുവിൽ ഉൾപ്പെടുത്തണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസ് സർക്കുലറിൽ വ്യക്തമാക്കുന്നു.
അതേസമയം, 500 കുട്ടികള്‍ വരെയുള്ള വിദ്യാലയങ്ങളില്‍ ഒരു പാചകത്തൊഴിലാളിക്കുള്ള വേതനമേ സര്‍ക്കാര്‍ നല്‍കൂ. ചോറും രണ്ട് വിഭവങ്ങളും തയ്യാറാക്കുന്നതും പാലും മുട്ടയും ഒരുക്കുന്നതുമെല്ലാം ഒരാള്‍തന്നെ. കുട്ടികള്‍ 250-ല്‍ കൂടുതലാണെങ്കില്‍ ഒരാള്‍ക്ക് തനിച്ച് ഇവ ചെയ്യാനാകില്ല. ലഭിക്കുന്ന തുച്ഛമായ കൂലിയില്‍നിന്ന് പകുതി നല്‍കി മറ്റൊരു തൊഴിലാളിയെക്കൂടി കൂട്ടിയാണ് ഇവര്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നത്.